‘വിട പറഞ്ഞത് ഓരോ ശ്വാസത്തിലും കേരളീയതയെ സംരക്ഷിച്ചുനിർത്തിയ സാംസ്‌കാരിക നായകൻ’; ഓംചേരിയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

CM NN PILLA

പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. ഓംചേരി എന്‍എന്‍ പിള്ളയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കേരളത്തിൽ നിന്ന് അതിദീർഘകാലം വിട്ടുനിന്നിട്ടും ഓരോ ശ്വാസത്തിലും കേരളീയതയെ സംരക്ഷിച്ചുനിർത്തിയ സമാനതകളില്ലാത്ത സാംസ്‌കാരിക നായകനായിരുന്നു ഓംചേരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയതലത്തിൽ മലയാളത്തിന്റെ സാംസ്‌കാരിക ചൈതന്യം പ്രസരിപ്പിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഓംചേരിയുടേത്.

കേരളത്തിലെ പ്രതിഭാധനരായ നാടകകൃത്തുക്കളുടെ ഒന്നാം നിരയിൽ സ്ഥാനമുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി സ്മരിച്ചു. നമ്മുടെ നാടക ഭാവുകത്വതത്തെ നവീകരിക്കുകയും പരിഷ്‌ക്കരിക്കുകയും ചെയ്യുന്നതിൽ അദ്ദേഹം ചരിത്രപരമായ പങ്കാണ് വഹിച്ചത്. മാസ് കമ്യൂണിക്കേഷൻ എന്ന വിഷയത്തിൽ ഇംഗ്ലണ്ടിൽ പോയി പഠിച്ച് ഉന്നത ബിരുദം നേടി ഇന്ത്യയിൽ തിരിച്ചുവന്ന വ്യക്തിയായിരുന്നു.

ALSO READ; പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ. ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

നൂറാം വയസ്സിലും ഉണർന്നിരിക്കുന്ന ധിഷണയോടെ മാസ് കമ്യൂണിക്കേഷൻ രംഗത്തെ ആഗോളചലനങ്ങൾ മനസ്സിൽ ഒപ്പിയെടുക്കുകയും പുതിയ തലമുറയിൽപ്പെട്ടവർക്കു പകർന്നുകൊടുക്കുകയും ചെയ്തുവന്നിരുന്നു അദ്ദേഹം. ബഹുമുഖ വ്യക്തിത്വം എന്ന വിശേഷണം ഇതുപോലെ ചേരുന്ന മറ്റ് അനവധി വ്യക്തിത്വങ്ങളില്ലെന്നും അനുശോചനക്കുറിപ്പിൽ മുഖ്യമന്ത്രി രേഖപ്പെടുത്തി.

മലയാളികളുടെ ഡൽഹിയിലെ അംബാസഡറായിരുന്നു ഓംചേരി. കേരളത്തിന്റെ ഏതു നല്ല കാര്യത്തിനും അദ്ദേഹം കൂടെയുണ്ടായിരുന്നു. മലയാളം മിഷന്റെ കാര്യത്തിലായാലും ലോക കേരളസഭയുടെ കാര്യത്തിലായാലും, പുതിയതും വിലപ്പെട്ടതുമായ ആശയങ്ങൾ പകർന്നുതന്നുകൊണ്ട് അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ഓംചേരിയുടെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News