തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ 16 പേര്‍ മരിച്ചതായി അനൗദ്യോഗിക കണക്ക്. ചെന്നൈ നഗരം ഒറ്റപ്പെട്ട നിലയിലാണ്. സംസ്ഥാനത്തെ പതിനാറോളം ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കിയിരിക്കുന്നത്. ദേശീയപാതയില്‍ പലയിടത്തം വെള്ളം കയറിയനിലയിലാണ്. ട്രെയിനുകള്‍ പലതും വഴിതിരിച്ച് വിടുകയും ചിലത് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം കനത്ത മഴ തുടരുന്ന പുതുച്ചേരിയില്‍ ആറു പേരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്ര ഭരണപ്രദേശത്ത് പലയിടങ്ങളിലും വെള്ളം കയറുകയും വൈദ്യുതി തടസപ്പെടുകയും ചെയ്തു. അതേസമയം കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ തിരുവണ്ണാമലയില്‍ മണ്ണിനടിയില്‍ കുടുങ്ങിയ ഏഴംഗ കുടുംബത്തിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. രാജ്കുമാര്‍, മീന, കുട്ടികളായ ഗൗതം, വിനിയ, മഹാ, ദേവിക, വിനോദിനി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞദിവസം വൈകിട്ടാണ് കനത്ത മഴയില്‍ ഉരുള്‍പൊട്ടിയത്. കല്ലുകളും കൂറ്റന്‍ പാറകളും പതിച്ച് വീടുകള്‍ തകര്‍ന്നിരുന്നു. മഴവെള്ളപ്പാച്ചിലില്‍ ഇരുചക്ര വാഹനങ്ങളും വീട്ടുപകരണങ്ങളും ഒലിച്ചുപോയി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here