2019നെ അപേക്ഷിച്ച് പോളിംഗ് കുറഞ്ഞെങ്കിലും ഇക്കുറി താരതമ്യേന മെച്ചപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലമാണ് ചാലക്കുടി. പോളിംഗ് ശതമാന കണക്കുമായി ജയ പരാജയങ്ങള്‍ക്ക് ബന്ധമില്ല എന്നാണ് മുന്നണികളുടെ വിലയിരുത്തല്‍. എന്നാല്‍ ട്വന്റി ട്വന്റിയുടെ സാന്നിധ്യം സൃഷ്ടിച്ചേക്കാവുന്ന അടിയൊഴുക്കുകളില്‍ യുഡിഎഫിന് ആശങ്കയുണ്ട്.
കടുത്ത മത്സരം നടന്ന ചാലക്കുടിയില്‍ 71.94 ആണ് അന്തിമ പോളിംഗ് ശതമാന കണക്ക്. 2019 ല്‍ 80.45 % വോട്ടറന്മാരായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. ഇക്കുറി എട്ടര ശതമാനത്തിന്റെ കുറവ്. കയ്പമംഗലം , പെരുമ്പാവൂര്‍ , കുന്നത്തുനാട് നിയമസഭാ മണ്ഡലങ്ങളിലാണ് താരതമ്യേന ഉയര്‍ന്ന പോളിങ്. അതില്‍ 79 % ത്തോട് അടുത്ത കുന്നത്തുനാട് സംസ്ഥാന ശരാശരിയെക്കാള്‍ ഉയര്‍ന്ന പോളിങ്ങ് രേഖപ്പെടുത്തി. ട്വന്റി ട്വന്റിയുടെ സാന്നിധ്യം മത്സര രംഗത്തുണ്ടായ വാശി പോളിങ്ങിലും പ്രകടമായി എന്ന് വ്യക്തം. ട്വന്റി ട്വന്റി വഴി ചോര്‍ന്നത് ഏറെയും പരമ്പരാഗത യുഡിഎഫ് വോട്ടുകളാണ് എന്നതിനാല്‍ യുഡിഎഫിനെയാകും ഇത് ബാധിക്കുക.
ആലുവ അങ്കമാലി മണ്ഡലങ്ങളിലെ പോളിംഗ് കുറഞ്ഞതും യുഡിഎഫിന് ആശങ്ക സൃഷ്ടിക്കാവുന്ന ഘടകങ്ങളാണ്. സ്ഥാനാര്‍ത്ഥിയുടെ മികവ് പരമ്പരാഗത വോട്ടുകള്‍ക്കപ്പും കടന്നു ചെല്ലാന്‍ സഹായിച്ചിട്ടുണ്ട് എന്നതാണ് ഇടത് മുന്നണിയുടെ വിലയിരുത്തല്‍. 2014ല്‍ ഇന്നസെന്റിന് ലഭിച്ചത് പോലുള്ള ഒരു സ്വീകാര്യത നേടാന്‍ പ്രൊഫ. രവീന്ദ്രനാഥിനായി. പരമ്പരാഗത ഇടത് ശക്തികേന്ദ്രങ്ങളില്‍ മെച്ചപ്പെട്ട പോളിംഗ് ഉണ്ടായി എന്നും എല്‍ഡിഎഫ് വിലയിരുത്തുന്നു.
എന്നാല്‍ മണ്ഡലം കൈവിട്ടു പോകും എന്ന ആശങ്ക യുഡിഎഫ് ക്യാമ്പിനില്ല. കുറഞ്ഞ ഭൂരിപക്ഷത്തിനാണെങ്കിലും മണ്ഡലം നിലനിര്‍ത്താന്‍ ആവുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ ബെന്നി ബഹനാന്‍ നേടിയ ഒരു ലക്ഷത്തി മുപ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാന്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് ആവില്ലന്നാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. എന്നാല്‍ മരവിച്ച വോട്ടുകള്‍ ആരുടേതെന്ന് വ്യക്തമായാല്‍ മാത്രമേ അവകാശവാദങ്ങള്‍ വസ്തുതാപരമാണോ എന്ന് തിരിച്ചറിയാനാകൂ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here