പോളിംഗ് ശതമാനം അടിസ്ഥാനമാക്കിയുള്ള വിശകലനങ്ങളിൽ ചേലക്കരയിലെ ഇരുമുന്നണികളും

പോളിംഗ് ശതമാനം അടിസ്ഥാനമാക്കിയുള്ള വിശകലനങ്ങളുടെ തിരക്കിലാണ് ചേലക്കരയിൽ ഇരുമുന്നണികളും. കഴിഞ്ഞ തവണത്തേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിന് മണ്ഡലം നിലനിർത്തും എന്നാണ് എൽഡിഎഫിൻ്റെ കണക്ക്. എന്നാൽ യു ഡി എഫിന് കാര്യമായ പ്രതീക്ഷ ചേലക്കരയിലില്ല.

പോളിംഗിൽ വൻ വർദ്ധനയില്ലെങ്കിലും പോൾ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ  മുൻവർഷത്തേക്കാൾ ഇക്കുറി നേരിയ വർദ്ധനവുണ്ട്. വോട്ടറന്മാർ ഉപതെരഞ്ഞെടുപ്പിനോട് പോസിറ്റീവായി പ്രതികരിച്ചു എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. പഞ്ചായത്ത് അടിസ്ഥാനത്തിൽ പരിശോധിച്ചാൽ പാഞ്ഞാൾ ആണ് ഉയർന്ന പോളിംഗ് . ദേശമംഗലം, വരവൂർ, ചെറുതുരുത്തി എന്നിവ തൊട്ടുപിന്നാലെയുണ്ട്. എല്ലാം ഇടതു ശക്തികേന്ദ്രങ്ങൾ .

പോളിംഗിൽ പിന്നിൽ നിൽക്കുന്നത് തിരുവില്വമല, ചേലക്കര, മുള്ളൂർക്കര പഞ്ചായത്തുകൾ. മൂന്നും യു ഡി എഫ് സ്വാധീന മേഖലകൾ. എൽ ഡി എഫ് ശക്തികേന്ദ്രങ്ങളിൽ  ഉയർന്ന പോളിംഗും യു ഡി എഫ് സ്വാധീനമേഖലകളിൽ  കുറഞ്ഞ പോളിംഗും. ഇതാണ് പോളിംഗ് ശതമാന കണക്കിലെ ആകെ തുക. ഉയർന്ന ഭൂരിപക്ഷം എന്ന  ഇടതു മുന്നണിയുടെ പ്രതീക്ഷയുടെ അടിസ്ഥാനം ഈ കണക്കാണ്. മാത്രമല്ല ശക്തമായ സംഘടനാ സംവിധാനത്തിൻ്റെ പിൻബലത്തിൽ എല്ലാ ഇടത് വോട്ടുകളും ബൂത്തിലെത്തിച്ചുവെന്ന് മുന്നണി നേതൃത്വം ഉറപ്പാക്കിയിട്ടുണ്ട്.

ALSO READ: വയനാട്ടിൽ പോളിം​ഗ് പൂർത്തിയായി; പോളിം​ഗ് ശതമാനത്തിൽ വൻ ഇടിവ്

എന്നാൽ എൽ ഡി എഫിനുള്ള ആത്മവിശ്വാസം യു ഡി എഫ് ക്യാമ്പിനില്ല . നേരിയ ലീഡിൽ ഒരു അട്ടിമറി , ഇതായിരുന്നു പോളിംഗിന് മുൻപുള്ള യു ഡി എഫിൻ്റെ അവകാശവാദമെങ്കിൽ പോളിംഗിന് ശേഷം ആ ഉറപ്പില്ല. മുള്ളൂർക്കര ചേലക്കര പഞ്ചായത്തുകളിലെ കുറഞ്ഞ പോളിംഗാണ് ഒരു കാരണം. ബി ജെ പി വോട്ടുകളിൽ ചോർച്ചയുണ്ടാകുമെന്നും അത് യു ഡി എഫ് പെട്ടിയിൽ വീഴുമെന്നും നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. എങ്കിലും 39400 എന്ന വലിയ അക്കത്തെ അട്ടിമറിയ്ക്കാൻ ഇത് മതിയാവില്ല എന്നു തന്നെയാണ് യു ഡി എഫിൻ്റെ വിലയിരുത്തൽ. എൻ ഡി എ യ്ക്ക് കഴിഞ്ഞ തവണ നേടിയ വോട്ടുകൾ നിലനിർത്താനാകുമോ എന്നതാണ് നിർണ്ണായകമാവുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News