2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ എല്‍ഡിഎഫ് മറികടന്നതുപോലെ 2024-ലെ തിരിച്ചടിയെ എല്‍ഡിഎഫ് മറികടക്കുമെന്നതിന്റെ കൃത്യമായ സൂചനയാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നതെന്ന് ഡോ. തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലംകണ്ടൂവെന്നു വേണം മനസ്സിലാക്കാന്‍. അടിവരയിടേണ്ടുന്ന ഒരു കാര്യം ഭരണവിരുദ്ധവികാരം ഇല്ലായെന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഫലിക്കുന്നത്.
കേരളത്തില്‍ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്ര കുതന്ത്രങ്ങള്‍ക്കെതിരെ ശക്തമായിട്ടുള്ള പ്രതിരോധം ആയിരിക്കണം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഒരു പ്രധാന കടമ. ഇത് യുഡിഎഫിന്റെ ഇരട്ടത്താപ്പുകൂടി തുറന്നു കാണിക്കും. അതോടൊപ്പം ജനപങ്കാളിത്തത്തോടെ നാടിന്റെ വികസനത്തെയും മുന്നോട്ട് കൊണ്ടുപോകണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ലഭിച്ച ഭൂരിപക്ഷത്തിന്റെ ഇരട്ടിയിലേറെ വോട്ടോടുകൂടി ചേലക്കരയില്‍ യുആര്‍ പ്രദീപ് വിജയിച്ചിരിക്കുകയാണ്.
വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളെ മറികടന്നാണ് ചേലക്കരയില്‍ എല്‍ഡിഎഫ് ഉജ്ജ്വലവിജയം നേടിയത്. ഒരുവശത്ത് പിവി അന്‍വറിന്റെ പാര്‍ടിയുടെ മുഖംമൂടിയണിഞ്ഞ് എസ്ഡിപിഐ- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് എല്‍ഡിഎഫിനെതിരെ ശക്തമായ പ്രചാരണമാണ് അഴിച്ചുവിട്ടത്. യുഡിഎഫിനെ ഒരിക്കല്‍പ്പോലും അവര്‍ വിമര്‍ശിച്ചിരുന്നില്ല. അവരുടെ കേഡര്‍മാര്‍ യുഡിഎഫിന് വോട്ട് മറിച്ചു ചെയ്യുമ്പോള്‍ വര്‍ഗീയ പ്രചാരണത്തിലൂടെ നിഷ്‌കളങ്കരായ ഒരുവിഭാഗം മുസ്ലിം വോട്ടര്‍മാരെ എല്‍ഡിഎഫിനെതിരായി തിരിക്കുക എന്നതായിരുന്നു അവരുടെ തന്ത്രം. ഏതായാലും അവര്‍ക്ക് കെട്ടിവച്ച കാശ് കിട്ടിയില്ല.
അതേസമയം, മുനമ്പം വിഷയവുമായി ബന്ധപ്പെടുത്തി വിഷലിപ്തമായ വര്‍ഗീയ പ്രചാരണമാണ് ക്രിസ്ത്യന്‍ മതവിഭാഗത്തിനിടയില്‍ യുവമോര്‍ച്ചയുടെ പേരില്‍ ബിജെപി നടത്തിയത്. ഈ രണ്ട് ദുഷ്പ്രചാരണങ്ങളെയും ഒരിക്കല്‍പ്പോലും എതിര്‍ക്കാന്‍ യുഡിഎഫ് തയ്യാറായില്ല. ബിജെപി വളരെ പിന്നിലുള്ള മൂന്നാംസ്ഥാനമാണെങ്കിലും അവരുടെ വോട്ട് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും വര്‍ദ്ധിച്ചുവരുന്നത് ഇടതുപക്ഷം ഗൗരവമായി എടുക്കേണ്ടതുണ്ട്.
പാലക്കാട് ഇടതുപക്ഷത്തിന്റെ വോട്ട് വര്‍ധിച്ചിട്ടുണ്ടെങ്കിലും മൂന്നാംസ്ഥാനത്താണ്. ബിജെപിയുടെ വോട്ടുനില പരിശോധിച്ചാല്‍ 2021-ല്‍ ലഭിച്ച 50000 വോട്ട് ബിജെപിയുടെ രാഷ്ട്രീയ വോട്ട് അല്ല. ഇതില്‍ ഗണ്യമായൊരു പങ്ക് ഇ ശ്രീധരന്റെ വ്യക്തിപരമായ സംഭാവനയാണ്. ബാക്കിയെല്ലാ തെരഞ്ഞെടുപ്പുകളിലും അവര്‍ക്ക് 34000-38000 വോട്ടുകളേ കിട്ടിയിട്ടുള്ളൂ. മുനിസിപ്പാലിറ്റി കഴിഞ്ഞാല്‍ മറ്റ് മൂന്ന് പഞ്ചായത്തുകളിലും മൂന്നാം സ്ഥാനത്താണ്. അതുകൊണ്ട് പാലക്കാട് ബിജെപിക്ക് വിജയസാധ്യതയെന്നത് വിദൂര സ്വപ്നമാണ്.
പക്ഷേ, എല്ലാതവണയും എസ്ഡിപിഐ- ജമാഅത്തെ ഇസ്ലാമി സഖ്യവും യുഡിഎഫും ബിജെപി വിജയിക്കുമെന്നുള്ള ഭീതിപരത്താന്‍ ശ്രമിക്കും. ഇത് ബിജെപി വിരുദ്ധ-മതേതര വോട്ടുകളെയും ന്യൂനപക്ഷ വോട്ടുകളെയും ഇടതുപക്ഷത്തില്‍ നിന്നും ആകര്‍ഷിക്കാന്‍ അവരെ സഹായിക്കാറുണ്ട്. ഇത്തവണയും അത് സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നും ഡോ. തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് കാണാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here