തുടര്‍ച്ചയായി വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുകയും വൈകുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിസ്താരയോട് വിശദീകരണം തേടി കേന്ദ്രവ്യോമയാന മന്ത്രാലയം. കഴിഞ്ഞയാഴ്ച മാത്രം 100ലധികം സര്‍വ്വീസുകളാണ് വിസ്താര റദ്ദാക്കുകയോ വൈകുകയോ ചെയ്തത്.
മുംബൈ, ദില്ലി, ബംഗളൂരു ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലടക്കം സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു. ഇന്ന് രാവിലെ മാത്രം വിസ്താര റദ്ദാക്കിയത് 38 സര്‍വ്വീസുകളാണ്. കഴിഞ്ഞ ദിവസം 50 സര്‍വ്വീസുകള്‍ റദ്ദാക്കുകയും 160 വിമാനങ്ങള്‍ വൈകുകയും ചെയ്തിരുന്നു. ആവശ്യമായ പൈലറ്റുമാര്‍ ഇല്ലെന്നാണ് വിസ്താര നല്‍കുന്ന വിശദീകരണം.
തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനമത്താവളങ്ങളില്‍ മണിക്കൂറോളം കുടുങ്ങിയത്. പ്രതിഷേധം വ്യാപകമായതോടെയാണ് കേന്ദ്രവ്യോമയാന മന്ത്രാലയം റിപ്പോര്‍ട്ട് തേടിയത്.
പുതുക്കിയ ശമ്പള ഘടനയാണ് വിസ്താരയില്‍ പൈലറ്റുമാര്‍ ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. താത്കാലികമായി വിമാന സര്‍വീസുകളുടെ എണ്ണം കുറയ്ക്കുകയാണെന്നും വിസ്താര അറിയിച്ചു.
‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞങ്ങളുടെ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്തു. വിമാന ജീവനക്കാരുടെ അഭാവം ഉള്‍പ്പെടെ ഞങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാലാണ് ഇത് സംഭവിച്ചത്. ഇതുകാരണം ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യം ഞങ്ങള്‍ മനസിലാക്കുന്നു. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനായി ഞങ്ങളുടെ സംഘം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.’ -വിസ്താരയുടെ വക്താവ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here