ക്രിയാത്മകമായ ചർച്ചകൾ നവകേരള സദസ്സിനെ ജനാധിപത്യത്തിന്റെ മികവുറ്റ മാതൃകയാക്കി മാറ്റുന്നു; മുഖ്യമന്ത്രി

നവകേരളയാത്ര കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി വ്യാഴാഴ്‌ച ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. ഉന്നതവിദ്യാഭ്യാസരംഗത്തെ നവീകരണം മുതൽ ഭിന്നശേഷിക്കാരുടെ അഭിവൃദ്ധിവരെ വിവിധ വികസന സാമൂഹിക വിഷയങ്ങളും പ്രശ്‌നപരിഹാരങ്ങളും മുന്നോട്ടുപോക്കുമാണ് കോട്ടയം ജില്ലയിലെ രണ്ടാം പ്രഭാതയോഗത്തിൽ ചർച്ചയായത്. പാല, കടുത്തുരുത്തി, വൈക്കം നിയമസഭാ നിയോജകമണ്ഡലങ്ങളിൽനിന്ന്‌ ക്ഷണിക്കപ്പെട്ടവരാണ് പ്രഭാതയോഗത്തിന്റെ ഭാഗമായത്. കുറവിലങ്ങാട് ദേവമാതാ പള്ളി പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരെ പ്രതിനിധീകരിച്ചെത്തിയ ക്ഷണിതാക്കൾ നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിച്ചു.

സ്കൂളുകളിൽ വായനയുടെ പ്രാധാന്യം ചർച്ചാ വിഷയമായി. യൂറോപ്യൻ രാജ്യങ്ങളിൽ പന്ത്രണ്ടാം ക്ലാസുവരെ വായന നിർബന്ധമാണെന്നും കേരളത്തിലെ സ്‌കൂളുകളിലും അത്തരത്തിലൊരു സമ്പ്രദായം കൊണ്ടുവരണമെന്നും പുസ്തകപ്രസാധകൻ രവി ഡിസി അഭിപ്രായപ്പെട്ടു. ഉന്നതവിദ്യാഭ്യാസമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതുവഴി 50,000 കോടി രൂപയുടെ സാമ്പത്തിക പുരോഗതി ഉറപ്പാക്കാൻ സാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വായന സ്‌കൂൾ കരിക്കുലത്തിന്റെ ഭാഗമാക്കുന്നത് സംബന്ധിച്ച് ഗൗരവതരമായ പരിശോധന സർക്കാർ നടത്തിവരുന്ന കാര്യം യോ​ഗത്തെ അറിയിച്ചു.

ഉന്നതവിദ്യാഭ്യാസത്തിന്റെ നവീകരണം പ്രഥമ പരി​ഗണന നൽകുന്ന വിഷയമാണ്. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾത്തന്നെ ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുകയും അതിനനുസൃതമായി നടപടികൾ സ്വീകരിക്കുകയുമുണ്ടായി. നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച് കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബ്‌ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് നാം മുന്നോട്ട് നീങ്ങുന്നത്. ലാബുകളും ലൈബ്രറികളുമുൾപ്പെടെ വികസിതരാജ്യങ്ങളിലേതിനു സമാനമായ സൗകര്യങ്ങൾ ഒരുക്കാനാണ് സർക്കാർ ശ്രദ്ധിക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടക്കുകയാണ്. പലതിന്റെയും റിപ്പോർട്ടുകൾ പൂർത്തിയായി.

വിദേശരാജ്യങ്ങളിലേക്കു കുടിയേറുന്ന യുവജനങ്ങളെ സംസ്ഥാനത്തു പിടിച്ചുനിർത്താനുള്ള പദ്ധതികൾ സർക്കാർ തലത്തിൽ ആവിഷ്‌കരിക്കണമെന്നായിരുന്നു പാലാ രൂപത വികാർ ജനറൽ മോൺ. സെബാസ്റ്റിയൻ വേത്താനത്തിന്റെ ആവശ്യം. എന്നാൽ യുവാക്കൾ പുറത്തുപോകുന്നതിനെപ്പറ്റി ആശങ്കയുണ്ടാകേണ്ടതില്ല. പഠിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഇനി എങ്ങോട്ടുപോകണമെന്നു വിദ്യാർഥികൾ ആലോചിക്കുന്ന ഈ കാലത്തിന്റെ മാറ്റമാണത്.

ന്യൂനപക്ഷ വകുപ്പിനെപ്പറ്റിയുള്ള ആശങ്കകൾ അകറ്റാനും യോഗത്തിലെ ചർച്ച ഉപകരിച്ചു. ആര്‌ വകുപ്പു കൈകാര്യം ചെയ്താലും സർക്കാർ ഒരേ രീതിയിലുള്ള നിലപാടാണ് സ്വീകരിക്കുന്നത്. ഭരണനടപടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അതു പ്രത്യേകമായി പരിശോധിക്കാവുന്നതാണ്. റബറിന്റെ വിലയിടിവിനുള്ള പ്രധാന കാരണം ആസിയാൻ കരാറുകൾ ഉൾപ്പെടെയുള്ള കേന്ദ്രനയങ്ങളാണെന്ന് വ്യക്തമാക്കി. കർഷകർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഓഫീസുകളെ സമീപിക്കുമ്പോൾ ഉദ്യോഗസ്ഥർ കൃത്യമായി കാര്യങ്ങൾ വിശദീകരിക്കുന്നതിന് നിർദേശം കൊടുക്കണമെന്നായിരുന്നു സംയോജിത കൃഷിയിൽ സംസ്ഥാന പുരസ്‌കാര ജേതാവായ വിധു രാജീവിന്റെ ആവശ്യം. അഗതികളെയും അനാഥരെയും സംരക്ഷിക്കുന്നത്‌ സ്‌കൂൾ കരിക്കുലത്തിന്റെ ഭാഗമാക്കണമെന്ന് സന്തോഷ് മരിയസദനം ആവശ്യപ്പെട്ടു.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള സ്ഥാപനങ്ങളിൽ പതിനെട്ടു വയസ്സിനുശേഷം അവർക്കു നിലവിൽ തുടരാനാകില്ല. ഇവിടങ്ങളിൽ സൗകര്യങ്ങൾ ഇല്ലാത്തതും വലിയ വെല്ലുവിളിയാണ്. ഇത്തരം ഇടങ്ങളിൽ അവർക്കു 18 വയസ്സിനുശേഷവും തുടരാനുള്ള അവകാശം നൽകുന്ന രീതിയിൽ മാറ്റമുണ്ടാകണമെന്ന്‌ ഭിന്നശേഷി വിദ്യാർഥികളുടെ അധ്യാപികയായ സിസ്റ്റർ റാണി ജോർജ് പറഞ്ഞു. ദേശീയ, രാജ്യാന്തര തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കു സർക്കാർ ജോലി നൽകണമെന്നും മാനസിക വെല്ലുവിളി നേരിടുന്നവർക്കും സർക്കാർ ജോലികളിൽ സംവരണം നൽകണമെന്നും സിസ്റ്റർ റാണി ജോസ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളിൽ എന്തു ചെയ്യാൻ പറ്റുമെന്ന്‌ സർക്കാർ ഗൗരവപൂർവം പരിശോധിക്കും.

സംസ്ഥാനത്തെ ഹെൽത്ത് കെയർ ഡെസ്റ്റിനേഷൻ ആക്കി വളർത്തണമെന്ന് ഇൻഡോ അമേരിക്കൻ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. ജാഫർ മുഹമ്മദ് ഇക്ബാൽ നിർദേശിച്ചു. നഴ്‌സുമാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ കേരളത്തിൽത്തന്നെ സൃഷ്ടിക്കുന്നതിന് ഇതുവഴി സാധിക്കും. നഴ്‌സിങ്‌ കൗൺസിലുമായി ചർച്ചചെയ്ത് നഴ്‌സിങ്‌ കോളേജുകളിൽ വിദ്യാർഥി അധ്യാപക അനുപാതം 1:10 എന്നതിന് പകരം 1:20 എന്ന രീതിയിലേക്ക് മാറ്റണം. ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മറവൻതുരുത്ത് പഞ്ചായത്തിനെ ടൂറിസ്റ്റ് വില്ലേജായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ നിർദേശങ്ങൾ വിശദമായി വിലയിരുത്തുമെന്ന് അറിയിച്ചു.

നെൽക്കർഷകരുടെ പിആർഎസ് വായ്പയെക്കുറിച്ച് അനാവശ്യമായ പരിഭ്രാന്തി വേണ്ടതില്ല. വായ്പാ ബാധ്യത കർഷകനല്ല, സർക്കാരിനാണ്. അതിനാൽ മറ്റേതെങ്കിലും തരത്തിൽ വായ്പ എടുക്കുന്നതിൽ കർഷകന് യാതൊരു തടസ്സവും ഉണ്ടാകില്ല. കുറവിലങ്ങാട് ദേവമാതാ മുത്തിയമ്മ പള്ളിയും മള്ളിയൂർ മഹാഗണപതി ക്ഷേത്രവും ജലാധിവാസ ഗണപതി ക്ഷേത്രവും യോജിപ്പിച്ചുകൊണ്ട് ടൂറിസം മേഖലയായി ഉയർത്തണമെന്ന സിനിമാ നാടൻ ബാബു നമ്പൂതിരിയുടെ നിർദേശത്തിൽ അനുഭാവ നടപടികൾ സ്വീകരിക്കാമെന്ന് വ്യക്തമാക്കി. ടൂറിസത്തിന് ഗുണകരമാകുന്ന ഈ ആശയം ആലോചിച്ചു മുന്നോട്ടുപോകും.

സംസ്ഥാനത്തെ കയർ തൊഴിലാളികൾക്ക് ആഴ്ചയിൽ കൂലി ലഭിക്കുന്ന നിലപാട് സ്വീകരിക്കണമെന്ന് കയർ തൊഴിലാളി പ്രതിനിധി രതിമോൾ പറഞ്ഞു. കയർ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് റിട്ടയർമെന്റ് ആനുകൂല്യം അതത് വർഷം കൊടുക്കണം. കയർ തൊഴിലാളികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തണമെന്നും പ്രവർത്തന ഫണ്ട് കൃത്യമായി കൊടുക്കണം എന്നും അവർ ആവശ്യപ്പെട്ടു. കുറവിലങ്ങാടിന്റെ സമഗ്ര വികസനം ലക്ഷ്യം വച്ചുള്ള സയൻസ് സിറ്റി എത്രയും വേഗം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്ന് ദേവമാതാ കോളേജ് റിട്ട. പ്രിൻസിപ്പൽ പ്രൊ.താർസീസ് ജോസഫ് ആവശ്യപ്പെട്ടു. സ്‌കൂൾതലത്തിൽ ഹെൽത്ത് എഡ്യൂക്കേഷൻ പാഠ്യവിഷയമാക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ALSO READ: ലോക്‌സഭയില്‍ നിന്നും പുറത്താക്കിയ സംഭവം; മഹുവ മൊയ്ത്രയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദളിത് ക്രൈസ്തവർക്ക് പട്ടികജാതി സംഭരണം നൽകാൻ കേന്ദ്രത്തിന് ശുപാർശ നൽകുന്ന പ്രമേയം പാസാക്കണമെന്ന പാലാ രൂപത ദളിത് കത്തോലിക്ക മഹാജനസഭാ ഡയറക്ടർ ഫാ. ജോസ് വടക്കേക്കൂട് ആവശ്യപ്പെട്ടു. ദളിത് ക്രൈസ്തവരുടെ പ്രശ്‌നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. പക്ഷേ, നടപടികൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്. വ്യാവസായികരംഗത്ത് നൈപുണ്യമുള്ള യുവാക്കളെ ജോലിക്കായി ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് യുവ സംരംഭകൻ പി സച്ചിൻ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നൂതന രീതിയിലുള്ള വ്യവസായരീതികൾ ഐടിഐ പോലെയുള്ള കരിക്കുലങ്ങളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം നടപ്പാക്കുമ്പോൾ അവ പരിശോധിക്കാൻ ജില്ലാ അടിസ്ഥാനത്തിൽ സമിതിക്ക് രൂപം നൽകണമെന്ന് ഭിന്നശേഷിക്കാരുടെ പ്രതിനിധി അഡ്വ. ജിതിൽ ജോസ് അഭിപ്രായപ്പെട്ടു. പുനരധിവാസ അഭയ കേന്ദ്രങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ തുടങ്ങണം. ഭിന്നശേഷിക്കാർക്ക് മെഡിസെപ്‌ മാതൃകയിൽ ഇൻഷുറൻസ് പരിരക്ഷ നൽകണം. ഭിന്നശേഷിക്കാർക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്നും അഡ്വ. ജിതിൻ ജോസ് ആവശ്യപ്പെട്ടു. നാടിന്റെ വികസനവും പുരോഗതിയുമായി ബന്ധപ്പെട്ട് സമഗ്രമായ ചർച്ചയാണ് ഇന്നത്തെ പ്രഭാതയോഗത്തിൽ നടന്നത്. പ്രതിനിധികളുടെ ചില തെറ്റിദ്ധാരണകൾ തിരുത്താൻ ചർച്ചകൾ ഉപകാരപ്പെട്ടു. അതുപോലെതന്നെ ജനങ്ങളുടെ വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ ഞങ്ങൾക്കും സാധിച്ചു. ക്രിയാത്മകമായ ഈ ചർച്ചകൾ നവകേരള സദസ്സിനെ ജനാധിപത്യത്തിന്റെ മികവുറ്റ മാതൃകയാക്കി മാറ്റുന്നു.

ALSO READ: നവകേരള സദസ് ഇന്ന് ആലപ്പുഴ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ

(നവകേരള സദസിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തൽ, ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചത്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News