‘നിലപാടുകളിൽ അചഞ്ചലൻ’: ബസേലിയോസ് തോമസ് ബാവയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ബസേലിയോസ് തോമസ് ബാവയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഭിവന്ദ്യ ബാവാ തിരുമേനിയുടേത് എന്ന് അനുശോചന കുറിപ്പിൽ പറഞ്ഞു.

അനുശോചന കുറിപ്പിന്റെ പൂർണ രൂപം :

ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഭിവന്ദ്യ ബാവാ തിരുമേനിയുടേത്.

യാക്കോബായ സുറിയാനി സഭയുടെ വളർച്ചയിൽ സമാനതകളില്ലാത്ത സംഭാവനകളാണ് അഭിവന്ദ്യ ബാവാ തിരുമേനി നൽകിയത്. പ്രയാസഘട്ടങ്ങളിൽ അക്ഷരാർത്ഥത്തിൽ സഭയെ സംരക്ഷിച്ചു നിർത്തിയ വലിയ ഇടയനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

Also read:കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം കെ സാനുവിന്

ഇന്ത്യയിലെ ക്രൈസ്തവ മേൽപട്ടക്കാരിൽ പ്രായം കൊണ്ടും ശുശ്രൂഷാ കാലയളവുകൊണ്ടും ഏറ്റവും തലമുതിർന്ന പിതാക്കന്മാരിൽ ഒരാളായിരുന്നു. ഏതു പ്രതിസന്ധിയെയും എത്ര വലിയ പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള ധൈര്യവും സമർപ്പണവുമായിരുന്നു ബാവാ തിരുമേനിയുടെ ഏറ്റവും വലിയ സവിശേഷത. ഒന്നിന്റെയും മുന്നിൽ അദ്ദേഹം പതറിയിട്ടില്ല, എല്ലാത്തിനെയും അദ്ദേഹം ധീരതയോടെ നേരിട്ടു. നിലപാടുകളിൽ അചഞ്ചലനായിരുന്നു അദ്ദേഹം. ബസേലിയോസ് എന്ന ഗ്രീക്ക് നാമത്തിന്റെ അർത്ഥത്തെ അന്വർത്ഥമാക്കുന്ന വ്യക്തിത്വമായി ജീവിതം കൊണ്ട് അദ്ദേഹം മാറി.

22 വർഷക്കാലം യാക്കോബായ സുറിയാനി സഭയുടെ തലവനായിരുന്നു ശ്രേഷ്ഠ ബാവ. സഭയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മേഖലയിലാവട്ടെ, സാമൂഹ്യ മേഖലയിലാവട്ടെ, സംവാദത്തിന്റെ മേഖലയിലാവട്ടെ, സഭാംഗങ്ങളുടെ പരിപാലന ശുശ്രൂഷയുടെ മേഖലയിലാവട്ടെ, സമഗ്രമായ ഇടപെടലുകളായിരുന്നു അദ്ദേഹം നടത്തിയത്.

കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും രാജ്യത്തിനു പുറത്തും ഒക്കെയായി അതിവിശാലമായി വളർന്നു പന്തലിച്ചു നിൽക്കുന്ന യാക്കോബായ സുറിയാനി സഭയുടെ തലവനായ, ലോകത്താകെയുള്ള വിശ്വാസികളുടെ വലിയ ഇടയനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സഭാംഗങ്ങളുടെയും അഭിവന്ദ്യ ബാവാ തിരുമേനിയുടെ ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News