സര്‍വകലാശാല നിയമങ്ങളെ ചാന്‍സലര്‍ വെല്ലുവിളിക്കരുത്; തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളില്‍ നിന്ന് പിന്‍മാറണം: സിന്‍ഡിക്കേറ്റ്

സര്‍വകലാശാല നിയമങ്ങളെ ചാന്‍സലര്‍ വെല്ലുവിളിക്കരുതെന്നും തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളില്‍ നിന്ന് പിന്‍മാറണമെന്നും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. വി സി നിയമന നടപടികളില്‍ സുപ്രീം കോടതി വിധിയും യുജിസി റെഗുലേഷനും അംഗീകരിക്കാന്‍ ചാന്‍സലര്‍ തയ്യാറാവാണമെന്ന്് സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ജി മുരളീധരന്‍, ഡോ. ഷിജുഖാന്‍, മുന്‍ എംഎല്‍എ ആര്‍ രാജേഷ്, ഡോ. എസ് ജയന്‍, എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ALSO READ:അമേരിക്കയില്‍ മലയാളി യുവാവ് പിതാവിനെ കുത്തിക്കൊന്നു

കേരള സര്‍വകലാശാലയുടെ ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള പദവികളും ഭരണസംവിധാനങ്ങളും സര്‍വകലാശാല നിയമപ്രകാരമാണ് നിലവില്‍ വന്നതെന്നും ചാന്‍സലര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ നിയമം ബാധകമാണെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അറിയിച്ചു. ചാന്‍സലറും പ്രോ-ചാന്‍സലറും സെനറ്റംഗങ്ങളാണ്. ചാന്‍സലര്‍ സെനറ്റ് യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ വൈസ്ചാന്‍സലറല്ല, ചാന്‍സലറാണ് ചെയര്‍ ചെയ്യേണ്ടതെന്ന് സര്‍വകലാശാല ആക്റ്റ് വ്യക്തമാക്കുന്നു. കേരള സര്‍വകലാശാല ആക്ടിലെ ചാപ്റ്റര്‍ മൂന്നില്‍ 8(2) പ്രകാരം ചാന്‍സലറുടെ അഭാവത്തില്‍ ചാന്‍സലറുടെ എല്ലാ ഉത്തരവാദിത്തങ്ങളും പ്രോ-ചാന്‍സലര്‍ക്ക് നിര്‍വ്വഹിക്കാം.

ALSO READ:സർക്കാർ ജീവനക്കാർക്ക് ആറ് മാസത്തേക്ക് സമരവിലക്കുമായി യോഗി സർക്കാർ; ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ്

പ്രോ- ചാന്‍സലര്‍ സെനറ്റില്‍ ചെയര്‍ ചെയ്തത് നിയമപ്രകാരമാണ്. ചാന്‍സലര്‍ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാതിരിക്കുകയും പ്രോ- ചാന്‍സലര്‍ പങ്കെടുക്കുകയും ചെയ്യുമ്പോള്‍ യോഗം ചെയര്‍ ചെയ്യാന്‍ പ്രോ-ചാന്‍സിലര്‍ക്ക് അവകാശമുണ്ട്. അതിനായി പ്രോ-ചാന്‍സലറെ ആരും ചുമതലപ്പെടുത്തേണ്ടതില്ല. ആ അധികാരം ആക്റ്റില്‍ വ്യക്തമാണ്. വസ്തുത ഇതായിരിക്കെ ഈ വിഷയത്തില്‍ തെറ്റായ കാര്യങ്ങളാണ് ചാന്‍സലര്‍ പൊതുസമക്ഷം പറയുന്നത്. ഇതിലൂടെ സര്‍വകലാശാലയാണ് അപമാനിക്കപ്പെടുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

ചാന്‍സലര്‍ സര്‍വകലാശാല നിയമങ്ങളെ വെല്ലുവിളിക്കരുത്. നിയമപ്രകാരം സെനറ്റ് അംഗവും സര്‍വകലാശാലയുടെ പ്രോ-ചാന്‍സലറുമായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റില്‍ പങ്കെടുക്കാനും ചാന്‍സലറുടെ അഭാവത്തില്‍ അധ്യക്ഷം വഹിക്കാനും അവകാശമുണ്ട്. ഇത് സര്‍വകലാശാല നിയമപ്രകാരവുമാണ്. തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളില്‍ നിന്ന് ചാന്‍സലര്‍ പിന്മാറണമെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News