തൃശൂർ ചേർപ്പിലെ സദാചാര കൊലപാതകക്കേസിലെ ഒന്നാംപ്രതി രാഹുൽ അറസ്റ്റിൽ. മുംബൈയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഗൾഫിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയ ഉടൻ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. രാഹുലിനെ തിങ്കളാഴ്ച തൃശൂരിലെത്തിക്കും.
ഫെബ്രുവരി 19-ന് രാത്രി പെൺ സുഹൃത്തിനെ കാണാനെത്തിയ ബസ് ഡ്രൈവറായിരുന്ന സഹറാണ് സദാചാര ആക്രമണത്തിന് ഇരയായി മരണപ്പെട്ടത്. തൃശൂർ ജൂബിലി മിഷൻ ആശുപ്രതിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശിവരാത്രി ദിവസം രാത്രി ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് സഹറിന് മര്‍ദ്ദനമേറ്റത്. രാത്രി സഹറിനെ കണ്ട ആറംഗ സംഘം അനാവശ്യമായി ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മർദ്ദിക്കാൻ പദ്ധതിയിട്ടത് രാഹുലാണ്.
സഹറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. കൊലയാളികളായ ആറു പേരും ഒളിവിലാണെന്ന് വ്യക്തമാക്കിയിരുന്ന പൊലീസ് ഇവർക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചിരുന്നു. സംഭവത്തിൽ പ്രതികൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. ഇതിനിടെ ഉത്തരാഖണ്ഡിൽ നിന്നും 4 പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു. നാടുവിടാൻ ശ്രമിച്ച ഒരാളെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here