ദേശീയപാത വികസനത്തിനായി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിച്ച ഫണ്ടും ഭൂമി ഏറ്റെടുക്കലും സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാതെ കേന്ദ്രസര്‍ക്കാര്‍. ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ നിന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ഒഴിഞ്ഞുമാറിയത്. പുതിയ ദേശീയപാതാ വികസന പദ്ധതികള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ ചെലവിന്റെ 25% വഹിക്കുന്നതില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമഗ്രികളുടെയും സംസ്ഥാന ജിഎസ്ടിയുടെയും റോയല്‍റ്റി ഒഴിവാക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
അതേസമയം, കേരളത്തില്‍ അംഗന്‍വാടി ജീവനക്കാരുടെയും ഹെല്‍പര്‍മാരുടെയും ഓണറേറിയത്തില്‍ തുച്ഛമായ വിഹിതമാണ് കേന്ദ്രം നല്‍കുന്നതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. അംഗന്‍വാടി ജീവനക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് രാജ്യസഭയില്‍ ഉയര്‍ത്തിയ ചോദ്യത്തിനുള്ള കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയയത്തിന്റെ മറുപടിയിലെ കണക്കുകള്‍ നിരത്തിയാണ് എംപിയുടെ വിശദീകരണം. അംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയം 4,500 രൂപയും ഹെല്‍പ്പര്‍മാരുടെ ഓണറേറിയം 2,250 രൂപയുമാണ്. എന്നാല്‍ ഇതിന്റെ 60 ശതമാനം തുകയായ 2,700 രൂപയും 1,350 രൂപയും മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്.
ഈ തുച്ഛമായ വിഹിതം കേന്ദ്രം നൽകുമ്പോളാണ് കേരളത്തിലെ സര്‍ക്കാര്‍ അംഗന്‍വാടി ജീവനക്കാര്‍ക്ക് 13,000 രൂപയും ഹെല്‍പര്‍മാര്‍ക്ക് 9,000 രൂപയുമായി ഓണറേറിയം ഉയര്‍ത്തിയതെന്നും എംപി വ്യക്തമാക്കി. അതേ സമയം അംഗന്‍വാടി ജീവനക്കാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരപ്പെടുത്തണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ഇപ്പോഴും പരിശോധനയിലാണെന്ന് മന്ത്രാല മറുപടിയില്‍ തുറന്നുസമ്മതിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here