കോൺഗ്രസുമായി സഖ്യമുണ്ടാക്കിയത് അബദ്ധമെന്ന് താക്കറെ സേന തിരിച്ചറിഞ്ഞുവെന്ന് ചന്ദ്രശേഖർ ബവൻകുലെ. മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന സേനയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ. ശിവസേനയ്ക്ക് പിന്നാലെ ബിജെപിയും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ മഹാരാഷ്ട്ര രാഷ്ട്രീയം വീണ്ടും പ്രവചനാതീമാകും. മഹാരാഷ്ട്രയിലെ ഷിർദിയിൽ നടന്ന ബിജെപി സംസ്ഥാന കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ.
ബിജെപി സഖ്യം പിരിഞ്ഞു കോൺഗ്രസുമായി ചേർന്നത് അബദ്ധമായിപ്പോയെന്ന തിരിച്ചറിവിലാണ് താക്കറെ പക്ഷം ശിവസേനയെന്ന് മന്ത്രി ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ഉദ്ധവ് വിഭാഗത്തിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ. ബിജെപി സഖ്യം ഉപേക്ഷിച്ച ശിവസേന 2019ലാണ് കോൺഗ്രസ് എൻസിപി സഖ്യത്തിന്‍റെ ഭാഗമായത്.
കോൺഗ്രസ് പ്രത്യയ ശാസ്ത്രത്തിലൂടെ ശിവസേനയ്ക്ക് മുന്നോട്ട് പോകാനാകില്ലെന്ന് ബവൻകുലെ ചൂണ്ടിക്കാട്ടി. അതെ സമയം മൂന്ന് മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് സൂചിപ്പിച്ചു. ഈ തീരുമാനം മഹായുതി സഖ്യ കക്ഷികളായ ഷിൻഡെ ശിവസേനക്കും അജിത് പവാർ എൻസിപിക്കും ക്ഷീണമുണ്ടാക്കും. 1997 മുതൽ 2022 വരെ, 25 വർഷക്കാലം, ഏഷ്യയിലെ ഏറ്റവും സമ്പന്നമായ സിവിൽ ബോഡികളിലൊന്നായ ബിഎംസിയുടെ നിയന്ത്രണം ശിവസേനക്കാണ്.
പിളർപ്പിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിലും മേൽക്കോയ്മ നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഉദ്ധവ് താക്കറെ. ബിഎംസിയുടെ ഏറ്റവും ഒടുവിലെ ബജറ്റ് വിഹിതം 60,000 കോടി രൂപയായിരുന്നു . അത് കൊണ്ട് തന്നെ മഹാരാഷ്ട്രയിലെ മിനി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ പാർട്ടികൾ. 29 മുനിസിപ്പൽ കോർപ്പറേഷനുകൾ, 32 ജില്ലാ കൗൺസിലുകൾ, 283 നഗർ പഞ്ചായത്തുകൾ, കൗൺസിലുകൾ എന്നിവയുൾപ്പെടെ 960 തദ്ദേശ സ്ഥാപനങ്ങളിലെ 13,000 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here