വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ദുരന്തനിവാരണ മാര്‍ഗ്ഗരേഖ കൊണ്ടുവരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. നിലവില്‍ വന്‍കിട പദ്ധതികള്‍ക്ക് മാത്രമാണ്
ദുരന്തനിവാരണ മാര്‍ഗരേഖ നിര്‍ബന്ധമുള്ളത്.
ഇത് പരിഷ്‌കരിച്ച് നഗര വികസനത്തിനും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും കേന്ദ്ര വാണിജ്യ-അന്താരാഷ്ട്ര വ്യാപാര വികസന വകുപ്പ് ഡയറക്ടര്‍ എസ് സി കരോള്‍ പറഞ്ഞു.
പ്രധാനമന്ത്രി ഗതിശക്തി പദ്ധതികളുടെ അവലോകനയോഗത്തിനുശേഷമാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. വിഴിഞ്ഞം പദ്ധതിയുടെ ഗുണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാന്‍ പദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. നിലമ്പൂർ കുമ്പളപ്പാറ ഭാഗത്ത് നിന്നും മൂന്ന് ശരീരഭാഗങ്ങൾ കൂടി ഇന്നലെ കണ്ടെത്തിയിട്ടുണ്ട്.നിലമ്പൂര്‍ -വയനാട് അതിർത്തി വന മേഖലകൾ കേന്ദ്രീകരിച്ചാണ് ഇന്നും കൂടുതൽ തിരച്ചിൽ നടക്കുക.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ ചൊവ്വാഴ്ച നിലമ്പൂർ കുമ്പളപ്പാറ ഭാഗത്ത് നിന്നും മൂന്ന് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയിരുന്നു. ഇത് മനുഷ്യരുടെതാണോ എന്ന് സ്ഥിരീകരണമില്ല. ആശുപത്രിയിലെത്തിച്ച ശരീരഭാഗങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും. നിലമ്പൂര്‍ -വയനാട് മേഖലകളില്‍ ചൊവ്വാഴ്ചയും തെരച്ചിൽ ഊര്‍ജ്ജിതമായിരുന്നു.
എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ്, പോലീസ്, വനം വകുപ്പ് സേനാ വിഭാഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും തെരച്ചിലില്‍ വ്യാപൃതരായിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിൽ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് ഇതിവരെ കണ്ടെത്തിയത്.
Also Read : റീ ബിൽഡ് വയനാട് പദ്ധതി; ഡിവൈഎഫ്ഐ മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച പത്തുലക്ഷം കൈമാറി
മേപ്പാടിയില്‍ നിന്നും 151 മൃതദേഹങ്ങളും നിലമ്പൂരില്‍ നിന്നും 80 മൃത ദേഹങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയില്‍ നിന്ന് 39 ശരീരഭാഗങ്ങളും നിലമ്പൂരില്‍ നിന്ന് 167 ശരീഭാഗങ്ങളും കണ്ടെത്തിയിരുന്നു.
മുണ്ടക്കൈ – ചൂരല്‍മല ദുരന്ത പ്രദേശങ്ങളില്‍ 260 സന്നദ്ധ പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച സേനാ വിഭാഗങ്ങള്‍ക്കൊപ്പം തെരച്ചിലില്‍ അണിനിരന്നത്.
ചൂരല്‍മല പാലത്തിന് താഴ് ഭാഗത്തായി വനത്തിലൂടെ ഒഴുകുന്ന പുഴയുടെ തീരങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു.
മലപ്പുറം ജില്ലയിലെ ചാലിയാറില്‍ ചൊവ്വാഴ്ചയും വിശദമായ തെരച്ചില്‍ തുടര്‍ന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here