മുനമ്പത്ത് ആരെയും കുടിയിറക്കില്ല, പ്രദേശത്തെ ഭൂപ്രശ്നത്തിന് സർക്കാർ ശാശ്വത പരിഹാരം കാണും; മുഖ്യമന്ത്രി

Pinarayi Vijayan

മുനമ്പത്ത് ആരെയും കുടിയിറക്കില്ലെന്നും പ്രദേശത്തെ ഭൂപ്രശ്നത്തിന് സർക്കാർ ശാശ്വത പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഉറപ്പ്. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും ഭൂപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാണ് സർക്കാരിൻ്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രേഖകൾ ഉള്ള ഒരാളെ പോലും പ്രദേശത്ത് നിന്നും കുടിയൊഴിപ്പിക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയോ​ഗിക്കുമെന്നും മുഖ്യമന്ത്രി സമരസമിതി നേതാക്കളെ അറിയിച്ചു. വിഷയത്തിൽ നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർഥിച്ചിട്ടുണ്ടെന്നും ഇക്കാര്യം വഖഫ് ബോർഡ് അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ALSO READ: മഹാരാഷ്ട്രയിലെ പരാജയം അവിശ്വസനീയം, തോൽവിയുടെ കാരണം വ്യക്തമായി പരിശോധിക്കും; കെ സി വേണുഗോപാൽ

തർക്ക ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മീഷന്‍ മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരം ഓരോരുത്തർക്കും ലഭിക്കും. കോടതിയിലുള്ള കേസിൽ സർക്കാർ നിലപാട് അറിയിക്കും. നിലവിലെ താമസക്കാരുടെ അവകാശങ്ങള്‍ എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി സമരസമിതിക്കാരെ അറിയിച്ചു. ഹൈക്കോടതി മുമ്പാകെ ഈ വിഷയത്തില്‍ നിലവിലുള്ള കേസുകളില്‍ താമസക്കാര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കക്ഷി ചേരുന്നതാണ്.

നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതി സ്റ്റേ നീക്കിക്കിട്ടാനുള്ള സാധ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നതാണെന്നും ജനങ്ങളുടെ ആശങ്കകൾ കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാർ പരിശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മീഷൻ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ താമസക്കാരുടെ പൂര്‍ണ്ണ സഹകരണം ഉണ്ടാകണമെന്നും ചർച്ചയ്ക്കിടെ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ALSO READ: മുനമ്പത്ത് ആശ്വാസം, മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച അനുകൂലമെന്ന് സമരസമിതി നേതാക്കൾ

ചർച്ചയിൽ റവന്യു മന്ത്രി കെ. രാജൻ , നിയമ മന്ത്രി പി. രാജീവ് , വഖഫ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ , എറണാകുളം ജില്ലാ കളക്ടർ എന്‍.എസ്.കെ‍. ഉമേഷ് എന്നീവരും വൈപ്പിൻ എംഎൽഎ കെ. എൻ. ഉണ്ണിക്കൃഷ്ണൻ, വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ , കോട്ടപ്പുറം ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ, മുനമ്പം സമരസമിതി ചെയർമാൻ ജോസഫ് സെബാസ്റ്റ്യൻ, കൺവീനർ ബെന്നി ,മുരുകൻ ( എസ്. എൻ. ഡി.പി ) , പി.ജെ ജോസഫ് പ്രദേശവാസി ) ,എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News