കോട്ടയം: 500ലധികം മനുഷ്യജീവൻ നഷ്ടപ്പെടുകയും ഒരു പ്രദേശമാകെ ഇല്ലാതാവുകയും ചെയ്ത വയനാട്ടിലെ പ്രകൃതിദുരന്തത്തെ അതിജീവിക്കുന്നതിന് സാമ്പത്തിക സഹായം അനുവദിക്കാൻ കഴിയുകയില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് കേരളത്തോടുള്ള കേന്ദ്രസർക്കാരിൻ്റെ രാഷ്ട്രീയ പകപോക്കലും തികഞ്ഞ പ്രാദേശിക വിവേചനവുമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചത്.ഉത്തരാഖണ്ഡിലും ആസാമിലും പ്രകൃതിക്ഷോഭം ഉണ്ടായപ്പോൾ കേന്ദ്രബഡ്ജറ്റിലൂടെ പ്രഖ്യാപിച്ച് പ്രത്യേക സഹായധനമാണ് കേന്ദ്രസർക്കാർ നൽകിയത് .കേന്ദ്രസർക്കാർ വയനാട് ദുരന്തബാധിതരോടും കേരളത്തോടും കാണിക്കുന്നത് മനുഷ്യത്വരഹിതമായ രാഷ്ട്രീയ വൈരാഗ്യമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.
ബീഹാറിന് 25000 കോടിയും ആന്ധ്രപ്രദേശിന് 10000 കോടി രൂപയും യാതൊരു മാനദണ്ഡവും നോക്കാതെ വാരിക്കോരി കൊടുത്ത കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുന്നത് നീതിയല്ല.സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്ഡിആർഎഫ്) നിന്നുള്ള കേന്ദ്ര വിഹിതം മാത്രം ഉപയോഗിച്ച് ദുരന്തബാധിതരെ സഹായിക്കാനാവില്ലെന്ന് വയനാട് സന്ദർശിച്ച പ്രധാനമന്ത്രിക്കും ദുരന്തമുഖത്ത് രണ്ടു വട്ടമെത്തിയ കേന്ദ്ര സംഘത്തിനും വ്യക്തമായിട്ടറിയാം.എന്നിട്ടും വയനാട് ദുരന്തബാധിതരോട് ഈ നിഷേധാത്മകമായ നിലപാട് തുടരുന്നത് ദുരന്തബാധിതരോടും കേരളത്തോടും കാണിക്കുന്ന മനുഷ്യത്വരഹിതമായ രാഷ്ട്രീയ വൈരാഗ്യമാണെന്നും ജോസ് കെ മാണി പരഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here