മിഷോങ് തീവ്രചുഴലിക്കാറ്റായി; ചെന്നൈയില്‍ നാളെയും അവധി, ആന്ധ്രയിലും കനത്ത ജാഗ്രതാ നിര്‍ദേശം

ചെന്നൈയില്‍ മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ശക്തമായ മഴ. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മിഷോങ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശ്, വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ ചുഴലിക്കാറ്റ് അവസാന ഘട്ട മുന്നറിയിപ്പായ റെഡ് മെസേജ് പുറപ്പെടുവിച്ചു.

Also Read : മിഷോങ് ചുഴലിക്കാറ്റ്; ശക്തമായ മഴയെ തുടര്‍ന്ന് ചെന്നൈയില്‍നിന്നും കേരളത്തിലേക്കുള്‍പ്പെടെയുള്ള കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി

തിങ്കളാഴ്ച ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളില്‍ പൊതു അവധിയാണ്. ഇവിടങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാനും അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്.

അതേസമയം ചെന്നൈയില്‍ ഗുരുതരമാക്കി ഡാമുകളും ജലസംഭരണികളും നിറയുകയാണ്. ആറു ഡാമുകളുടെ ശേഷിയുടെ 98 ശതമാനം നിറഞ്ഞതായി ജലവകുപ്പ് അറിയിച്ചു. ദുരിതാശ്വാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചെന്നൈയില്‍ അടിയന്തരയോഗം ചേര്‍ന്നു. റണ്‍വേയില്‍ ഉള്‍പ്പെടെ വെള്ളം കയറിയ സാഹചര്യത്തില്‍, വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

Also Read : മിഷോങ് ചുഴലിക്കാറ്റ്; ഭീതിയോടെ ചെന്നൈ; ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ റഹ്‌മാന്‍

അതിശക്തമായ മഴയെ തുടര്‍ന്ന് ചെന്നൈ ബേസിന്‍ ബ്രിഡ്ജിനും വ്യാസര്‍പടിക്കും ഇടയിലെ പാലത്തില്‍ വെള്ളം ഉയര്‍ന്നു. തുടര്‍ന്ന് കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള പല ട്രെയിനുകളും റദ്ദാക്കി. ചെന്നൈയില്‍നിന്ന് പുറപ്പെടേണ്ടതും ചെന്നൈയിലേക്ക് വരുന്നതുമായ മറ്റുചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ചില സര്‍വീസുകള്‍ മറ്റുട്രെയിനുകളുടെ റേക്ക് ഉപയോഗിച്ച് കാട്പാഡി, ആരക്കോണം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളില്‍നിന്നും സര്‍വീസ് നടത്തും.

തിങ്കളാഴ്ച ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെടേണ്ടിയിരുന്ന വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്, ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ്, തിരുവനന്തപുരം മെയില്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് എന്നിവയടക്കമുള്ള ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. തിങ്കളാഴ്ച രാത്രി കൊല്ലത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ എഗ്മോര്‍ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News