എൽഡിഎഫ് സർക്കാരിൻ്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകിയ ജനങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘടിതമായ കുപ്രചാരങ്ങളെയും കടന്നാക്രമണങ്ങളെയും മുഖവിലയ്ക്കെടുക്കാതെയാണ് ജനങ്ങൾ ചേലക്കര നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തിളങ്ങുന്ന വിജയം നൽകിയതെന്നും പാലക്കാട്ട് മുൻ തെരഞ്ഞെടുപ്പിലേതിനേക്കാൾ കൂടുതൽ വോട്ടർമാർ എൽഡിഎഫിനൊപ്പം അണി നിരന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇനിയുള്ള നാളുകളിൽ വികസന-ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് വർധിച്ച ഊർജം നൽകുന്നതാണ് ജനവിധി. എല്ലാത്തരം വർഗീയതയ്ക്കും എതിരായ മതനിരപേക്ഷ വോട്ടാണ് എൽഡിഎഫിന് ലഭിച്ചതെന്നും വർഗീയതയെ തുറന്നുകാട്ടി മതനിരപേക്ഷ രാഷ്ട്രീയം വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സന്ദേശമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ പ്രസ്താവനയിൽ പറഞ്ഞു.
ഭരണ വിരുദ്ധ വികാരം എന്ന പ്രചാരണം ലവലേശം പോലും ജനങ്ങളെ സ്വാധീനിച്ചിട്ടില്ല. വിവാദ-നുണ പ്രചാരകരെ ജനങ്ങൾ മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഗീയ ശക്തികളെ കൂട്ടുപിടിച്ച് പാലക്കാട് നിലനിർത്താൻ യുഡിഎഫിന് കഴിഞ്ഞെങ്കിലും എൽഡിഎഫ് സ്ഥാനാർഥിയുടെ വോട്ടുകൾ നേരത്തേയുള്ളതിൽ നിന്നും കൂടുകയാണുണ്ടായത്.
ചില താൽക്കാലിക നേട്ടങ്ങൾ ഉണ്ടാക്കുന്നതൊഴിച്ച് ബിജെപിക്ക് കേരളത്തിൽ ശാശ്വതമായ ചലനം ഉണ്ടാക്കാൻ സാധിക്കില്ല എന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയിച്ചത് ചൂണ്ടിക്കാട്ടി അവർ മുഴക്കിയ അവകാശവാദങ്ങൾ ജനങ്ങൾ തിരസ്കരിച്ചതിലൂടെ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെയും വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെയും വിജയിയെ അഭിനന്ദിക്കുന്നതായും എൽഡിഎഫിന് വോട്ടുചെയ്ത മുഴുവൻ ജനങ്ങളെയും അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here