കേരളത്തിന്റെ കലാസാംസ്‌കാരിക രംഗങ്ങള്‍ക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നസെന്റിന്റെ വേര്‍പാട് എല്ലാ മലയാളികളുടെ നഷ്ടമാണ്. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു എന്നും മുഖ്യമന്ത്രി അനുശോചനമറിയിച്ചു.
സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സില്‍ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പര്‍ശിച്ച് നിലപാടുകള്‍ എടുത്ത പൊതുപ്രവര്‍ത്തകനുമായിരുന്നു ഇന്നസെന്റെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിര്‍മാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി. എക്കാലവും ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യര്‍ത്ഥന പ്രകാരം ലോക്‌സഭ സ്ഥാനാര്‍ഥി ആയതും വിജയിച്ചശേഷം പാര്‍ലമെന്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓര്‍ക്കുമെന്നും അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് മുഖമന്ത്രി പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായിനിന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വളരെ ശ്രദ്ധേയമായ അധ്യായമാണെന്ന് ഇന്നസെന്റ് പറയുമായിരുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിശ്ചയദാര്‍ഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയത്. രോഗം എന്ന് കേള്‍ക്കുന്ന മാത്രയില്‍തന്നെ തളര്‍ന്നുപോകുന്ന പലര്‍ക്കും ഇടയില്‍ രോഗസംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ നിലനില്‍ക്കെത്തന്നെ ആത്മവിശ്വാസത്തോടെ വ്യക്തി ജീവിതവും പൊതുജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി എന്നും മുഖ്യമന്ത്രി പറഞ്ഞു.
ചലച്ചിത്രത്തില്‍ എന്നതുപോലെ ജീവിതത്തിലും നര്‍മ്മമധുരമായ വാക്കുകള്‍ കൊണ്ടും പെരുമാറ്റം കൊണ്ടും സമൂഹത്തെ സന്തോഷിപ്പിക്കുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത് എന്ന വിശ്വാസക്കാരനായിരുന്നു ഇന്നസെന്റ്. പല പതിറ്റാണ്ടുകള്‍ മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയെ നീണ്ടകാലം ശ്രദ്ധേയമാവിധം നയിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here