മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. വ്യാഴാഴ്ച കണ്ണൂര്‍ കല്യാശ്ശേരിയില്‍ 164 ാം നമ്പര്‍ ബൂത്തില്‍ 92 വയസ്സുള്ള മുതിര്‍ന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധമായ ഇടപെടല്‍ ഉണ്ടായെന്ന പരാതിയെത്തുടര്‍ന്നു അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 18ന് രാത്രി ഇത് സംബന്ധിച്ച വിവരം ലഭിച്ച ഉടന്‍ തന്നെ തുടര്‍നടപടികള്‍ക്ക് കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് രാത്രി 1.30 ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍ പൗര്‍ണ്ണമി വിവി, പോളിങ് അസിസ്റ്റന്റ് പ്രജിന്‍ ടി കെ, മൈക്രോ ഒബ്‌സര്‍വര്‍ ഷീല എ, സിവില്‍ പൊലീസ് ഓഫീസര്‍ ലെജീഷ് പി, വീഡിയോഗ്രാഫര്‍ റിജു അമല്‍ജിത്ത് പിപി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അഞ്ചാംപീടിക കപ്പോട് കാവ് ഗണേശന്‍ എന്നയാള്‍ വോട്ടിങ് പ്രക്രിയയില്‍ അനധികൃതമായി ഇടപെട്ടിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇത് 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 128(1) വകുപ്പിന്റെ ലംഘനമാണ്. ഇയാള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരവും നടപടി സ്വീകരിക്കും. അസി. റിട്ടേണിങ് ഓഫീസറുടെ പരാതിയില്‍ കണ്ണപുരം പൊലീസ് ഈ സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ഐപിസി 171 (സി) 171 (എഫ്) പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിലെ 128 വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.
ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്നപൗരന്മാര്‍ക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ള വീട്ടില്‍ വോട്ട് നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തസ്സും അന്തസത്തയും കാത്തുസൂക്ഷിക്കുന്നവിധം ജാഗ്രതയോടെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
ALSO READ:മഷി പുരളാന്‍ ഇനി ആറുനാള്‍; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here