ഐപിഎല്ലിലെ ഒന്നാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ 15 റൺസി ന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനലിൽ. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ബോളിംഗ് തെരഞ്ഞെടുത്തു.
ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. ഓപ്പണർമാരായ ഋതുരാജ് ഗെയ്‌ക്‌വാദിന്‍റെയും ഡെവൺ കോൺവേയുടെയും പ്രകടനമാണ് ചെന്നൈയെ ഭേദപ്പെട്ട സ്കോർ പടുത്തുയർത്താൻ സഹായിച്ചത്. ഗെയ്‌ക്‌വാദ് 44 പന്തിൽ ഒരു സിക്സും ഏഴു ഫോറുമടക്കം 60 റൺസെടുത്തു. 34 പന്തിൽ 40 റൺസാണ് കോൺവേയുടെ സമ്പാദ്യം. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 10.3 ഓവറിൽ 87 റൺസ് കൂട്ടിച്ചേർത്തു. മുഹമ്മദ് ഷമി, മോഹിത് ഷർമ്മ എന്നിവരാണ് ഗുജറാത്ത് ബോളിംഗ് നിരയിൽ തിളങ്ങിയത്. ഇരുവരും രണ്ട് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് നിശ്ചിത 20 ഓവറിൽ 157 റൺസ് എടുക്കുന്നതിനിടയിൽ എല്ലാ വിക്കറ്റുകളും നഷ്ടമായി. 38 പന്തിൽ 42 റൺസ് എടുത്ത ശുഭ്മൻ ഗില്ലാണ് ഗുജറാത്ത് നിരയിൽ ചെറുത്ത് നിന്നത്. വാലറ്റത്ത് റാഷിദ് ഖാൻ 16 പന്തിൽ 30 റൺസ് നേടിയെങ്കിലും ടീമിനെ വിജയതീരത്ത് എത്തിക്കാൽ സാധിച്ചില്ല.ദീപക് ചാഹർ ,രവീന്ദ്ര ജഡേജ, മഹീഷ് തീക്ഷണ, മതീഷ് പതിര നഎന്നിവർ രണ്ട് വിക്കറ്റ് വീതവും തുഷാർ ദേശ് പാണ്ഡേ ഒരോ വിക്കറ്റും നേടി. കഴിഞ്ഞ മത്സരത്തില്‍നിന്ന് ഒരു മാറ്റവുമായാണ് ഗുജറാത്ത് ഇന്നിറങ്ങിയത്. പേസര്‍ യഷ് ദയാലിന് പകരം ദര്‍ശന്‍ നാല്‍കാണ്ഡെ ടീമിലിടം പിടിച്ചു. ചെന്നൈ കഴിഞ്ഞ മത്സരം കളിച്ച ടീമിനെ തന്നെ നിലനിർത്തി.
തോറ്റെങ്കിലും ഗുജറാത്തിന് ഫൈനലിൽ കടക്കാൻ ഒരവസരം കൂടി ബാക്കിയുണ്ട്. ബുധനാഴ്ച നടക്കുന്ന ലക്നൗ സൂപ്പർ ജയന്റ്സ്-മുംബൈ ഇന്ത്യൻസ് എലിമിനേറ്ററിലെ വിജയികളെ അവർ മേയ് 26ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ നേരിടും. അതിൽ ജയിക്കുന്നവർക്ക് ഫൈനലിൽ ചെന്നൈയെ നേരിടാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here