കേരളത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടതായി കേന്ദ്രം. വന്യജീവി ആക്രമണം സംബന്ധിച്ച് അടൂര്‍ പ്രകാശ് എം.പി ഉന്നയിച്ച ചോദ്യത്തിന് വനം-പരിസ്ഥിതി വകുപ്പ് സഹമന്ത്രി കീര്‍ത്തി വര്‍ധനന്‍ സിംഗ് ലോക്‌സഭയില്‍ മറുപടി നല്‍കുകയായിരുന്നു.
എന്നാല്‍ ആനയും കടുവയും ഒഴികെയുള്ള വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് വ്യക്തമാക്കിയിട്ടില്ല.
വന്യജീവി ആക്രമണത്തില്‍ മരണം സംഭവിച്ചാല്‍ നല്‍കുന്ന സഹായധനം 10 ലക്ഷം ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഇതില്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നതെന്നും മറുപടിയില്‍ വ്യക്തമാക്കി.
ആളുകള്‍ മരണപ്പെട്ട എല്ലാ കേസിലും സംസ്ഥാന സര്‍ക്കാരുകള്‍ നഷ്ടപരിഹാരം നല്‍കിയോ എന്ന വിവരം കേന്ദ്രസര്‍ക്കാരിന്റെ പക്കലില്ല. നഷ്ടപരിഹാരത്തിനുള്ള കേന്ദ്ര വിഹിതം പ്രത്യേകമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നില്ല. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട സ്‌കീമുകളില്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ടില്‍ നിന്നാണ് തുക നല്‍കുന്നതെന്നും മറുപടിയില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here