ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച്ബിഷപ് മാർ ജോസഫ് പൗവത്തിലിൻറെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എംഎ ബേബി. കേരള സാമൂഹിക ജീവിതത്തിൽ തൻറെ കർക്കശ നിലപാടുകളാൽ ശ്രദ്ധേയനായ മെത്രാൻ ആയിരുന്നു മാർ പൗവത്തിൽ തിരുമേനിയെന്നും തൻറെ സഭയുടെ താല്പര്യങ്ങൾക്ക് ഈ നിലപാടുകൾ വേണ്ടതാണെന്ന് അദ്ദേഹം കരുതിയിരുന്നുവെന്നും എംഎ ബേബി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ആർഎസ്എസ് രാഷ്ട്രീയം ക്രിസ്ത്യാനികൾക്കിടയിൽ നിന്ന് ഒറ്റുകാരെ ഉണ്ടാക്കാൻ പെടാപ്പാട് പെടുന്ന ഇക്കാലത്ത് പൗവത്തിൽ തിരുമേനിയെപ്പോലുള്ളവരുടെ വിയോഗം നമ്മുടെ സമൂഹത്തിന് വലിയ നഷ്ടം ആണെന്നും അദ്ദേഹം പറഞ്ഞു.
അനുശോചനക്കുറിപ്പ്
കേരളസമൂഹിക ജീവിതത്തിൽ തൻറെ കർക്കശ നിലപാടുകളാൽ ശ്രദ്ധേയനായ മെത്രാൻ ആയിരുന്നു മാർ പൗവത്തിൽ തിരുമേനി. തൻറെ സഭയുടെ താല്പര്യങ്ങൾക്ക് ഈ നിലപാടുകൾ വേണ്ടതാണ് എന്ന് അദ്ദേഹം കരുതി. കേരളത്തിലെ ഇടതുപക്ഷത്തോടും കമ്യൂണിസ്റ്റ് പാർട്ടിയോടും ശക്തമായ വിയോജിപ്പ് പുലർത്തിയിരുന്ന പുരോഹിതൻ ആയിരുന്നു അദ്ദേഹം. അതിനാൽ തന്നെ കമ്യൂണിസ്റ്റുകാരുമായി നിരന്തരം തർക്കത്തിലേർപ്പെട്ടു. ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ ഇന്ന് ആഗോള കത്തോലിക്കാ സഭയിൽ നടക്കുന്ന പരിഷ്കാരങ്ങളോടും പുരോഗമന നിലപാടുകളോടും അദ്ദേഹം എന്ത് നിലപാട് ആയിരിക്കും എടുക്കുക എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്.
2006-2011 കാലത്തെ കേരളസർക്കാരിൽ വിദ്യാഭ്യാസത്തിന്റെ ചുമതല ഉണ്ടായിരുന്ന കാലത്ത് അദ്ദേഹവുമായി പലപ്പോഴും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. എന്നാലും ഞങ്ങൾ തമ്മിൽ ഊഷ്മളമായ ഒരു വ്യക്തിപരമായ ബന്ധം പുലർത്താൻ കഴിഞ്ഞിട്ടുണ്ട്.
എൻറെയും ബെറ്റിയുടെയും മകൻ അപ്പുവിന്റെ വിവാഹത്തിന് ക്ഷണിക്കാനായി ചെന്നപ്പോൾ സൗഹാർദത്തോടെ സ്വീകരിച്ച അദ്ദേഹം എങ്ങനെയാണ് ,പള്ളിയിൽ വച്ചാണോ കല്യാണം എന്നു ചോദിച്ചു. അല്ല ;പാർടിയുടെ ഒരു ഹാളിൽ വച്ചാണ് മതപരമായ ചടങ്ങുകൾ ഇല്ലാത്ത വിവാഹം എന്നു ഞാൻ മറുപടി പറഞ്ഞത് ഒരു ചിരിയോടെ അദ്ദേഹം സ്വീകരിച്ചു. എല്ലാം പാർട്ടിയാണ് അല്ലേ എന്ന് ഒരു മറുചോദ്യവും ചോദിച്ചു. എപ്പോഴും സൗഹാർദപൂർണമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം.
ആർഎസ്എസ് രാഷ്ട്രീയം ക്രിസ്ത്യാനികൾക്കിടയിൽ നിന്ന് ഒറ്റുകാരെ ഉണ്ടാക്കാൻ പെടാപ്പാട് പെടുന്ന ഇക്കാലത്ത് പൗവത്തിൽ തിരുമേനിയെപ്പോലുള്ളവരുടെ വിയോഗം നമ്മുടെ സമൂഹത്തിന് വലിയ നഷ്ടം ആണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here