സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള ട്രെയിനുകളുടെ സമയക്രമം മാറ്റി നിശ്ചയിച്ചു. വൈകുന്നേരം പുറപ്പെടേണ്ട മൂന്ന് ട്രെയിനുകളുടെ സമയമാണ് നിലവിൽ മാറ്റിയത്. അതിനിടെ, മണ്ണിടിച്ചിലിനെ തുടർന്ന് വടക്കാഞ്ചേരി പാളത്തിലുണ്ടായ തടസ്സം നീക്കിയതോടെയാണ് റെയിൽ ഗതാഗതം വീണ്ടും പുനസ്ഥാപിച്ചത്.
Also Read; ചൂരൽമല രക്ഷാപ്രവർത്തനം; തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് സൈന്യം വയനാട്ടിലേക്ക്
വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗർ സ്റ്റേഷനും ഇടയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞും വെള്ളംകയറിയും ഉണ്ടായ തടസ്സത്തെ തുടർന്നാണ് തത്കാലികമായി ഗതാഗതം നിർത്തിവെച്ചത്. ഉച്ചയോടെ പാളത്തിലെ മണ്ണ് പൂർണമായും നീക്കിയതോടെയാണ് റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചത്. ഷൊർണൂരിൽ യാത്ര റദ്ദാക്കിയ പരശുറാം എക്സ്പ്രസ്സിലെയും ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സിലെയും യാത്രക്കാർക്ക് തുടർന്ന് വന്ന വണ്ടികളിൽ യാത്രാ സൗകര്യമൊരുക്കി.
കനത്ത മഴയെ തുടർന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകിയോടുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നും വൈകുന്നേരം പുറപ്പെടേണ്ട മൂന്ന് ട്രെയിനുകളുടെ സമയം മാറ്റി നിശ്ചയിച്ചു. വൈകിട്ട് മൂന്നുമണിക്ക് പുറപ്പെടേണ്ട ആലപ്പുഴ – എംജിആർ ചെന്നൈ എക്സ്പ്രസിന്റെയും, വൈകുന്നേരം 4.5 ന് പുറപ്പെടേണ്ട വന്ദേ ഭാരത് എക്സ്പ്രസിന്റെയും സമയം ആറുമണിയിലേക്ക് മാറ്റിയിരുന്നു. ഉച്ചക്ക് രണ്ട് മുപ്പതിന് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വന്ദേ ഭാരത് എക്സ്പ്രസ്സ് വൈകുന്നേരം 4. 30നാണ് കാസർഗോഡ് നിന്നും പുറപ്പെട്ടത്.
ആലപ്പുഴ – എംജിആർ ചെന്നൈ എക്സ്പ്രസ്, തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസ്, കാസർഗോഡ് തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയാണ് വൈകി ഓടുന്ന ട്രെയിനുകൾ. അതേസമയം, മറ്റ് ട്രെയിനുകളെല്ലാം സമയക്രമം പാലിച്ചുതന്നെ യാത്ര നടത്തുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here