“മുഖ്യമന്ത്രി പിണറായി വിജയൻ ജനപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതിൽ മികച്ച മാതൃക”: തേജസ്വി യാദവ്

മുഖ്യമന്ത്രി പിണറായി വിജയന്‍ ജനപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നതിൽ രാജ്യത്ത്  മികച്ച മാതൃകയാണെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ  തേജസ്വി യാദവ്. വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ കേരളത്തിന്‍റെ മുന്നേറ്റം വലുതാണ്. ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്നും അദ്ദേഹം പറഞ്ഞു.

എല്‍ജെഡിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടന്ന എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി മനുഷ്യന്റെ മനസ്സിൽ വെറുപ്പ് വിതയ്ക്കുകയാണ്. ബിജെപിക്ക് പിന്നാക്ക പട്ടിക ജാതി വർഗ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ താല്പര്യം ഇല്ല. അത് കൊണ്ടാണ് ജാതി സെൻസസിനെ എതിർക്കുന്നത്.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം കടന്നാക്രമിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങള്‍ മതപരവും സാമുദായികവുമായ ധുവ്രീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. കേരളത്തിലുള്‍പ്പടെ പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടാന്‍ ദേശീയ ഏജന്‍സികളെ ബി.ജെ.പി. ഉപയോഗിക്കുകയാണ്. ജുഡീഷ്യറിയ്ക്കു നേരെ വരെ ബി.ജെ.പി കടന്നാക്രമണം ആരംഭിച്ചു.

സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും ഒരുമിച്ചു നിൽക്കണം. കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും സോഷ്യലിസ്റ്റ് പാർട്ടികളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പാവപ്പെട്ടവരെ മോചിപ്പിക്കുന്ന കാര്യങ്ങളിൽ ഒരുമിക്കണം. കമ്മ്യൂണിസ്റ്റ്‌ സോഷ്യലിസ്റ്റ് പാർട്ടികൾക്കൊപ്പം ചേരാൻ പറ്റുന്നവരൊക്കെ ഒന്നിക്കണമെന്നും തേജസ്വി യാദവ് പറഞ്ഞു.

ഇന്ത്യ നേരിട്ടു കൊണ്ടിരിക്കുന്ന വിലക്കയറ്റത്തിനും തൊഴിലായ്മയ്ക്കും സാമ്പത്തിക പ്രതിസന്ധിയ്ക്കും പരിഹാരം കാണാനും ഇത്തരത്തില്‍ ഒന്നിച്ചു നില്‍ക്കുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News