ചെസ് ലോകകപ്പ് ഫൈനല്‍; പ്രഗ്‌നാനന്ദ-കാള്‍സന്‍ രണ്ടാം മത്സരം ഇന്ന്, വിജയി കിരീടം ചൂടും

ചെസ് ലോകകപ്പ് ഫൈനലിലെ ആദ്യമത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം നോര്‍വേയുടെ മാഗ്നസ് കാള്‍സനെ സമനിലയില്‍ കുരുക്കിയ ഇന്ത്യയുടെ ആര്‍ പ്രഗ്‌നാനന്ദ ബുധനാഴ്ച രണ്ടാം മത്സരത്തിനറങ്ങും. ഇന്ന് വിജയിക്കുന്നവര്‍ ലോക കിരീടം ചൂടും. 35 നീക്കത്തിനൊടുവില്‍ കളി സമനിലയില്‍ അവസാനിപ്പിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. മത്സരം സമനിലയായാല്‍ വിജയിയെ നാളെ ടൈബ്രേക്കര്‍ വഴി നിശ്ചയിക്കും.

ലോകവേദിയിലെ നിര്‍ണായക പോരാട്ടത്തില്‍ പതിനെട്ടുകാരന് അമ്പരപ്പോ പരിഭ്രമമോ ഇല്ലായിരുന്നു. വെള്ളക്കരുക്കളുമായി ആത്മവിശ്വാസത്തോടെയുള്ള കരുനീക്കള്‍. ഒന്നാംറാങ്കുകാരനായ കാള്‍സനും പ്രഗ്‌നാനന്ദയെ നിസ്സാരനായി കണ്ടില്ല. ഇരുവരും ജാഗ്രതയോടെ തുടങ്ങി അവസാനിപ്പിച്ചു. അഞ്ച് തവണ ലോക കിരീടം നേടിയ താരമാണ് മാഗ്നസ് കാള്‍സന്‍.

ALSO READ: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും ബോണസും ഇന്ന് വിതരണം ചെയ്യും: മന്ത്രി ആന്‍റണി രാജു

സെമിയില്‍ ലോക മൂന്നാംറാങ്കുകാരനായ ഫാബിയോ കരുവാനയെ തോല്‍പ്പിച്ചാണ് പ്രഗ്‌നാനന്ദ ആദ്യമായി ഫൈനലില്‍ കടന്നത്. വിശ്വനാഥന്‍ ആനന്ദിനുശേഷം ഈ നേട്ടം കൈവരിച്ച ഇന്ത്യക്കാരനാണ്. 2000, 2002 വര്‍ഷങ്ങളില്‍ ആനന്ദ് ജേതാവായിരുന്നു. അന്ന് 24 കളിക്കാര്‍ പങ്കെടുത്ത ലീഗ് കം നോക്കൗട്ട് മത്സരമായിരുന്നു. 2005 മുതല്‍ ലോകകപ്പ് നോക്കൗട്ട് അടിസ്ഥാനത്തിലാണ്. ഇക്കുറി 206 കളിക്കാരാണ് അണിനിരന്നത്. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് അടുത്തവര്‍ഷം നടക്കുന്ന കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ കളിക്കാമെന്ന സവിശേഷതയുണ്ട്. നിലവിലെ ലോകചാമ്പ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള ഈ ടൂര്‍ണമെന്റില്‍ പ്രഗ്‌നാനന്ദക്കും കളിക്കാം. ഈ അവസരം ലഭിക്കുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ്.

മാഗനസ് കാള്‍സനും ബോബി ഫിഷറും പതിനാറാംവയസ്സില്‍ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ലൂസേഴ്സ് ഫൈനലില്‍ ആതിഥേയരായ അസര്‍ബൈജാന്റെ നിജാത് അബസോവ് അമേരിക്കയുടെ ഫാബിയാനോ കരുവാനയെ തോല്‍പ്പിച്ചു. ഇന്ന് സമനില നേടിയാല്‍ നിജാതിന് മൂന്നാംസ്ഥാനം ലഭിക്കും.

ALSO READ: സൗജന്യ ഓണക്കിറ്റ് വിതരണം: ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ജി ആർ അനിൽ; നാളെ മുതൽ കിറ്റ് വാങ്ങാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News