സുതാര്യത തകർത്ത് വർഗീയ അജണ്ടകളിലേക്ക് വിദ്യാഭ്യാസ മേഖലയെ നയിക്കുകയാണ് കേന്ദ്രസർക്കാരെന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ദിപ്‌ഷിത ധർ. എസ്‌എഫ്‌ഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.നീറ്റ്, നെറ്റ് പരീക്ഷകളുൾപ്പെടെ അട്ടിമറിക്കുന്ന നിലയിലേക്ക് അത് എത്തിയെന്നും ദിപ്‌ഷിത പറഞ്ഞു.
Also read:മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഒരേ സ്ഥലത്ത് നിന്ന് രണ്ട് പെരുപാമ്പുകളെ പിടികൂടി
പ്രവേശന പരീക്ഷകൾ പോലും അഴിമതിയിൽ മുങ്ങി. മതനിരപേക്ഷതയും ജനാധിപത്യവും അക്രമിക്കപ്പെടുകയാണ്. ഹിന്ദുത്വരാജ്യമെന്ന ലക്ഷ്യത്തിനായി വിദ്യാഭ്യാസ മേഖലയെയുൾപ്പെടെ വർഗീയവത്കരിക്കുന്നു. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ അഴിമതിയും വർഗീയവൽക്കരണവുമാണ് ലക്ഷ്യമിടുന്നത്. ഭരണഘടന മൂല്യങ്ങൾ തകർത്തും രാജ്യചരിത്രം തിരുത്തിയും സിലബസുകളെ കാവിവൽക്കരിക്കുന്ന നയങ്ങൾ ഒന്നൊന്നായി അവതരിപ്പിക്കപ്പെടുകയാണെന്നും ദിപ്‌ഷിത പറഞ്ഞു.
എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജിഷ്‌ണു ഷാജി പ്രവർത്തന റിപ്പോർട്ടും കേന്ദ്ര കമ്മിറ്റിയംഗം ഇ അഫ്‌സൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിൻമേൽ ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു. 227 പ്രതിനിധികളും 30 ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കെ അനുശ്രി, സെക്രട്ടറി പി എം ആർഷൊ, കേന്ദ്ര കമ്മിറ്റിയംഗം സെറീന സലാം എന്നിവർ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here