ചെന്നൈയിൽ പതിനാറ് വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ദമ്പതികൾ അറസ്റ്റിലായി. മുഹമ്മദ് നിഷാദ്, ഭാര്യ നാസിയ എന്നിവരെയാണ് അമഞ്ചിക്കരൈ പൊലീസ് അറസ്റ്ററ് ചെയ്തത്. ഇവരുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന പെൺകുട്ടിയെ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഒക്ടോബർ 31ന് പെൺകുട്ടിയെ ശുചിമുറിക്കുള്ളിൽ മരിച്ച നിലയിൽ ദമ്പതികൾ കണ്ടെത്തിയിരുന്നു. എന്നാൽ ഈ വിവരം പൊലീസിൽ അറിയിക്കാതെ ദമ്പതികൾ ബന്ധുവീട്ടിലേക്ക് കടന്നുകളഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം ശുചിമുറിയിൽ തന്നെ സൂക്ഷിച്ച ഇവർ, ദുർഗന്ധം പുറത്തേക്ക് വരാതിരിക്കാൻ ചന്ദനത്തരി കത്തിച്ചുവെച്ചാണ് വീട് വിട്ടത്.
ALSO READ; അജ്ഞാതൻ കത്തികാണിച്ച് ബലാസംഗം ചെയ്‌തെന്ന് പെൺകുട്ടി; പരാതിയിൽ പിടിയിലായത് ഓൺലൈൻ സുഹൃത്ത്
എന്നാൽ പിറ്റേന്ന് നിഷാദ് തന്നെ തന്റെ വക്കീൽ വഴി ഈ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസെത്തി മറ്റ് നടപടികൾ സ്വീകരിച്ചു. പൊലീസെത്തി മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമെ പെൺകുട്ടിയുടെ മരണ കാരണം വ്യക്തമാകുകയുള്ളു.
അതേസമയം പെൺകുട്ടിയുടെ ശരീരത്തിൽ സിഗരറ്റ് കുറ്റികൊണ്ട് പൊള്ളിച്ചതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. പിന്നാലെ ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പെൺകുട്ടിയുടെ മരിച്ച നിലയിൽ കണ്ടെത്തിയ അതേ ദിവസം ദമ്പതികളും സുഹൃത്തും ചേർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസിന് ദമ്പതികൾ മൊഴി നൽകിയിട്ടുണ്ട്.
ALSO READ; കൊച്ചിയിൽ യുവാവിനെ ബ്ലേഡ്കൊണ്ട് ആക്രമിച്ച് മൊബൈൽ കവർച്ച
ഇതിന്റെ അടിസ്ഥാനത്തിൽ ദമ്പതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ സുഹൃത്ത് ലോകേഷിനെയുള്ള തെരച്ചിലും പൊലീസ് ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായോ എന്നതടക്കമുള്ള വശങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here