മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ് ഐ.എഫ്.എസ് തിങ്കളാഴ്ച വിരമിക്കുന്നു; പടിയിറങ്ങുന്നത് പെരിയാര്‍ മോഡലിന്റെ സൃഷ്ടാവ്

വനം വകുപ്പില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ വഴി വകുപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്തിയ മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ് തിങ്കളാഴ്ച സേവനത്തില്‍ നിന്നും വിരമിക്കുന്നു. 1988 ബാച്ച് കേരളാ കേഡര്‍ ഉദ്യോഗസ്ഥനാണ്.

നോര്‍ത്ത് വയനാട് ഡിവിഷനില്‍ ഐ.എഫ്.എസ്. പ്രൊബേഷണറായി സര്‍വ്വീസില്‍ പ്രവേശിച്ചു. മൂന്നാര്‍ ഡിവിഷന്‍ അസിസ്റ്റന്റ് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍, തിരുവനന്തപുരം വനം വകുപ്പ് ആസ്ഥാനത്ത് മോണിറ്ററിംഗ് & ഇവാല്യുവേഷന്‍ വിഭാഗം ഡി.സി.എഫ്, നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ. തേക്കടിയില്‍ വൈല്‍ഡ്ലൈഫ് പ്രിസര്‍വേഷന്‍ ഓഫീസര്‍, ആസ്ഥാന ഓഫീസില്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം ഡി.സി.എഫ്., തേക്കടിയില്‍ ഇക്കോ ഡെവലപ്പ്മെന്റ് ഓഫീസര്‍, മൂന്നാര്‍, കോന്നി എന്നിവിടങ്ങളില്‍ ഡി.എഫ്.ഒ., കൊല്ലം വര്‍ക്കിംഗ് പ്ലാന്‍ ഓഫീസര്‍, കോട്ടയം ഡി.എഫ്.ഒ., തിരുവനന്തപുരത്ത് വൈല്‍ഡ്ലൈഫ് വിഭാഗം ഡി.സി.എഫ്., പ്രോജക്ട് ടൈഗര്‍ ഫീല്‍ഡ് ഡയറക്ടര്‍, ഹൈറേഞ്ച് സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍, അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് കണ്‍സര്‍വേറ്റര്‍, ഇക്കോഡെവലപ്പ്മെന്റ് & ട്രൈബല്‍ വെല്‍ഫെയര്‍, വര്‍ക്കിംഗ് പ്ലാന്‍ & റിസര്‍ച്ച് വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, കേരള നിര്‍മ്മിതി കേന്ദ്രം ഡയറക്ടര്‍, ഹൈറേഞ്ച് സര്‍ക്കിള്‍ സി.സി.എഫ്., വന്യജീവി വിഭാഗം എ.പി.സി.സി.എഫ്, കെ.എഫ്.ഡി.സി. മാനേജിംഗ് ഡയറക്ടര്‍, പി.സി.സി.എഫ്, (എഫ്,എല്‍& ആര്‍) & എസ്.എ. & എന്‍.ഒ., കസ്റ്റോഡിയന്‍ ഇ.എഫ്.എല്‍., ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ എന്നീ പദവികള്‍ വഹിച്ച ശേഷം 2022-ല്‍ മുഖ്യ വനംമേധാവിയായി (PCCF & HoFF) നിയമിതനായി.

Also Read: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജൻ

നിലമ്പൂരില്‍ ഡി.എഫ്.ഒ. ആയിരിക്കെ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്ന ഇടപെടല്‍ അദ്ദേഹം നടത്തിയിരുന്നു. വേട്ടയാടല്‍, കള്ളക്കടത്ത് എന്നിവ തടയുന്നതില്‍ അദ്ദേഹത്തിന്റേതായ പ്രത്യേക ശൈലി പ്രാവര്‍ത്തികമാക്കിയാണ് പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നത്. നിയമ പ്രശ്നങ്ങള്‍ വ്യാഖ്യാനിക്കുന്നതിലും അനുപമമായ വൈദഗ്ധ്യം പുലര്‍ത്തിയിരുന്നു.

പങ്കാളിത്ത വനപരിപാലനത്തിന്റെ ഭാഗമായി 1997-2000 കാലത്ത് തേക്കടി ഇക്കോ ഡവലപ്മെന്റ് ഓഫീസറായിരിക്കെ പെരിയാര്‍ ഇക്കോഡെവലപ്പ്മെന്റ് കമ്മിറ്റിക്കായി തയ്യാറാക്കിയ മൈക്രോ പ്ലാന്‍ (ഇന്ത്യാ ഇക്കോ ഡവലപ്മെന്റ് പ്രോജക്റ്റ്) (പിന്നീട് പെരിയാര്‍ മോഡല്‍ എന്നറിയപ്പെട്ടു) രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. ക്രിട്ടിക്കല്‍ ടൈഗര്‍ ഹാബിറ്റാറ്റ് ആയി പെരിയാറിനെ പ്രഖ്യാപിച്ചത് ഉള്‍പ്പെടെയുള്ള നൂതന പരിഷ്‌ക്കാരങ്ങള്‍ അദ്ദേഹത്തിന്റെതാണ്. പെരിയാറില്‍ ഇക്കോഡെവലപ്മെന്റ് ഓഫീസറായിരിക്കെ അവിടെ 72 ഓളം ഇ.ഡി.സി.കള്‍ രൂപീകരിച്ചു.ഗോത്രവര്‍ഗ്ഗക്കാരെ ചൂഷണത്തില്‍ നിന്നും മോചിപ്പിക്കുന്നതിനായുള്ള ക്രിയാത്മകമായ ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. പെരിയാറില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്ന വേട്ടക്കാരെ അമര്‍ച്ച ചെയ്ത്, അവരെ ബോധവത്ക്കരിച്ച് ഉത്തമ വനസംരക്ഷകരാക്കി മാറ്റുന്നതില്‍ ബെന്നിച്ചന്‍ തോമസ് സുപ്രധാന പങ്ക് വഹിച്ചു.

Also Read: പാകിസ്ഥാനിലെത്തിയ അഞ്ജു ഫാത്തിമയായി, വീടും പണവും ജോലിയും വാഗ്ദാനം ചെയ്ത് ബിസിനസുകാരന്‍

വനസംരക്ഷണത്തില്‍ നൂതന സാദ്ധ്യതകള്‍ തുറക്കുന്ന കവാടമാണ് പരിസ്ഥിതി പുന:സ്ഥാപനം അഥവാ ഇക്കോറെസ്റ്റോറേഷന്‍. ഇതിന്റെ സാദ്ധ്യതകള്‍ മുന്‍നിര്‍ത്തി അദ്ദേഹം തയ്യാറാക്കിയ ‘Eco restoration of failed Teak and Pulpwood Plantations’ ഈ രംഗത്തെ പ്രാമാണിക രേഖയാണ്. ഇ.എഫ്.എല്‍. കസ്റ്റോഡിയന്‍ ആയി ജോലി നോക്കുന്ന കാലയളവില്‍ ഏകദേശം നൂറ്റി ഇരുപതോളം കേസുകള്‍ വിജയിപ്പിക്കുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്തു.

Also Read: അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന നിയമം കൊണ്ടു വരുന്ന കാര്യം പരിഗണനയിൽ: മന്ത്രി വി.ശിവൻകുട്ടി

വനം സര്‍വ്വീസില്‍ നീണ്ട മുപ്പത്തിയഞ്ച് സംവത്സരക്കാലം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ വേളയില്‍ ഒരു ഉദ്യോഗസ്ഥന്‍ എന്നതിലുപരിയായി ഒരുത്തമ വനസംരക്ഷകന്‍ എന്ന നിലയിലുള്ള മഹത്തായ സംഭാവനകള്‍ നല്‍കിയാണ് ബെന്നിച്ചന്‍ തോമസ് ഐ.എഫ്.എസ് സര്‍വ്വീസില്‍ നിന്നും പടിയിറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News