ചരിത്രം കുറിക്കാൻ ചന്ദ്രയാൻ 3 ; വിക്ഷേപണം പൂർത്തിയായി

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണപദ്ധതിയുടെ മൂന്നാംദൗത്യമായ ചന്ദ്രയാൻ-3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്‌സ് സെന്ററിൽ നിന്ന് വിക്ഷേപിച്ചു. പര്യവേക്ഷണപേടകവും വഹിച്ച് ലോഞ്ച് വെഹിക്കിൾ മാർക്ക്-3 റോക്കറ്റ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35-ന് രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് കുതിച്ചുയർന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.05-ന് തുടങ്ങിയ 25 മണിക്കൂർ 30 മിനിറ്റ് നീളുന്ന കൗണ്ട് ഡൗണിനിടെ റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികളും അവസാനവട്ട സുരക്ഷാപരിശോധനകളും പൂർത്തിയാക്കിയിരുന്നു. ലോഞ്ച് വെഹിക്കിൾ മാർക്ക്-3 എന്ന്‌ പേരുമാറ്റിയ ഐ.എസ്.ആർ.ഒ.യുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ ജി.എസ്.എസ്.എൽ.വി. മാർക്ക്-3 റോക്കറ്റിന്റെ ഏഴാമത്തെ ദൗത്യമാണ് ഇത്. 43.5 മീറ്റർ ഉയരവും 642 ടൺ ഭാരവുമുള്ള ഇതിന് ആദ്യഘട്ടത്തിൽ ഖര ഇന്ധനവും രണ്ടാംഘട്ടത്തിൽ ദ്രവ ഇന്ധനവും മൂന്നാംഘട്ടത്തിൽ ക്രയോജനിക് ഇന്ധനവും കുതിപ്പേകും. 15 മിനിറ്റ്‌ കഴിയുമ്പോഴേക്കും പര്യവേക്ഷണപേടകം റോക്കറ്റിൽനിന്ന് വേർപെട്ട് ഭൂമിയിൽനിന്ന് 179 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിലെത്തും.

ചന്ദ്രനിൽ ഇറങ്ങാനുള്ള ലാൻഡറും ചന്ദ്രനിൽ സഞ്ചരിക്കാനുള്ള റോവറും ഇവയെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കാനുള്ള പ്രൊപ്പൽഷൻ മൊഡ്യൂളുമാണ് ചന്ദ്രയാൻ പേടകത്തിന്റെ പ്രധാന ഭാഗങ്ങൾ. റോക്കറ്റിൽനിന്ന് വേർപെട്ടുകഴിഞ്ഞാൽ റോവറിനെയും ലാൻഡറിനെയും ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ചുമതല പ്രൊപ്പൽഷൻ മോഡ്യൂളിന്റേതാണ്. ഭൂമിയെ ചുറ്റുന്നതിനിടെ ഭ്രമണപഥത്തിന്റെ വ്യാസം വർധിപ്പിച്ചുകൊണ്ടുവന്നാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കുക. അതിനുശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിന്റെ വ്യാസം കുറച്ചുകൊണ്ടുവരും. ഓഗസ്റ്റ് 23, 24 തീയതികളിൽ ലാൻഡറിനെ ചന്ദ്രനിൽ ഇറക്കാനാണ് പദ്ധതി.

പരീക്ഷണോപകരണങ്ങളെ ചന്ദ്രോപരിതലത്തിൽ സ്വതന്ത്രമായി വീഴാൻ അനുവദിക്കുകയാണ് 2008-ലെ ചന്ദ്രയാൻ-1ൽ ചെയ്തത്. വേഗം കുറച്ചുകൊണ്ടുവന്ന് ലാൻഡറിനെ സുരക്ഷിതമായി ഇറക്കുകയായിരുന്നു 2019-ലെ ചന്ദ്രയാൻ-2ലെ ദൗത്യം. അവസാന നിമിഷംവരെ കൃത്യമായി മുന്നോട്ടുപോയെങ്കിലും റോവറിന് ചന്ദ്രനിൽ ഇടിച്ചിറങ്ങേണ്ടിവന്നതുകൊണ്ട് ദൗത്യം വിജയത്തിലെത്തിയിരുന്നില്ല.

Also Read: ‘ആകാശപാത അല്ലെങ്കില്‍ തുരങ്കപാത; കേരളത്തിന് സെമി ഹൈ സ്പീഡ് റെയില്‍ സംവിധാനം ആവശ്യം’: ഇ ശ്രീധരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News