വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് ധനസഹായം നൽകില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. കേരളത്തിലെ എംപിമാർ ഒപ്പിട്ടു നൽകിയ നിവേദത്തിലാണ് അമിത് ഷായുടെ മറുപടി. 2219 കോടിയുടെ പാക്കേജ് കേരളം ആവശ്യപ്പെട്ടത് ഏറെ വൈകിയാണെന്ന വിചിത്രവാദം ഉയര്‍ത്തിയാണ് അമിത് ഷായുടെ മറുപടി. ദുരന്തം നടന്ന സമയത്ത് കേന്ദ്രം സഹായം നൽകി കഴിഞ്ഞെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ദുരന്തം ഉണ്ടായതിന് പിന്നാലെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേരളം 2219 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടത് വൈകിയെന്ന് മൂന്നു പേജുളള മറുപടിയില്‍ കുറ്റപ്പെടുത്തുന്നു. മൂന്നര മാസം വൈകിയാണ് കേരളം അധിക ധനസഹായം ആവശ്യപ്പെട്ടത്. മാത്രമല്ല, പുനര്‍ നിര്‍മ്മാണത്തിനുളള പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും കേന്ദ്രം സഹായം നല്‍കി കഴിഞ്ഞതായും അമിത് ഷാ ചൂണ്ടിക്കാട്ടുന്നു.
ALSO READ; തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉത്തർപ്രദേശിലെ കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചുവിട്ടു
എസ്ഡിആര്‍എഫ് ഫണ്ടിലൂടെ നല്‍കിയ കേന്ദ്രവിഹിതവും കണക്കുകള്‍ നിരത്തി അമിത്ഷാ ആവര്‍ത്തിക്കുന്നു. ദുരന്തസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ കേന്ദ്രസേന, വ്യോമസേന അടക്കമുളളവരുടെ സഹായവും ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ ധനസഹായം നല്‍കാതിരിക്കാനുളള കാരണം അക്കമിട്ട് നിരത്തുന്നത്. വയനാട്ടില്‍ കേന്ദ്രസമിതി നടത്തിയ വിലയിരുത്തല്‍ റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണെന്നും അമിത് ഷാ അറിയിച്ചു.
ചെറിയ ദുരന്തങ്ങള്‍ ഉണ്ടായ മണിപ്പൂര്‍, ത്രിപുര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ യഥാക്രമം 600 കോടിയും 50 കോടിയും 25 കോടി ദിവസങ്ങള്‍ക്കുളളില്‍ അനുവദിച്ചപ്പോഴാണ് കേരളത്തോടുളള അവഗണന തുടരുന്നത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കരുതെന്ന് വയനാട് എംപി പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. വയനാട് ജനതയുടെ ജീവിതം അന്തസ്സോടെ പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് അടിയന്തര സഹായം വേണമെന്നും പ്രിയങ്കാഗാന്ധി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ഇടത്-വലത് എംപിമാര്‍ ഒപ്പിട്ട നിവേദനം കേന്ദ്രആഭ്യന്തരമന്ത്രിക്ക് നല്‍കിയത്. രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായിയും കേന്ദ്രസഹായം നല്‍കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
അതേ സമയം, വയനാട് ദുരന്തം ഉണ്ടായത് മുതൽ ഇന്നുവരെ കേന്ദ്രം ഇടക്കാല ദുരിതാശ്വാസം എന്തെങ്കിലും നൽകിയിട്ടുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. വയനാടിനായി എത്ര ഫണ്ട് നൽകിയിട്ടുണ്ടെന്നും ഇനി എത്ര നൽകുമെന്നും കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി ചോദിച്ചു. പുനരധിവാസത്തിന് ഇനി എത്ര തുക സംസ്ഥാനത്തിന് ആവശ്യമുണ്ടെന്നും കോടതി ആരാഞ്ഞു. വിശദമായ കാര്യങ്ങൾ അറിയിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കോടതി നിർദേശം നൽകി. ഫിനാൻസ് ഓഫീസർ നാളെ കോടതിയിൽ നേരിട്ട് ഹാജരായി കൃത്യമായ കണക്ക് നൽകണമെന്നും കോടതി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here