പരീക്ഷകളും ഫലപ്രഖ്യാപനങ്ങളും സമയബന്ധിതമാക്കി എന്നതാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ വലിയൊരു മാറ്റം; മുഖ്യമന്ത്രി

നവകേരള സദസ്സിനോടനുബന്ധിച്ച് ചേരുന്ന പ്രഭാതയോഗങ്ങളിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ മുൻനിർത്തി ഒട്ടേറെ നിർദേശങ്ങൾ വളരെ സജീവമായി ഉയർന്നുവരുന്നുണ്ട്. വ്യാഴാഴ്‌ച അങ്കമാലിയിൽ ചേർന്ന യോഗത്തിൽ മാധ്യമപ്രവർത്തകൻ ശ്രീകണ്ഠൻ നായർ ഉൾപ്പെടെയുള്ളവർ ഈ വിഷയം ഉന്നയിച്ചു. ലോകത്തെ ഏതു വികസിത നാടിനോടും കിടപിടിക്കുന്ന അവസ്ഥയിലേക്ക് കേരളത്തെ ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. വിദേശ രാജ്യങ്ങളിലേക്ക് വിദ്യാർഥികൾ പോകുന്നത്, നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തി പ്രതിരോധിക്കാനാണ് ശ്രമം. വിദ്യാർഥികൾ പഠനത്തിനായി വിദേശത്ത് പോകുന്നതിൽ വല്ലാതെ ആശങ്കപ്പെടേണ്ടതില്ല. മുൻതലമുറ വളർന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. ഉള്ളംകൈയിൽ ലോകമാകെ ലഭിക്കുന്ന കാലമാണിത്‌.

വിദേശരാജ്യങ്ങളിൽനിന്ന് വിദ്യാർഥികൾ ഇങ്ങോട്ട്‌ വരുന്ന സാഹചര്യം ഉണ്ടാക്കണമെന്ന ശ്രീകണ്ഠൻ നായരുടെ അഭിപ്രായം പ്രസക്തവും പ്രധാനവുമാണ്. ആ ലക്ഷ്യം സാധ്യമാക്കുന്നതിന്‌ നിരന്തരമായ ഇടപെടൽ സർക്കാർ നടത്തുന്നുണ്ട്‌. 2016ൽ സർക്കാർ അധികാരത്തിൽ വന്നയുടൻ പൊതുവിദ്യാഭ്യാസ സംരക്ഷണം ഒരു യജ്ഞമായി ഏറ്റെടുത്തു. അതിന്റെ പൂർത്തീകരണത്തോടൊപ്പം വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് മുന്നേറാനുള്ള തീവ്രശ്രമങ്ങൾ ഈ സർക്കാർ നടത്തിവരുന്നു.

ഉന്നതവിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത വളർച്ചയാണ് കഴിഞ്ഞ ഏഴു വർഷങ്ങളിൽ കേരളത്തിലുണ്ടായത്. സർവകലാശാലാ നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്കരിക്കുകയും ജനാധിപത്യപരമായ പ്രവർത്തനങ്ങളും അക്കാദമിക് സ്വയംഭരണവും ഉന്നതവിദ്യാഭ്യാസ രംഗത്ത് ഉറപ്പുവരുത്തുകയും ചെയ്തു. 2016-നു ശേഷം ഈ നാൾവരെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽമാത്രം പുതിയ 1278 കോഴ്സ്‌ ആരംഭിച്ചു. ഇതുവഴി 47,200-ലേറെ പുതിയ സീറ്റുകൾ സൃഷ്ടിച്ചു.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്താനും നമുക്ക് കഴിഞ്ഞു. ‘നാക്‌’ അക്രെഡിറ്റേഷനിൽ കേരളസർവകലാശാല എ++, കലിക്കറ്റ്, കുസാറ്റ് സർവകലാശാലകൾ എ+ ഗ്രേഡുകൾ നേടി. സംസ്ഥാനത്തെ കോളേജുകളിൽ 22 എണ്ണം രാജ്യത്തെതന്നെ മികച്ച ഗ്രേഡായ എ++ ഉം 38 കോളേജ്‌ എ+ഉം 60 കോളേജ്‌ എ ഗ്രേഡും നേടി.ടൈംസ് ഹയർ എഡ്യൂക്കേഷൻ റാങ്കിങ്ങിൽ മഹാത്മാഗാന്ധി സർവകലാശാല ഇടംപിടിച്ചു. എൻഐആർഎഫ്‌ റാങ്കിങ്ങിൽ ആദ്യ 100ൽ സംസ്ഥാനത്തെ 17 കോളേജും ആദ്യ 200ൽ 47 കോളേജും ഇടംപിടിച്ചു. അതായത്, രാജ്യത്തെ മികച്ച കോളേജുകളിൽ 21 ശതമാനവും കേരളത്തിലാണ്‌. ആ സ്ഥാപനങ്ങളെല്ലാം സർക്കാർ,- എയ്‌ഡഡ്‌ മേഖലയിലുമാണ്.

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് സ്ഥാപനങ്ങൾക്ക് അംഗീകാരമുദ്ര നൽകുന്ന നാഷണൽ ബോർഡ് ഓഫ് അക്രെഡിറ്റേഷൻ (എൻബിഎ) കേരളത്തിലെ ഒമ്പത്‌ സർക്കാർ/എയ്ഡഡ് എൻജിനിയറിങ് കോളേജുകളിലെ 41 ബ്രാഞ്ചുകൾക്ക് അക്രെഡിറ്റേഷൻ നൽകി. പോളിടെക്നിക് വിഭാഗത്തിൽനിന്ന് സംസ്ഥാനത്ത് ആദ്യമായി തൃശൂരിലെ നെടുപുഴ സർക്കാർ വനിതാ പോളിടെക്നിക് 2020-ൽ എൻബിഎ അംഗീകാരം നേടി. കേന്ദ്ര സർവകലാശാലകളിലടക്കം പകുതിയിലേറെ അധ്യാപകതസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോഴും കേരളം പിഎസ്‌സിവഴി കഴിഞ്ഞ രണ്ടുവർഷം 186 നിയമനവും എയ്ഡഡ് കോളേജുകളിൽ 902 നിയമനവും നടത്തി. 2016-–-17ൽ 55,007 അധ്യാപകർ ഉണ്ടായിരുന്നിടത്ത്‌ 2020– –21ൽ 61,080 ആയി. കേരളത്തിൽ വിദ്യാർഥി-– -അധ്യാപക അനുപാതം 1:16 ആണെങ്കിൽ ദേശീയ ശരാശരി 1: 24 ആണ്.

കേരളത്തിന്റെ ഗ്രോസ് എൻറോൾമെന്റ്‌ നിരക്ക്(ജിഇആർ) നിലവിൽ ഏകദേശം 45 ശതമാനമാണ്. പുറത്ത് വിദ്യാഭ്യാസം നേടുന്ന കേരളത്തിലെ വിദ്യാർഥികളുടെ കണക്കുകൂടി ചേർത്താൽ ഇപ്പോൾത്തന്നെ 50 ശതമാനം ജിഇആർ കൈവരിച്ച സംസ്ഥാനമാണ് കേരളം. നിലവിൽ ലക്ഷ്യം വയ്ക്കുന്നത് 2035 ആകുമ്പോഴേക്കും ജിഇആർ 75 ശതമാനത്തി-ൽ കൂടുതൽ എത്തിക്കുക എന്നതാണ്. എസ്റ്റിമേറ്റഡ് എൻറോൾമെന്റ്‌ 2016–- -17ൽ 10,33,143 ആയിരുന്നത് 2020––21ൽ 1,36,44,536 ആയി ഉയർന്നു. സംസ്ഥാനത്ത്‌ ഒരു ലക്ഷം വിദ്യാർഥികൾക്ക് 50 കോളേജെന്ന അനുപാതത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ദേശീയ ശരാശരി 31 ആണ്. 2021ൽ മാത്രം 2,11,945 വിദ്യാർഥികൾ ഇവിടെ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങി.

പരീക്ഷകളും ഫലപ്രഖ്യാപനങ്ങളും സമയബന്ധിതമാക്കി എന്നതാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ വലിയൊരു മാറ്റം. ബിരുദ-ബിരുദാനന്തര പ്രവേശനവും ഫലപ്രഖ്യാപനവും ഏകീകരിക്കുകയും ചെയ്തു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിൽ വലിയ കുതിച്ചുചാട്ടമാണുണ്ടായത്. സർക്കാർ കോളേജുകളുടെയും സർവകലാശാലകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക ഉന്നമനത്തിനുമായി കിഫ്‌ബി പദ്ധതിയിൽ 700 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. 750 കോടി രൂപയുടെ പദ്ധതികൾക്കുള്ള അംഗീകാരം അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ അഞ്ച്‌ ബജറ്റിലായി പദ്ധതിയിനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് ആകെ 4508.48 കോടി രൂപ അനുവദിച്ചു.

ALSO READ: കാശ്മീർ വാഹനാപകടം; നാല് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയ്ക്ക്‌ തിരൂരിലും എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയ്ക്ക്‌ വിളപ്പിൽശാലയിലും ഭൂമി ഏറ്റെടുത്തു. സ്ഥിരം ക്യാമ്പസും ആസ്ഥാന മന്ദിരവും നിർമിക്കാൻ നടപടികൾ ആരംഭിച്ചു. വിദൂര വിദ്യാഭ്യാസം ഒരു കുടക്കീഴിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തിനായി സംസ്ഥാനത്ത് ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റിയായി- ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കൊല്ലത്ത് പ്രവർത്തനമാരംഭിച്ചു. പുതുതായി മൂന്നു സർക്കാർ ആർട്സ് ആൻഡ്‌ സയൻസ് കോളേജും അഞ്ച്‌ എയ്ഡഡ് ആർട്സ് ആൻഡ്‌ സയൻസ് കോളേജും തുടങ്ങി.

ഗവേഷണ പദ്ധതികൾക്ക് വലിയ പ്രോത്സാഹനം നൽകുന്നുണ്ട്‌. എൻജിനിയറിങ് വിദ്യാർഥികളിൽ ഗവേഷണാഭിരുചി വളർത്തുന്നതിനും അധ്യാപകരുടെ ഗവേഷണ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനുമായി തിരുവനന്തപുരത്ത് ‘ട്രെസ്റ്റ്‌ പാർക്ക്‌’ (TREST)സ്ഥാപിച്ചു. ഉന്നതമായ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന്‌ പ്രഗത്ഭമതികളായ ഗവേഷകർക്ക് കൈരളി ഗവേഷണ പുരസ്കാരം നൽകുന്നു. 1000 അധ്യാപക തസ്തിക അനുവദിക്കുന്നതിനും 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് പ്രതിമാസം ഒരു ലക്ഷം രൂപ നിരക്കിൽ നൽകുന്നതിനും സൗജന്യ ഇന്റർനെറ്റ് സൗകര്യത്തിനും തുക വകയിരുത്തി.

ALSO READ: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് അവധി

തൊഴിൽ പരിശീലനത്തിന് ഊന്നൽ നൽകുന്ന നയം നടപ്പാക്കി. അസാപ്പിനു കീഴിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒമ്പതു നൈപുണ്യ പരിശീലന സമുച്ചയം കമ്യൂണിറ്റി സ്കിൽ പാർക്കുകൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ ഏഴെണ്ണത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. എൻജിനിയറിങ് കോളേജുകളിൽ നിന്ന് ബിരുദ-ബിരുദാനന്തര കോഴ്‌സുകൾ പൂർത്തിയാക്കുന്നവർക്ക് തദ്ദേശഭരണ സ്ഥാപനങ്ങളിലോ തദ്ദേശഭരണ വകുപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളിലോ സ്റ്റൈപെൻഡോടെ ഒരു വർഷം ഇന്റേൺഷിപ്പിന് അവസരമൊരുക്കി. സർവകലാശാലകളിൽ ബിസിനസ് ഇൻകുബേഷൻ ആൻഡ്‌ ഇന്നൊവേഷൻ സെന്ററുകൾ ആരംഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 14 ടെക്‌നോളജി ബിസിനസ് ഇൻകുബേഷൻ സെന്ററുകളുടെയും പ്രവർത്തനങ്ങൾ വിപുലപ്പെടുത്തി. വിവിധ മേഖലകളിലെ വിദഗ്ധരും ജനവിഭാഗങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത ചർച്ച അർഥപൂർണവും ക്രിയാത്മകവുമായിരുന്നു.

നവകേരള സദസിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തൽ, ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News