വയനാട് ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള സാധ്യതകള്‍ പരിഗണിച്ചാണ് തിരച്ചില്‍ തുടരുന്നതെന്നും മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിയെത്തിയോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കൂടാതെ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന സ്വകാര്യ ലാബുകളില്‍ നടത്താന്‍ കഴിയുമോയെന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തില്‍ 224 മരണം സ്ഥീരികരിച്ചു. ദുരന്തമുഖത്ത് വിലപിടിപ്പുള്ള വസ്തുക്കള്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ വീണ്ടെടുക്കാന്‍ ശ്രമം നടത്തും. തകര്‍ന്നിടത്ത് അപകടകരമായി നില്‍ക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്ന കാര്യം പരിശോധിക്കും. മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. നാശ നഷ്ടങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കും. തകര്‍ന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം പൊതുമരാമത്ത് വകുപ്പ് പരിശോധിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കും. റേഷന്‍കടയുടെ പ്രവര്‍ത്തനം പുനസ്ഥാപിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായി ഒരാഴ്ച്ച പിന്നിട്ടിരിക്കുന്നു. കാണാതായവരെ കണ്ടെത്താന്‍ സാധ്യതകളൊന്നും ബാക്കിനിര്‍ത്താതെയുള്ളതെരച്ചിലാണ് ഇതുവരെയും നടത്തിയത്. ഇതിന്റെ ഭാഗമായി ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മുതല്‍ ഉരുള്‍ജലപ്രവാഹത്തിന്റെ വഴികളിലൂടെയുള്ള ഊര്‍ജിതമായ തെരച്ചിലും നിരീക്ഷണവും ഇന്നും നടക്കുകയാണ്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല ഭാഗത്തും സൂചിപ്പാറ വെള്ളച്ചാട്ടം മുതല്‍ പോത്തുകല്ല്, നിലമ്പൂര്‍ വരെ ചാലിയാര്‍ കേന്ദ്രീകരിച്ചുമാണ് ഇന്ന് തെരച്ചില്‍ നടക്കുന്നത്.
സൈന്യം, വനം വകുപ്പ്, ഫയര്‍ ഫോഴ്‌സ് എന്നിവരടങ്ങിയ സംഘങ്ങളെയാണ് ഇന്ന് പ്രത്യേകമായി നിയോഗിച്ചിരിക്കുന്നത്. സൂചിപ്പാറ മുതല്‍ പോത്തുകല്ല് വരെയുള്ള ദുര്‍ഘടമായ മേഖലയിലേക്ക്, പ്രത്യേകിച്ചും ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കാര്യമായി എത്തിപ്പെടാന്‍ കഴിയാതിരുന്ന സണ്‍റൈസ് വാലിയിലേക്ക് തെരച്ചില്‍ സംഘത്തെ ഹെലികോപ്റ്ററിലാണ് എത്തിക്കുന്നത്. പരിശോധിക്കാത്ത ഒരു പ്രദേശവും ഈ മേഖലയിലുണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. തെരച്ചിലിനായി നാട്ടുകാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും ഭാഗത്തു നിന്ന് വലിയ സഹായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ചാലിയാര്‍ നദിയുടെ ഇരുകരകളിലും, വനമേഖലയിലും തിരച്ചിലും, രക്ഷാ പ്രവര്‍ത്തനങ്ങളും ശക്തമാക്കാനും ഇന്ത്യന്‍ നേവി, ഇന്ത്യന്‍കോസ്റ്റ് ഗാര്‍ഡ് എന്നിവരുമായി എത്രയും പെട്ടെന്ന് ചര്‍ച്ച ചെയ്ത് മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിയെത്തിയിട്ടുണ്ടോയെന്ന് നിരീക്ഷിക്കാനും മന്ത്രിസഭാ ഉപസമിതി യോഗം നിര്‍ദേശം നല്കിയിട്ടുണ്ട്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡി.എന്‍.എ പരിശോധന നടത്തി ഐഡന്റിറ്റി സ്ഥിരീകരിക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തുകയാണ്. പുതിയ ക്രിമിനല്‍ നിയമ സംഹിതയുടെ വെളിച്ചത്തില്‍ ഡി.എന്‍.എ പരിശോധന സ്വകാര്യ ലാബുകളിലും ചെയ്യാനാകുമോ എന്ന് പരിശോധിക്കും. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും, തിരച്ചിലിലും, രക്ഷാപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്കും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി.
തിരച്ചിലിലും, രക്ഷാപ്രവര്‍ത്തനത്തിലും മികച്ച പ്രവര്‍ത്തനം നടത്തുന്ന ഇന്ത്യന്‍ സായുധ സേനകളുടെ (ആര്‍മി, നേവി, എയര്‍ ഫോഴ്‌സ്) തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീമിന്റെ (ഐ.എം.സി.ടി) സന്ദര്‍ശനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ റിലീഫ് കമ്മീഷണറെ ചുമതലപ്പെടുത്തി.
ALSO READ: ഒന്നാം പാദ പരീക്ഷ വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളില്‍ മാറ്റിവെച്ചു
മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പൊട്ടല്‍ നേരിട്ട് ബാധിച്ച 10, 11, 12 വാര്‍ഡുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഇവിടെതൊഴിലുറപ്പ് പദ്ധതിയിലൂടെ 180 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. തകര്‍ന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തുന്നുണ്ട്. പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വിവരങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ച് തീരുമാനിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here