ചേന്ദമംഗലം കൂട്ടക്കൊലപാതക്കേസിൽ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. പ്രതിയെ 5 ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാണ് ആവശ്യം. അതേസമയം പരമാവധി ശിക്ഷ ഉറപ്പാക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും ആലുവ റൂറൽ എസ്പി വൈഭവ് സക്സേന പറഞ്ഞു. ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൻ വിശദമായ അന്വേഷണം നടത്തും.
പ്രതിക്കെതിരായ തെളിവുകൾ പൊലീസ് ശേഖരിച്ചു. പ്രതിയെ അഞ്ചുദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. പറവൂർ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ച ഉടൻ വിശദമായ ചോദ്യം ചെയ്യലിലേക്കും തെളിവെടുപ്പിലേക്കും കടക്കും.
തെളിവെടുപ്പിനിടെ ജനരോഷം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസുകാരെ വിന്യസിക്കുമെന്ന് ആലുവ റൂറൽ എസ്പി വൈഭവ് സക്സേന പറഞ്ഞു. പ്രതി റിതുവിന് യാതൊരു മാനസിക പ്രശ്നങ്ങളും ഇല്ലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരെയാണ് പ്രതി കൊല്ലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ വിനീഷയുടെ ഭർത്താവ് ജിതിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ കൂട്ടക്കൊല ഉണ്ടായത്. അയൽവാസിയായ റിതു, വേണുവിന്റെ വീട്ടിൽ ചെല്ലുകയും കുടുംബാംഗങ്ങളുമായി തർക്കത്തിൽ ഏർപ്പെടുകയും പിന്നീട് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് നാലുപേരുടെയും തലയ്ക്കടിക്കുകയുമായിരുന്നു. കൃത്യം നിർവഹിച്ച ശേഷം ബൈക്കിൽ കടക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. റിതു നിരന്തര ശല്യക്കാരനാണെന്നും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നെന്നും അയൽവാസികൾ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here