പുതിയ തലമുറയോട് നീതി ചെയ്യുക, അവർക്കു മുന്നിൽ അവസരങ്ങളുടെ വിശാല ലോകം തുറക്കുക എന്ന നയമാണ് സർക്കാരിന്റേത്

ചലനാത്മകമായ സർക്കാരിന്റെ ഇടപെടൽ ഒരേ സമയം സമഗ്രവും സൂക്ഷ്മവുമാകും. ജനങ്ങളുടെ ഏറ്റവും സൂക്ഷ്മമായ ജീവിതപ്രയാസങ്ങൾപോലും കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമം അതിന്റെ ഭാഗമായാണ് ഉണ്ടാകുന്നത്. അത്തരം ഇടപെടലിന്റെ ഒരുദാഹരണമാണ് തൃശൂർ ജില്ലയിൽ മലക്കപ്പാറയ്ക്ക് സമീപം തമിഴ്നാടിനോട് ചേർന്ന വനമേഖലയായ വെട്ടിവിട്ട കാട്ടിൽ വൈദ്യുതി എത്തിച്ചത്. അങ്ങോട്ടേക്ക് റോഡ് സൗകര്യമില്ല. പട്ടികവർഗ വികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ നാലു കിലോമീറ്റർ കേബിൾ ഇട്ടാണ് വൈദ്യുതി എത്തിച്ചത്. 92,46,000 രൂപ ചെലവിട്ടു. 13 കുടുംബങ്ങളിലായി 60 പേരാണ് അവിടെ താമസിക്കുന്നത്.

ദുർബല ജനവിഭാഗങ്ങളെ അതിദാരിദ്ര്യത്തിൽനിന്നും മോചിപ്പിക്കുന്നതിനായി പട്ടികജാതി- പട്ടികവർഗ വികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ‘ഹോം’ എന്ന കുടുംബാധിഷ്ഠിത സൂക്ഷ്മതല ആസൂത്രണ പദ്ധതി നടപ്പാക്കുകയാണ്. ഓരോ ഭവനത്തിനും അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. പാർപ്പിടം, ഭൂമി, തൊഴിൽ പരിശീലനം, കൃഷിഭൂമി, അടിസ്ഥാന സൗകര്യ വികസനം, കുട്ടികളുടെ മെച്ചപ്പെട്ട വിദ്യാഭ്യാസം, സ്വയം തൊഴിൽ എന്നിവ ഈ പദ്ധതിയിലൂടെ അർഹർക്ക് ഉറപ്പാക്കും.

നവകേരള സദസ്സ് പിന്നിട്ട എല്ലാ ജില്ലകളിലും അടിസ്ഥാന വിഭാഗങ്ങൾക്കുവേണ്ടിയുള്ള ക്ഷേമ പ്രവർത്തനം ചർച്ചചെയ്തിരുന്നു. അടച്ചുറപ്പും പൂർണ സുരക്ഷിതത്വവും ഇല്ലാത്ത ഭവനങ്ങളിൽ താമസിക്കുന്ന പട്ടികജാതി പട്ടികവർഗ ജനവിഭാഗങ്ങളുടെ വീടുകളുടെ നിർമാണം പൂർണതയിൽ എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് സേഫ്. മേൽക്കൂര ബലപ്പെടുത്തൽ, പ്ലാസ്റ്ററിങ്‌, പ്ലംബിങ്‌, വയറിങ്‌ എന്നീ പ്രവൃത്തികൾ പൂർത്തീകരിച്ച്‌ വീട് പൂർണമായും വാസയോഗ്യമാക്കുവാൻ പട്ടികജാതി പട്ടികവർഗ ജനവിഭാഗങ്ങൾക്ക് യഥാക്രമം 2 ലക്ഷം, 2.5 ലക്ഷം രൂപ വീതം ധനസഹായം ലഭിക്കും. 2 വർഷംകൊണ്ട് 13000 വീടുകൾ ഇങ്ങനെ പൂർത്തീകരിച്ചിട്ടുണ്ട്. എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും അടിസ്ഥാനരേഖകൾ ലഭ്യമാക്കുന്നതിനും അവ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കുന്നതിനും സൗകര്യമൊരുക്കുന്ന പദ്ധതിയാണ് അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ (എബിസിഡി). കേരളത്തിലാണ് ഇത്തരമൊരു പദ്ധതി ആദ്യമായി നടപ്പിലാക്കിയത്. വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ പൂർത്തീകരിച്ചു. മറ്റു ജില്ലകളിൽ അന്തിമ ഘട്ടത്തിലാണ്.

വിങ്‌സ് എന്ന പേരിൽ കൊമേഴ്സ്യൽ പൈലറ്റ് കോഴ്സിന് വർഷം തോറും 3 എസ്‌സി, 2 എസ്‌ടി, 1 ഒഇസി വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുന്ന പദ്ധതി വിജയകരമായി നടപ്പാക്കുകയാണ്. ഈ പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയ സങ്കീർത്തന ദിനേശ് നവകേരള സദസ്സിന്റെ കണ്ണൂരിലെ പ്രഭാത യോഗത്തിൽ എത്തിയിരുന്നു.
കുഞ്ഞുന്നാളിൽ തന്നെ പൈലറ്റാകണമെന്ന ആഗ്രഹമുണർന്നിരുന്നു. “ഇന്നെനിക്ക്‌ അഭിമാനത്തോടെ പറയാം. സർക്കാർ ഒപ്പം നിന്നപ്പോൾ എന്റെ സ്വപ്‌നം ഞാൻ നേടി. ആഗ്രഹിച്ചതുപോലെ ആകാശത്തിൽ ഇനി എനിക്ക്‌ ഉയർന്നു പറക്കാം’’ എന്നാണ് തന്റെ അനുഭവം സങ്കീർത്തന വിവരിച്ചത്‌.

തളിപ്പറമ്പ് കാഞ്ഞിരങ്ങാട് സ്വദേശിനിയായ സങ്കീർത്തന പ്ലസ്‌ടുവിന്‌ പഠിക്കുമ്പോഴാണ്‌ അച്ഛൻ ദിനേശ്‌ പക്ഷാഘാതം വന്നു കിടപ്പിലാകുന്നത്‌. ഡിഗ്രി രണ്ടാംവർഷമെത്തിയപ്പോൾ അദ്ദേഹം മരിച്ചു. അധ്യാപികയായ അമ്മ രാജമ്മ ഒരു വർഷം കഴിഞ്ഞപ്പോൾ സർവീസിൽനിന്ന്‌ വിരമിച്ചു. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പൈലറ്റ്‌ കോഴ്‌സിന്‌ അപേക്ഷിച്ച്‌ മൂന്നാം റാങ്കോടെ പ്രവേശനം നേടുമ്പോൾ വഴികളൊന്നുമുണ്ടായിരുന്നില്ല. പട്ടികജാതി ക്ഷേമവകുപ്പ്‌ എസ്‌സി, എസ്‌ടി, ഒഇസി വിദ്യാർഥികൾക്കായി നടപ്പാക്കുന്ന വിങ്‌സ്‌ പദ്ധതിയാണ്‌ തുണയായത്‌. ഒരു വിദ്യാർഥിക്ക്‌ മാത്രം കിട്ടുന്ന ധനസഹായം മന്ത്രി കെ രാധാകൃഷ്‌ണന്റെ ഇടപെടലിൽ സങ്കീർത്തന ഉൾപ്പെടെ അഞ്ച്‌ വിദ്യാർഥികൾക്ക്‌ കിട്ടി. 32 ലക്ഷം വീതമാണ്‌ അഞ്ച്‌ വിദ്യാർഥികൾക്കും സർക്കാർ അനുവദിച്ചത്‌.

ALSO READ: ഡോ. ഷഹനയുടെ മരണം; പ്രതി ഡോക്ടർ റുവൈസ് കസ്റ്റഡിയിൽ

ഇതുകൂടാതെ പട്ടികവർഗ വികസനവകുപ്പ് മുഖേന 150 പട്ടികവർഗ വിദ്യാർഥികൾക്ക് എയർപോർട്ട്-എയർലൈൻ മാനേജ്മെന്റ് കോഴ്സുകളിൽ പരിശീലനം നൽകി ജോലി ലഭ്യമാക്കി. പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ ഒരേ സമയം തൊഴിൽ സംരംഭകരും തൊഴിൽ ദാതാക്കളുമാക്കുന്നതിന് കേരള എംപവർമെന്റ് സൊസൈറ്റി ആരംഭിച്ചിട്ടുണ്ട്. പട്ടികവർഗ മേഖലകളിലെ സ്കൂളുകളിൽ വിദ്യാർഥികളുടെ ഹാജർ ഉറപ്പുവരുത്തുന്നതിനും കൊഴിഞ്ഞുപോക്ക് തടയുന്നതിനും യാത്രാസൗകര്യം ഉറപ്പാക്കുന്ന പദ്ധതിയാണ് വിദ്യാവാഹിനി.

8 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് നൽകി വന്നിരുന്ന പഠനമുറി പദ്ധതിയിൽ 5 മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികളെക്കൂടി ഉൾപ്പെടുത്തി. കേന്ദ്രീയ വിദ്യാലയങ്ങളിലെ കുട്ടികൾക്കും പഠനമുറിക്ക് അപേക്ഷിക്കാം. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 10,000 പഠനമുറികൾ അനുവദിച്ചു. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യത ഉള്ള യുവതീ യുവാക്കൾക്ക് സർക്കാർ സംവിധാനത്തിന് കീഴിൽ ഓണറേറിയത്തോടെ തൊഴിൽ പരിശീലനം നൽകുകയും മികവുറ്റ തൊഴിൽ മേഖലകളിൽ എത്തുന്നതിന് അവരെ പ്രാപ്തി ഉള്ളവരാക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കി ആദ്യ വർഷം തന്നെ 866 പേർക്ക് തൊഴിൽ പരിശീലനം നൽകുവാനായി.

ALSO READ:തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സിവിൽ സർവീസിലേക്ക് എത്തിക്കുന്നതിനായി പ്രതിവർഷം 30 പട്ടികവർഗ വിദ്യാർഥികൾക്ക് ഇന്ത്യയിലെവിടെയുമുള്ള പരിശീലന കേന്ദ്രത്തിൽ പഠിക്കാൻ സ്കോളർഷിപ് നൽകുന്നു. അതുപോലെ 60 പട്ടികജാതി വിദ്യാർഥികൾക്ക് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രത്യേക പരിശീലനവും സ്കോളർഷിപ്പും നൽകുന്നു.2.5 ലക്ഷത്തിനുമേൽ വരുമാനമുള്ള പട്ടിക വിഭാഗ വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാർ പോസ്റ്റ് മെട്രിക് സ്കോളർഷിപ് നിഷേധിച്ചപ്പോൾ ബജറ്റിൽ പ്രത്യേക തുക വകയിരുത്തി ഈ വിഭാഗത്തിലെ എല്ലാവർക്കും സംസ്ഥാന സർക്കാർ സ്കോളർഷിപ് നൽകി. ഐഐടി, ഐഐഎം നിഫ്ട് ഉൾപ്പെടെയുള്ള സ്വയംഭരണ സ്ഥാപനങ്ങളിലും കൽപ്പിത സർവകലാശാലകളിലും സംസ്ഥാനത്തിന് പുറത്തുള്ള പഠനത്തിനും സിഎ. ഐസിഡബ്ല്യു യുഎ , കമ്പനി സെക്രട്ടറി കോഴ്സുകൾക്കും മെരിറ്റ് / സംവരണാടിസ്ഥാനത്തിൽ പ്രവേശനം നേടുന്നവർക്ക് സ്കോളർഷിപ് ലഭ്യമാക്കുന്ന വിധത്തിൽ മാനദണ്ഡങ്ങൾ പരിഷ്കരിച്ചു.

പുതിയ തലമുറയോട് നീതി ചെയ്യുക, അവർക്കു മുന്നിൽ അവസരങ്ങളുടെ വിശാല ലോകം തുറക്കുക എന്ന നയമാണ് സർക്കാരിന്റേത്. സാമൂഹ്യ നീതിയാണ് ഈ സർക്കാർ എല്ലാക്കാലത്തും മുന്നോട്ടുവയ്‌ക്കുന്ന മുദ്രാവാക്യം. അതിനനുസൃതമായ ഇടപെടൽ ഏതു പ്രതിസന്ധി ഘട്ടത്തിലും നടത്തുന്നതുകൊണ്ടാണ് സർക്കാർ ആഭിമുഖ്യത്തിലുള്ള ബഹുജന സമ്പർക്ക പരിപാടിയായ നവകേരള സദസ്സിൽ ഉണ്ടാകുന്ന യുവജനങ്ങളുടെ ആവേശത്തോടെയുള്ള പങ്കാളിത്തം.

നവകേരള സദസിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തൽ, ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration