‘ഹരികുമാറിന്റെ മരണം മലയാള സിനിമയ്ക്ക് തീരാനഷ്ടം’; നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ മരണത്തിൽ മുഖ്യമത്രി പിണറായി വിജയൻ അനുശോചിച്ചു. കലാമൂല്യവും വാണിജ്യമൂല്യങ്ങളും അതിവിദഗ്ധമായി സമന്വയിപ്പിച്ച മലയാളത്തിലെ മധ്യവര്‍ത്തി സിനിമാപ്രസ്ഥാനത്തിന്റെ ശക്തരായ പ്രയോക്താക്കളില്‍ ഒരാളായിരുന്നു ഹരികുമാര്‍ എന്ന് അനുശോചന കുറിപ്പിൽ പറഞ്ഞു.

Also read:എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്; ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം മെയ് 9ന്

അനുശോചന കുറിപ്പിന്റെ പൂർണ രൂപം:

‘കലാമൂല്യവും വാണിജ്യമൂല്യങ്ങളും അതിവിദഗ്ധമായി സമന്വയിപ്പിച്ച മലയാളത്തിലെ മധ്യവര്‍ത്തി സിനിമാപ്രസ്ഥാനത്തിന്റെ ശക്തരായ പ്രയോക്താക്കളില്‍ ഒരാളായിരുന്നു ഹരികുമാര്‍. മുഖ്യധാരയ്ക്കും വിപണിയോട് ഒത്തുതീര്‍പ്പുകളില്ലാത്ത ശുദ്ധകലാസിനിമയ്ക്കും മധ്യേ മറ്റൊരു സിനിമ സാധ്യമാണ് എന്ന് തെളിയിച്ച ചലച്ചിത്രകാരന്മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. സാമാന്യജനങ്ങള്‍ക്ക് ആസ്വദിക്കാവുന്ന മസാലച്ചേരുവകളില്ലാത്ത നല്ല സിനിമകള്‍ സാധ്യമാണെന്ന് തെളിയിച്ച അദ്ദേഹം കഴിഞ്ഞ നാലുപതിറ്റാണ്ടായി ചലച്ചിത്രരംഗത്തെ സജീവസാന്നിധ്യമായിരുന്നു.

40 വര്‍ഷങ്ങള്‍ക്കിടയില്‍ ചെയ്ത 18 സിനിമകളും വ്യത്യസ്തമായ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നവയാണ്. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത ‘സുകൃതം’ ആണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ്. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ഈ സിനിമ നേടുകയുണ്ടായി. ലോഹിതദാസിന്റെ തിരക്കഥയെ ആസ്പദമാക്കിയുള്ള ‘ഉദ്യാനപാലകന്‍’, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ രചനയെ ആധാരമാക്കിയുള്ള ‘ജാലകം’, എം.മുകുന്ദന്റെ കഥയെ ഉപജീവിച്ചുകൊണ്ടുള്ള ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’, ചിത്രരചനാരംഗത്തെ വിസ്മയമായ ബാലനെക്കുറിച്ചുള്ള ‘ക്‌ളിന്റ്’ തുടങ്ങിയ സിനിമകള്‍ മലയാളിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News