ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപൈ സോറൻ ഉടൻ സത്യപ്രതിജ്ഞ ചെയ്തേക്കും. സത്യപ്രതിജ്ഞക്കായി ഗവർണർ ഇതുവരെ സമയം അനുവദിച്ചിട്ടില്ല. കള്ളപ്പണ വെളുപ്പിക്കൽ കേസിൽ ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചംപൈ സോറനെ മുഖ്യമന്ത്രിയാക്കാൻ ജാർഖണ്ഡ് മുക്തി മോർച്ച തീരുമാനിച്ചത്. അതേ സമയം അറസ്റ്റിനെതിരെ ഹേമന്ത് സോറൻ സുപ്രീം കോടതിയെ സമീപിച്ചു.
ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ചംപൈ സോറന് ഗവർണർ സമയം അനുവദിക്കാൻ വൈകുന്നതിനെ തുടർന്ന് ജാർഖണ്ഡിൽ ഭരണ പ്രതിസന്ധിക്ക് സാധ്യത. ചംപൈ സോറനെ മുഖ്യമന്ത്രിയാക്കി നിർദ്ദേശിച്ച് ഇന്നലെ എംഎൽഎമാർ കത്ത് നൽകിയെങ്കിലും സത്യപ്രതിജ്ഞക്ക് സമയം നൽകാതെ പേപ്പർ പരിശോധിക്കട്ടെ എന്ന് മാത്രമാണ് ഗവർണർ മറുപടി നൽകിയിട്ടുള്ളത്. 47 എംഎൽഎമാരുടെ പിന്തുണ മഹാസഖ്യം അവകാശപ്പെടുന്നുണ്ടെങ്കിലും 43 പേർ മാത്രമാണ് ഇന്നലെ രാജ് ഭവനിൽ എത്തിയത്. 81 അംഗ നിയമസഭയിൽ മഹാസഖ്യത്തിന് 47 സീറ്റും ബിജെപി നയിക്കുന്ന പ്രതിപക്ഷത്തിന് 32 സീറ്റമാണ് ഉള്ളത്. കേവലഭൂരിപക്ഷത്തിന് 9 സീറ്റ് മതിയെന്നിരിക്കെ ജെ എം എം എംഎൽഎമാരെ ബിജെപി പിളർത്തുമോ എന്ന ഭയം മഹാസഖ്യത്തിനുണ്ട്.
Also Read: ‘ഗ്യാൻവാപി വിധി വന്നത് ബാബരി വിധിയുടെ ഞെട്ടലിൽ നിന്നും കരകയറുന്നതിനു മുൻപ്’: കെ എൻ എം
ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്യുകയാണെങ്കിൽ കല്പന സോറനെ മുഖ്യമന്ത്രിയാക്കാനാണ് ആദ്യം തീരുമാനമായത്. എന്നാൽ ജെഎംഎമ്മിൽ ചില പൊട്ടിത്തെറികൾ ഉണ്ടാകുമോ എന്ന് ഭയന്നാണ് ചംപൈ സോറനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. 7 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. സോറന് എതിരായ നടപടി രാഷ്ട്രീയ പ്രേരിതം എന്നാണ് ജെഎംഎം ആരോപണം. അതേ സമയം അറസ്റ്റിനെതിരെ ഹേമന്ത് സോറൻ നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here