ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ഇന്ത്യൻ ടീം തെരഞ്ഞെടുപ്പിൽ വിവാദങ്ങൾ തീരുന്നില്ല. ടീം തെരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ ഗൗതം ഗംഭീറും രണ്ട് തട്ടിലാണെന്നുമാണ് പുകയുന്ന വിവാദം. മലയാളി താരം സഞ്ജു വി സാംസണ് ടീമിലിടം കിട്ടാത്തതിന്‍റെ വിവാദവും തുടരുകയാണ്. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്.
സ്ക്വാഡിനെ പ്രഖ്യാപിക്കാൻ മുഖ്യ സെലക്ടർ അജിത് അഗാർക്കറും ക്യാപ്റ്റൻ രോഹിത് ശർമയും പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ ഗൗതം ഗംഭീർ പങ്കെടുത്തിരുന്നില്ല. താരങ്ങളുടെ തെരഞ്ഞെടുപ്പിൽ കോച്ചും ക്യാപ്റ്റനും രണ്ട് തട്ടിലെന്ന വിവാദവും ഉയർന്നു.
ALSO READ; നയിക്കാൻ സച്ചിൻ ബേബി; രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ ഇറങ്ങുന്ന കേരള ടീമിൽ ഇവർ
ഇതിനിടെ സ്ക്വാഡിനെതിരെ പല മുൻ ഇന്ത്യൻ താരങ്ങളും രംഗത്തെത്തി. ടി – 20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്താത്തതിൽ സുരേഷ് റെയ്ന പ്രതികരിച്ചു. ഇന്ത്യയുടെ എക്സ് ഫാക്ടറാണ് സൂര്യയെന്നാണ് റെയ്ന പറഞ്ഞത്. കേരള ക്രിക്കറ്റിൽ പുകയുന്നത് സഞ്ജു വി സാംസന്‍റെ പുറത്താകലാണ്. കേരള ക്രിക്കറ്റ് അസോസിയേഷനും സഞ്ജുവും തമ്മിലുള്ള പ്രശ്നമാണ് ടീമിലിടം കിട്ടാത്തതിന് പിന്നിലെന്ന വിവാദവും പിറന്നു.
വിജയ് ഹസാരെ ട്രോഫിക്കുള്ള പരിശീലന ക്യാമ്പിൽ നിന്ന് സഞ്ജു കാരണം പറയാതെ വിട്ടു നിന്നുവെന്നാണ് കെസിഎയുടെ ആരോപണം. ഋഷഭ് പന്തും കഎൽ രാഹുലുമാണ് സഞ്ജുവിന് പകരം വിക്കറ്റ് കീപ്പർമാരായി ഇടം നേടിയത്. ഋഷഭ് പന്തിനേക്കാൾ മികച്ച ബാറ്റർ സഞ്ജുവാണെങ്കിലും ഗെയിം ചെയ്ഞ്ചർ പന്താണെന്നാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറഞ്ഞത്.
അതേസമയം, സഞ്ജു സാംസണിന് ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കാതിരുന്നത് കെസിഎ ഒഫീഷ്യൽസിന്റെ ഈഗോ കാരണമല്ലെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്. നിലവിൽ പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു. വിജയ് ഹസാരെ ടൂർണമെന്റിൽ സഞ്ജുവിനെ കളിപ്പിക്കാതിരുന്നത് വ്യക്തമായ കാരണം ഉണ്ടെന്നും സഞ്ജുവിനെതിരെ ഡിസിപ്ലിനറി ആക്ഷൻ നിലനിൽക്കുന്നില്ല എന്നാണ് ബിസിഐക്ക് കെസിഎ നൽകിയ റിപ്പോർട്ട്, അതിനാലാണ് സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫിക്കായുള്ള സിലക്ഷൻ ടോക്കിൽ ഉൾപ്പെടുത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here