റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് അഭയാർത്ഥി പദവി നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ. അഭയാർത്ഥി പദവി നൽകുന്നത് പാർലമെന്റിന്റെയും സർക്കാരിന്റെയും നയപരമായ വിഷയമാണെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് അഭയാർത്ഥി പദവി നൽകാൻ ഉത്തരവിടരുതെന്നും കേന്ദ്രം കോടതിയിൽ ആവശ്യപ്പെട്ടു. ഇന്ത്യയിൽ അനധികൃതമായി എത്തിയെന്ന് ചൂണ്ടികാട്ടി കസ്റ്റഡിയിലെടുക്കപ്പെട്ട റോഹിംഗ്യൻ മുസ്ലിങ്ങളെ വിട്ടയക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയിലേക്ക് അനധികൃതമായി എത്തുന്ന റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് അഭയാർത്ഥി പദവി നൽകാനാകില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. അനധികൃതമായി എത്തുന്നവർക്കെതിരെ നിയമപരമായ നടപടികൾ തുടരുമെന്നും കേന്ദ്രസർക്കാർ പറഞ്ഞു. ശ്രീലങ്ക, ടിബറ്റ് എന്നീ രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് അഭയാർത്ഥി പദവി നൽകുന്നതുപോലെ റോഹിംഗ്യൻ മുസ്ലിങ്ങൾക്കും പദവി നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അഭയാർത്ഥി പദവി നൽകുന്നത് നയപരമായ വിഷയമാണെന്നും അതിൽ കോടതി ഇടപെടരുതെന്നുമാണ് കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്.
റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് അഭയാർത്ഥി പദവി നൽകാൻ ഉത്തരവിടരുതെന്നും കേന്ദ്രം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. റോഹിംഗ്യൻ മുസ്ലിങ്ങൾ, പൗരത്വം ലഭിക്കുന്നതിന് വ്യാജ തിരിച്ചറിയൽ കാർഡുകളും രേഖകളും കരസ്ഥമാക്കാൻ ശ്രമിക്കുകയാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. യു എൻ എച്ച് സി ആറിൽ നിന്നും ചില റോഹിംഗ്യൻ മുസ്ലിങ്ങൾ അഭയാർത്ഥി കാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യ യുഎൻഎച്ച്സിആർ നൽകുന്ന കാർഡ് അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here