ക്രിസ്മസായിട്ട് രാവിലെ എന്താ ബ്രേക്ക്ഫാസ്റ്റ്? എന്തുമായിക്കോട്ടെ… അതിനൊപ്പം കഴിക്കാൻ ഒരു കിടിലൻ ചിക്കൻ വിഭവം തന്നെ രാവിലെ തയ്യാറാക്കിയാലോ? എങ്കിൽ ഇന്നൊരു ചിക്കൻ മപ്പാസ് ഉണ്ടാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന, അപ്പത്തിനും, ദോശയ്ക്കും, പാലപ്പത്തിനും, ചപ്പാത്തിക്കുമൊക്കെ ഒപ്പം കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ ചിക്കൻ മപ്പാസ് നമുക്ക് ഉണ്ടാക്കാം…റെസിപ്പി ഇതാ…
ആവശ്യമായ ചേരുവകൾ:
ചിക്കൻ – ആവശ്യത്തിന്
സവാള (അരിഞ്ഞത്) – 2 വലുത്
തക്കാളി (അരിഞ്ഞത്) – 1 ഇടത്തരം
വെളിച്ചെണ്ണ – 5 ടേബിൾസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ചുവന്നുള്ളി (അരിഞ്ഞത്) – 5 എണ്ണം
വറ്റൽമുളക് – 1 എണ്ണം
ഗ്രാമ്പു – 4 എണ്ണം
ഏലക്ക – 2 എണ്ണം
കറുത്ത കുരുമുളക് – 10 എണ്ണം
കറുവാപ്പട്ട – 1 ചെറുത്
പച്ചമുളക് (അരിഞ്ഞത്) – 3 – 4 എണ്ണം
ഇഞ്ചി (അരിഞ്ഞത്) – 1/2 ഇഞ്ച്
വെളുത്തുള്ളി (അരിഞ്ഞത്) – 5 എണ്ണം
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 2 ടീസ്പൂൺ
മീറ്റ് മസാല (ഓപ്ഷണൽ) – 1/2 ടീസ്പൂൺ
ഗരം മസാല – 1/4 ടീസ്പൂൺ
തേങ്ങാപ്പാൽ (രണ്ടാം പാൽ) – 1 3/4 കപ്പ്
തേങ്ങാപ്പാൽ (ഒന്നാം പാൽ) – 3/4 കപ്പ്
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ആദ്യമായി ഒരു ബൗളിൽ ചിക്കൻ എടുക്കുക. ശേഷം മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്ത് മാറ്റിവെക്കുക. ഇനി ഒരു പാനെടുത്ത് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഗ്രാമ്പു, ഏലക്ക, കറുത്ത കുരുമുളക്, കറുവാപ്പട്ട എന്നിവ ചേർത്ത് ഒരു മിനിറ്റ് ഇളക്കുക. ഇതിലേക്ക് ഇതിൽ ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക്, കറിവേപ്പില, ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയെടുക്കണം.ഇനി മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മീറ്റ് മസാല, ഗരം മസാല എന്നിവ ചേർത്തു ഒരു മിനിറ്റ് ഇളക്കി തക്കാളിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്കാണ് ചിക്കൻ ചേർക്കേണ്ടത്.ഇപ്പോൾ മാരിനേറ്റ് ചെയ്ത ചിക്കൻ ഈ കൂട്ടിലേക്ക് ചേർക്കാം.പിന്നാലെ ഇളക്കി രണ്ടാം പാൽ ചേർത്ത് യോജിപ്പിക്കണം. ഇത് 15 – 20 മിനിറ്റ് ചെറിയ തീയിൽ അടച്ചുവെച്ച് വേവിക്കണം. വെന്തു വരുമ്പോൾ തലപ്പാൽ ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here