കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാവില്ല; ഇന്ന് ചെഗുവേരയുടെ 56ാം ചരമാവാര്‍ഷികം

മരണത്തിനു മുന്നിലും പതറാതെ കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാവില്ലെന്ന് മുഖമുയര്‍ത്തി പറഞ്ഞ ധീരന്‍. കാലത്തിനു പോരാടാനുള്ള ഊര്‍ജ്ജം പകര്‍ന്നു നല്‍കിയ അതുല്യനായ വിപ്ലവകാരി. ചെഗുവേരയുടെ 56ാം ചരമാവാര്‍ഷിക ദിനമാണിന്ന്. കൊന്നത് ഒരു മനുഷ്യനെ മാത്രമായിരുന്നു. അയാള്‍ ഉയര്‍ത്തിയ ആശയമിന്നും മരിക്കാതെ മറക്കാതെ നില്‍പ്പുണ്ട്.

എനിക്കറിയാം നിങ്ങളെന്നെ വെടിവയ്ക്കാന്‍ പോവുകയാണ്. ഞാന്‍ ജീവനോടെ പിടിക്കപ്പെടരുതായിരുന്നു. ഫിദെലിനോട് പറയൂ ഈ പരാജയം വിപ്ലവത്തിന്റെ അവസാനമല്ല എന്ന്. കുട്ടികളെ നന്നായി പഠിപ്പിക്കുക, സൈനികരോട് നന്നായി ഉന്നംപിടിക്കാനും പറയുക ,നിങ്ങള്‍ ഒരു മനുഷ്യനെ മാത്രമാണ് കൊല്ലുന്നത്. സാമ്രാജ്യത്തെ വിറപ്പിച്ച ഒരു വിപ്ലവകാരി മരണത്തെ കണ്‍മുന്നില്‍ കണ്ടപ്പോഴും ഉറച്ച ശബ്ദത്തോടെ പറഞ്ഞ വാക്കുകളാണ്…ഏര്‍ണസ്റ്റോ ഗുവേര ഡി ലാ സെര്‍നസ എന്ന ഏര്‍ണസ്റ്റോ ചെഗുവേര.

Also Read:ഇസ്രയേലിന്റെ യുദ്ധം പ്രഖ്യാപനം; അമേരിക്കയുടെ സഹായ നീക്കങ്ങള്‍ ആരംഭിച്ചു

1928 ജൂണ്‍ 14 ന് അര്‍ജന്റീനയിലെ റൊസാരിയോയില്‍ ജനിച്ച് 1967 ഒക്ടോബര്‍ 9 ന്, കേവലം നാല്പതാം വയസ്സില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വിടുപണിക്കാരായ ഭീരുക്കളുടെ തോക്കിനു മുന്നില്‍ അസ്തമിച്ച വിപ്ലവ സൂര്യന്‍. അനീതിയോടും അടിച്ചമര്‍ത്തലിനോടും വിട്ടുവീഴ്ചയില്ലാതെയുള്ള പോരാട്ടം. നീതിബോധം കൈവിടാതെ, ചൂഷണങ്ങളോട് സന്ധിയില്ലാത്ത നിലപാട്. പോരാട്ടം വിജയം വരെ അല്ലെങ്കില്‍ മരണം വരെ എന്ന നിലപാട്. ചെ ഗുവേര വ്യത്യസ്തനായത് ഇങ്ങനെയൊക്കെയാണ്..

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൂടെ നടത്തിയ സാഹസിക യാത്രകള്‍, അതിലൂടെ തിരിച്ചറിഞ്ഞ അടിസ്ഥാന വിഭാഗത്തിന്റെ ദുരിത ജീവിതം ഇതൊക്കെയാണ് ചെ ഗുവേരയെ വിപ്ലവത്തിന്റെ പാതയിലേക്ക് നയിച്ചത്. ലാറ്റിനമേരിക്കന്‍ സമൂഹങ്ങളുടെ പരിപൂര്‍ണ ഉന്നമനമായിരുന്നു ചെഗുവേര എന്ന വിപ്ലവകാരി കണ്ട സ്വപ്നം. ഒരേ സംസ്‌കാരവും ചരിത്രവുമുള്ള ജനതകളുടെ ഏകോപനത്തിലുടെയും പോരാട്ടങ്ങളിലുടെയും യുഎസ് യുറോ സാമ്രാജ്യ ആധിപത്യവാഴ്ചമവസാനിപ്പിക്കുകയായിരുന്നു ചെഗുവേരയുടെ രാഷ്ടീയ ലക്ഷ്യം.

Also Read: മലയാളത്തിന്റെ അഭിമാനമായ ഈ കുഞ്ഞ് ബേബി ആരാണെന്ന് അറിയാമോ ? സോഷ്യല്‍മീഡിയയില്‍ വൈറലായി ചിത്രം

പതിയിരിക്കുന്ന മരണം ചാടി വീണ് ഞങ്ങളെ വിസ്മയിച്ചു കൊള്ളട്ടെ. അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യും. പക്ഷെ ഒന്നുമാത്രം, ഞങ്ങളുടെ ഈ സമര കാഹളം,അത് ശ്രവിക്കുവാന്‍ തയ്യാറുള്ള ഒരു ചെവിയിലെങ്കിലുമെത്തണം ;മറ്റൊരു കൈ ഈ ആയുധങ്ങള്‍ എടുത്തുയര്‍ത്താന്‍ നീളണം ; ഞങ്ങളുടെ ചരമ ഗാനത്തില്‍ യന്ത്രതോക്കുകളുടെ നിര്‍ഘോഷം കലര്‍ത്താന്‍ മറ്റു ചിലരെങ്കിലും എത്തണം ; വിജയത്തിന്റെയും സമരത്തിന്റെയും പുത്തന്‍ ഘോഷങ്ങള്‍ ഉയരണം. ചെയുടെ ഈ വാക്കുകള്‍ക്ക് വര്‍ത്തമാനകാല ഇന്ത്യയിലും ലോകമാകെയും ഇപ്പോഴും ഏറെ പ്രസക്തിയുണ്ട്.

ചെ യുടെ രക്തസാക്ഷിത്വത്തിന് 56 ആണ്ടു തികഞ്ഞെങ്കിലും ലോക ജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപ്പന്തമാണ് ഇന്നും എന്നും ചെഗുവേര. വിപ്ലവയുവത്വത്തിന്റെ സിരകളില്‍ കത്തിജ്വലിച്ചുനില്‍ക്കുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഒരിക്കലും മരണമില്ല. കൊല്ലാം, പക്ഷേ തോല്‍പിക്കാനാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News