ജമ്മു കശ്മീരിന് സംസ്ഥാനപദവി തിരിച്ചു നല്‍കുമെന്നും എന്നാല്‍ സമയക്രമം പറയാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജമ്മു കശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പിന് തയാറെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കുമെന്നും കേന്ദ്ര ഭരണ പ്രദേശമെന്നത് താല്‍ക്കാലിക പദവി മാത്രമാണെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി. ജമ്മു കശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പിന് തയാറെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിയെ അറിയിച്ചു. വോട്ടര്‍ പട്ടിക പുതുക്കല്‍ ഏറെക്കുറെ പൂര്‍ത്തിയായതായും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അവശേഷിക്കുന്ന നടപടിക്രമങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടു പോകുകയാണെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ ആദ്യം നടത്തുക പഞ്ചായത്ത് തിരഞ്ഞെടുപ്പാണെന്നും കോടതിയെ അറിയിച്ചു.
Also Read: തൃശൂർ കൊലപാതകം: നാലുപേർ പൊലീസ് പിടിയിൽ
പ്രത്യേകപദവി എടുത്ത് കളഞ്ഞ് ജമ്മു ക്ശമിരീനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതിന് ശേഷം ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ 45. 2 ശതമാനത്തോളമായി കുറഞ്ഞു. ക്രമസമാധാന പ്രശ്നങ്ങളില്‍ 92 ശതമാനവും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണങ്ങളില്‍ 69 ശതമാനവും കുറവുവന്നു. താഴ്വരയുടെ സാമ്പത്തിക സ്ഥിരത മെച്ചപ്പെട്ടു. വിനോദ സഞ്ചാരത്തിലും ഗുണമുണ്ടായി. കേന്ദ്രഭരണപ്രദേശമായി തുടര്‍ന്നാല്‍ മാത്രമേ സമാധാനം തുടരാനാവൂ എന്നും സോളിസിറ്റര്‍ ജനറല്‍ ഭരണഘടനാ ബെഞ്ചിനെ അറിയിച്ചു.എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങളെ സമ്പൂര്‍ണ്ണമായി തള്ളിയാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ എതിര്‍വാദം ഉന്നയിച്ചത്. ജനവിരുദ്ധ നടപടികള്‍ കൈക്കൊണ്ട സാഹചര്യത്തിലാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദംകേള്‍ക്കുന്നത്.
Also Read: പാലക്കാട് കുളത്തില്‍ മുങ്ങി മരിച്ച മൂന്ന് സഹോദരിമാരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here