ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം നടന്നുവെന്ന ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. ബാലറ്റ് പേപ്പറുകളും വോട്ടെണ്ണല്‍ ദൃശ്യങ്ങളും നാളെ ഹാജരാക്കാന്‍ നിര്‍ദേശം. ബാലറ്റ് പേപ്പറുകളില്‍ അടയാളങ്ങള്‍ വരയ്ക്കാന്‍ വരണാധികാരിക്ക് എന്ത് അധികാരമാണുളളതെന്നും സുപ്രീംകോടതി. സത്യസന്ധമായ മറുപടിയില്ലെങ്കില്‍ വിചാരണ നേരിടേണ്ടി വരുമെന്നും വരണാധികാരിക്ക് താക്കീത്.
ALSO READ: സംസ്ഥാനത്ത് ചൂട് കനക്കുന്നു; താപനില 37 ഡിഗ്രിക്ക് മുകളില്‍ രേഖപ്പെടുത്തി
ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരണാധികാരി അനില്‍ മസീഹ് സു്പ്രീംകോടതിയില്‍ നേരിട്ട് ഹാജരായപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ താക്കീത്. വോട്ടെണ്ണല്‍ ദൃശ്യങ്ങളില്‍ വരണാധികാരി കാമറയില്‍ നോക്കുന്നതും ബാലറ്റ് പേപ്പറുകളില്‍ അടയാളങ്ങള്‍ ഇട്ടതും എന്തിനെന്ന് കോടതി ചോദിച്ചു. ഏത് നിയമത്തിലാണ് ഇത് പറഞ്ഞിട്ടുളളതെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം.
ALSO READ: ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ വിധി; സുപ്രീംകോടതിയെ പരിഹസിച്ച് നരേന്ദ്രമോദി
എന്നാല്‍ കൃത്രിമം നടത്തിയില്ലെന്ന് അനില്‍ മസീഹ് മറുപടി പറഞ്ഞു. കോടതിയില്‍ സത്യം പറയണമെന്നും അല്ലെങ്കില്‍ വിചാരണ നേരിടേണ്ടി വരുമെന്നുമെന്നും കോടതി താക്കീത് നല്‍കി. നാളെ ഉച്ചയ്ക്ക് മുമ്പായി വോട്ടെണ്ണല്‍ ദൃശ്യങ്ങളും ബാലറ്റ് പേപ്പറുകളും എത്തിക്കാനും നിര്‍ദേശിച്ചു. ഇവ പരിശോധിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമില്ലാത്ത വരണാധികാരിയെ നിയോഗിക്കാനും ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം നടന്നുവെന്ന ആശങ്കയും സുപ്രീംകോടതി രേഖപ്പെടുത്തി. അതേസമയം ചണ്ഡിഗഡില്‍ ഇന്ത്യാ സഖ്യത്തിന് തിരിച്ചടിയായി മൂന്ന് ആം ആദ്മി കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു. പൂനം ദേവി, നേഹ, ഗുര്‍ചരണ്‍ കല എന്നിവരാണ് മറുകണ്ടം ചാടിയത്. ഇതോടെ വീണ്ടും തെരഞ്ഞെടുപ്പ് വന്നാല്‍ കോര്‍പ്പറേഷനില്‍ ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here