പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തനിക്ക് ചുമതലയൊന്നും നൽകാത്ത സംസ്ഥാന നേതൃത്വത്തിന്‍റെ നടപടിയിൽ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തനിക്ക് ഒഴിച്ച് ബാക്കി എല്ലാവർക്കും ചുമതല നൽകിയെന്നും, അന്ന് പറയേണ്ട എന്ന് കരുതി മിണ്ടാതിരുന്നതാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇതിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
പുനസംഘടനയിൽ എല്ലാവരെയും ചേർത്തുപിടിച്ച് വേണം മുന്നോട്ടു പോകാനെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിക്കും കെ കരുണാകരനും ഒപ്പം നിന്നവരെ തഴയപ്പെട്ടു എന്ന പരാതി തനിക്കും ലഭിച്ചു. താഴെത്തട്ടിൽ വരെ പാർട്ടിക്കാരെ രണ്ടായി പരിഗണിക്കുന്നു. ഇതിന് മാറ്റം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ALSO READ; കരുതലും കൈത്താങ്ങും: 50 ശതമാനത്തിൽ അധികം പരാതികൾക്ക് പരിഹാരം കണ്ടെന്ന് മന്ത്രി വീണാ ജോർജ്
ചില ആളുകളെ മാറ്റിനിർത്തുന്ന രീതി പാർട്ടിയിലുണ്ട്. പുനഃസംഘടനയിൽ എല്ലാവർക്കും പ്രാതിനിധ്യം ഉണ്ടാവണം. എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ട് പോയേ മതിയാകൂ. ആരെങ്കിലും തഴയപ്പെട്ടാൽ അത് തനിക്ക് അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെയും മാറ്റിനിർത്തേണ്ട ആവശ്യമില്ല. കെ സുധാകരനെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് മാറ്റേണ്ട കാര്യം ഇല്ല. പ്രത്യേക സമുദായത്തിൽ പെട്ട ആൾ നേതൃസ്ഥാനത്തേക്ക് വരണമെന്ന് താൻ പറയില്ലെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here