‘പത്തനംതിട്ട അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളിലേക്ക്‌ വെളിച്ചം വീശാൻ നവകേരള സദസിലൂടെ സാധിച്ചു’: മുഖ്യമന്ത്രി

പത്തനംതിട്ട ജില്ലയിലെ നവകേരള സദസ്സ് പ്രഭാതയോഗത്തിൽ ശബരിമല വിമാനത്താവളം മുതൽ പരിസ്ഥിതിസൗഹൃദമായ പത്തനംതിട്ടവരെ ചർച്ചാവിഷയങ്ങളായി. ആറന്മുള, തിരുവല്ല, റാന്നി, കോന്നി, അടൂർ എന്നീ  നിയമസഭാ നിയോജക മണ്ഡലങ്ങളിൽനിന്നുള്ള ക്ഷണിക്കപ്പെട്ട ഇരുനൂറിലേറെപ്പേരാണ് പ്രഭാതയോഗത്തിന്റെ ഭാഗമായത്. പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയായ കുളനട പഞ്ചായത്തിനെയും പന്തളം നഗരസഭയെയും ബന്ധിപ്പിക്കുന്ന വയറപ്പുഴ കടവിൽ പാലം വേണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം യാഥാർഥ്യമാക്കണമെന്നായിരുന്നു മലയാളത്തിന്റെ പ്രിയങ്കരനായ സാഹിത്യകാരൻ ബെന്യാമിൻ ഉന്നയിച്ച ആവശ്യം. എം സി റോഡിലെ പന്തളം വലിയപാലത്തിൽ നടപ്പാത ഇല്ലാത്തത് ശബരിമല സീസണിലടക്കം വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും നടപ്പാത പണിത്‌ പരിഹാരമുണ്ടാക്കണമെന്നും ബെന്യാമിൻ ആവശ്യപ്പെട്ടു. ഇവ സർക്കാരിന്റെ പരിഗണനയിലുള്ള വിഷയങ്ങളാണ്.

ALSO READ: ‘ഒന്നഴിച്ചാൽ നൂറെണ്ണം’; കാലിക്കറ്റ് സർവകലാശാലയിൽ നൂറുകണക്കിന് ബാനറും പോസ്റ്ററുമുയർത്തി എസ്എഫ്ഐ

മാലിന്യപ്രശ്‌നമാണ് ക്‌നാനായ സഭ മെത്രാപോലീത്താ കുറിയാക്കോസ് മാർ ത്രെവാനിയോസ് യോഗത്തിൽ ഉന്നയിച്ചത്. ഇക്കാര്യത്തിൽ സർക്കാർ നടത്തുന്ന ഗൗരവപൂർണമായ ഇടപെടലുകൾ യോഗത്തിൽ വിശദമാക്കി.  തമിഴ്‌നാട്ടിൽനിന്ന്‌ തെങ്കാശി വഴി ശബരിമലയിലേക്ക് എത്തുന്നതിന് നിലവിലുള്ള 164 കിലോമീറ്റർ ദൂരം 55 കിലോമീറ്ററായി ചുരുങ്ങുന്ന പുതിയ പാത കുറിയാക്കോസ് മാർ ത്രെവാനിയോസ് ചൂണ്ടിക്കാട്ടിയിരുന്നു.  ഇക്കാര്യം സാധ്യമാണോ എന്ന് സർക്കാർ പരിശോധിക്കും. പെരുമ്പട്ടി പട്ടയ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും റവന്യു വകുപ്പും വനം വകുപ്പും സംയുക്തമായി സമയബന്ധിതമായി നടപടികൾ സ്വീകരിക്കുമെന്നും വേൾഡ് മിഷനറി ഇവാഞ്ചലിസം ഇന്റർനാഷണൽ ചെയർമാനും ഇന്റർ പെന്തക്കോസ്തൽ ദേശീയ ജനറൽ സെക്രട്ടറിയുമായ ഒ എം രാജുകുട്ടി  ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി പറഞ്ഞു. പെന്തക്കോസ്ത് സഭക്കാർക്ക്‌ ആരാധനാലയവും സെമിത്തേരികളും സ്ഥാപിക്കുന്നതിനുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്നും ഒ എം രാജുകുട്ടി ആവശ്യപ്പെട്ടു.

തീർഥാടന, ആരോഗ്യ ടൂറിസം രംഗത്ത്‌ ആവശ്യമായ അടിസ്ഥാനസൗകര്യ വികസനം വേണമെന്ന്‌ മുൻജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സജി ജോർജ് ചൂണ്ടിക്കാട്ടി. ഗുണനിലവാരമുള്ള കോളേജ് വിദ്യാഭ്യാസത്തിനുള്ള സ്ഥാപനങ്ങൾ ജില്ലയിൽ സ്ഥാപിക്കണമെന്നും പരിസ്ഥിതി സംരക്ഷണത്തിനായുള്ള പദ്ധതികൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും സജി ജോർജ് ആവശ്യപ്പെട്ടു. ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നല്ലനിലയിൽ മുന്നോട്ടുപോവുകയാണെന്നും യോഗത്തിൽ വ്യക്തമാക്കി.

ഒരുപാട് പ്രവാസികളുള്ള ജില്ലയാണ്‌ പത്തനംതിട്ടയെന്നും ഒറ്റപ്പെട്ടുപോകുന്ന വൃദ്ധരായ രക്ഷിതാക്കളുടെ ശാരീരിക- മാനസിക ക്ഷേമത്തിനായുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്നുമായിരുന്നു ഓർത്തോഡോക്‌സ് സഭ സെക്രട്ടറി ബിജു ഉമ്മന്റെ നിർദേശം. വളരെ ഗൗരവത്തോടെയാണ് സർക്കാർ ഈ വിഷയത്തെ കാണുന്നത്. ഇവർക്കായി കൂടുതൽ കൂട്ടായ്മകൾ തദ്ദേശസ്ഥാപനങ്ങളുമായി ചേർന്നു നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പമ്പയിലും സന്നിധാനത്തും 24 മണിക്കൂറും ഉണ്ടായിരുന്ന അന്നദാനം ഹൈക്കോടതി ഇടപെടലിനെത്തുടർന്ന്‌ നിർത്തിവയ്‌ക്കേണ്ടിവന്നുവെന്നും ഇതു പുനഃസ്ഥാപിക്കണമെന്നും സർക്കാർ ഇടപെടണമെന്നുമായിരുന്നു അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി ടി പി ഹരിദാസൻ നായരുടെ നിർദേശം. ശ്രീനാരായണ സർവകലാശാലയിൽ നൂതന തൊഴിലധിഷ്ഠിധ കോഴ്‌സുകൾ തുടങ്ങണമെന്നായിരുന്നു എസ്എൻഡിപി യൂണിയൻ സെക്രട്ടറി ഡി അനിൽകുമാറിന്റെ ആവശ്യം. തീർഥാടനകേന്ദ്രമായ മഞ്ഞനിക്കരയിലേക്കുള്ള റോഡ് മെച്ചപ്പെടുത്തണമെന്നായിരുന്നു യാക്കോബായ സഭാ പ്രതിനിധിയായ റവ. ഫാദർ എബി സ്റ്റീഫന്റെ ആവശ്യം.

പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്കുള്ള ഗ്രാന്റ് ഒരുവർഷമായി മുടങ്ങിക്കിടക്കുകയാണെന്നും അതു പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഗ്രാന്റ് വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റായ മന്ദിരം രവീന്ദ്രൻ ആവശ്യപ്പെട്ടു. അക്കാര്യത്തിൽ പെട്ടെന്നുതന്നെ പരിഹാരം ഉണ്ടാകുമെന്ന് വിശദമാക്കി. സിമന്റ് ഉൽപ്പാദന കമ്പനികളിലേക്കുള്ള ലെഗസി വേസ്റ്റുകൾ നീക്കം ചെയ്യുന്നതിന് കാലതാമസം നേരിടുന്നുണ്ടെന്നും ഇതിന്‌ മന്ത്രിതലത്തിൽ തന്നെ ഇടപെടലുണ്ടാകണമെന്നും അതു സംസ്ഥാനത്തെ മാലിന്യനീക്കത്തെ ഫലപ്രദമായി സഹായിക്കുമെന്നും മാലിന്യനിർമാർജന രംഗത്തെ വിദഗ്ധനായ ക്രിസ്റ്റഫർ ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാരിന്റെ വ്യവസായ നയം ഏറെ സ്വീകാര്യമാണെന്നും എന്നാൽ ജിഎസ്‌ടി സമർപ്പിക്കാൻ അഞ്ചോളം ലൈസൻസുകൾ എടുക്കേണ്ടിവരുന്നത് ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടെന്നും മർച്ചന്റ്‌സ് അസോസിയേഷൻ പ്രതിനിധി സി വി മാത്യൂ പറഞ്ഞു. കോഴിവളർത്തൽ രംഗത്ത് ഗുരുതര പ്രതിസന്ധിയാണെന്നും സർക്കാർ ഇക്കാര്യത്തിൽ ഗൗരവതരമായി ഇടപെടണമെന്നും പൗൾട്രി ബിസിനസ് രംഗത്തെ പ്രതിനിധീകരിക്കുന്ന പി വി ജയൻ ചൂണ്ടിക്കാട്ടി.

ALSO READ: കനത്ത മഴയിൽ വിറച്ച് തെക്കൻ തമിഴ്‌നാട് ജില്ലകൾ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

കോളേജുകൾക്ക് സ്‌കോളർഷിപ്പും പ്രോജക്ടുകളും കുറവാണെന്നും ഇതു പരിഹരിക്കാനുള്ള നടപടികൾ വേണമെന്നും കാതോലിക്കറ്റ് കോളേജ് പ്രിൻസിപ്പൽ സിന്ധു ജോൺസ് പറഞ്ഞു. എയ്ഡഡ് മേഖലയിൽ കോളേജുകൾക്ക് സ്റ്റാർട്ടപ്പുകളും നൂതനസംരംഭങ്ങളും തുടങ്ങുന്നതിന് സർക്കാർ സഹായം വേണമെന്നും സിന്ധു ജോൺസ് പറഞ്ഞു. പത്തനംതിട്ട ജില്ലയെ ഇക്കോ ഫ്രണ്ട്‌ലി ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കണമെന്നായിരുന്നു കാർട്ടൂണിസ്റ്റായ അഡ്വ. ജിതേഷിന്റെ നിർദേശം. ഇത്തരത്തിൽ പത്തനംതിട്ട അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളിലേക്ക്‌ വെളിച്ചം വീശുന്ന ഇടപെടലുകളാണ് പ്രഭാതയോഗത്തിൽ പങ്കെടുത്ത് സംസാരിച്ചവരിൽ നിന്നുമുണ്ടായത്. ഓരോ വിഷയത്തിലും സർക്കാരിന്റെ നിലപാടും സ്വീകരിക്കുന്ന നടപടികളും വിശദമാക്കാൻ യോഗം അവസരമൊരുക്കി. ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ദിശാബോധം നൽകാൻ പര്യാപ്തമാകും വിധം ക്രിയാത്മകമായിരുന്നു ഈ സംവാദം.

(നവകേരള സദസിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തൽ, ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചത്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News