വേദനയനുഭവിക്കുന്നവരെ പരിചരിക്കുന്നതില്‍ കാട്ടുന്ന മനസും ശുഷ്കാന്തിയും ഏതു സമൂഹത്തിന്റെയും മനുഷ്യത്വത്തിന്റെ അളവുകോലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പാലിയേറ്റീവ് കെയര്‍ സന്നദ്ധ സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നിപ്പോള്‍ കേരളത്തില്‍ നിരവധിയാളുകള്‍ തനിയെ താമസിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ചിലര്‍ ഒറ്റപ്പെട്ടും താമസിക്കുന്നുണ്ട്. അങ്ങനെയുള്ളവരുടെ സൗകര്യാര്‍ത്ഥമാണ് സര്‍ക്കാര്‍ തലത്തിലെ വാതില്‍പ്പടി സേവനങ്ങള്‍, സാമൂഹ്യസുരക്ഷാ മിഷന് തലത്തിലെ വയോമിത്രം, പോലീസ് സ്റ്റേഷനുകളിലെ സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്ക് എന്നിവയൊക്കെ ആവിഷ്ക്കരിച്ചിട്ടുള്ളത്. ഇവയിലൂടെയൊക്കെ വയോധികര്‍ക്ക് ആവശ്യമായ പൊതു-ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.
എന്നിരുന്നാലും, കിടപ്പുരോഗികള്‍, വീട്ടില്‍ത്തന്നെ പരിചരണം ആവശ്യമുള്ളവര്‍, മുഴുവന്‍ സമയവും സഹായം ആവശ്യമുള്ളവര്‍ എന്നിവരെയൊക്കെ പ്രത്യേകമായി കരുതേണ്ടതുണ്ട് എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. അതിനായാണ് പാലിയേറ്റീവ് സേവനങ്ങള്‍ കൃത്യമായി ലഭ്യമാക്കാനും നിലവില്‍ ഉള്ളവയെ ഏകോപിപ്പിക്കാനും ഒക്കെ ശ്രമിക്കുന്നത്. കേരളത്തില്‍ പാലിയേറ്റീവ് കെയര്‍ ആവശ്യമായ എല്ലാവര്ക്കും അത് ലഭ്യമാക്കണം എന്നാണ് കരുതുന്നത്. അക്കാര്യത്തില്‍ പാലിയേറ്റീവ് കെയര്‍ രംഗത്തെ സന്നദ്ധസംഘടനകളുടെ സഹകരണം കൂടി ഉറപ്പുവരുത്താനാണ് ഈ യോഗം ചേര്‍ന്നിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ സംസാരിച്ചതിന്റെ പൂര്‍ണരൂപം;
പാലിയേറ്റീവ് കെയര്‍ എന്ന സങ്കല്പത്തിന് അധികം പഴക്കമൊന്നുമില്ല. എന്നാല്‍, ഇതിന്റെ പ്രാരംഭഘട്ടത്തില്‍ത്തന്നെ ഇതിന്റെ മാനുഷികവശം മനസിലാക്കി ഈ രംഗത്തു പ്രവര്‍ത്തിച്ച സന്നദ്ധ പ്രവര്‍ത്തകരുണ്ട്. സന്നദ്ധ സംഘടനകള്‍ തന്നെയുമുണ്ട്. ആരുടെയും പ്രേരണയാലല്ലാതെ, മനുഷ്യത്വ പ്രേരിതമായി പ്രവര്‍ത്തിച്ചവര്‍. വേദനകളില്‍ ആശ്വാസമാവുന്നതിനേക്കാള് വലിയ ധര്‍മ്മം വേറെയില്ല എന്നുകരുതി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചവര്‍. സത്യത്തില്‍ ഔദ്യോഗികവും ഔപചാരികവുമായ പാലിയേറ്റീവ് കെയര്‍ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മാതൃകയായത് ഇതാണ്.
അതുകൊണ്ടുതന്നെ, അങ്ങനെയുള്ള സന്നദ്ധ പ്രവര്‍ത്തകരെയും സന്നദ്ധ സംഘനകളെയും അഭിനന്ദിച്ചുകൊണ്ടു തുടങ്ങട്ടെ. അത്യന്തം ജീവകാരുണ്യപരമായ പ്രവൃത്തിയാണ് നിങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത്. ഏറ്റവും ഉദാത്തമായ സേവനരംഗങ്ങളിലാണു നിങ്ങള്‍ സമര്‍പ്പിതമായ മനസ്സോടെ പ്രവര്‍ത്തിക്കുന്നത്. ഓരോ വ്യക്തിയുടെയും വേദനകള്‍ മനസ്സിലാക്കി, ഓരോ വീട്ടിലെയും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി നിങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സര്‍ക്കാര്‍ ഇപ്പോള്‍ ഈ രംഗത്തു കാര്യമായ തോതില്‍ ഇടപെടുന്നുണ്ട്. ഇതിനു പ്രചോദനമായതുപോലും നിങ്ങളുടെ പ്രവൃത്തികളാണ്. സര്‍ക്കാരിന്റെ ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവുന്നു എന്നുറപ്പുവരുത്താന്‍ നിങ്ങളുടെ സഹകരണമുണ്ടാവണം.
വേദനയനുഭവിക്കുന്നവരെ പരിചരിക്കുന്നതില്‍ കാട്ടുന്ന മനസ്സും ശുഷ്കാന്തിയും ഏതു സമൂഹത്തിന്റെയും മനുഷ്യത്വത്തിന്റെ അളവുകോലാണ്. സാന്ത്വന പരിചരണം ആവശ്യമുള്ള മുഴുവനാളുകളെയും ഇക്കാര്യത്തില്‍ ചേര്‍ത്തുപിടിക്കാന്‍ നമുക്കു കഴിയണം. ആ അര്‍ത്ഥത്തിലാണ് സാന്ത്വന പരിചരണ പദ്ധതികള്‍ വ്യാപകമാക്കേണ്ടതിന്റെ പ്രസക്തി ഏറുന്നത്.
ഒരാള്‍ വേദനകൊണ്ടു പുളയുന്നതായി അറിഞ്ഞാല്‍, ആ ആള്‍ക്ക് നൊമ്പരങ്ങളില്‍ സാന്ത്വനമുണ്ടാകാത്തിടത്തോളം തനിക്കു സ്വസ്ഥമായി ഉറങ്ങാനാവില്ല എന്ന ചിന്തയോടെ ഇടപെടാന്‍ കഴിയണം. അത്തരത്തിലുള്ള ഒരു പൊതുബോധം സമൂഹത്തില്‍ വളര്‍ന്നുവന്നാല്‍ സാന്ത്വന പരിചരണം ഫലപ്രദമാവും. സമൂഹത്തില്‍ ഈ മനോഘടനയും ഇത് പ്രവര്‍ത്തിക്കുന്ന ഒരു ഭൗതിക ഘടനയും രൂപപ്പെടുത്താനാണു നാം യത്നിക്കുന്നത്.
ഇന്നിപ്പോള്‍ കേരളത്തില്‍ നിരവധിയാളുകള്‍ തനിയെ താമസിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ചിലര്‍ ഒറ്റപ്പെട്ടും താമസിക്കുന്നുണ്ട്. അങ്ങനെയുള്ളവരുടെ സൗകര്യാര്‍ത്ഥമാണ് സര്‍ക്കാര്‍ തലത്തിലെ വാതില്‍പ്പടി സേവനങ്ങള്‍, സാമൂഹ്യസുരക്ഷാ മിഷന് തലത്തിലെ വയോമിത്രം, പോലീസ് സ്റ്റേഷനുകളിലെ സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്ക് എന്നിവയൊക്കെ ആവിഷ്ക്കരിച്ചിട്ടുള്ളത്. ഇവയിലൂടെയൊക്കെ വയോധികര്‍ക്ക് ആവശ്യമായ പൊതു-ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.
എന്നിരുന്നാലും, കിടപ്പുരോഗികള്‍, വീട്ടില്‍ത്തന്നെ പരിചരണം ആവശ്യമുള്ളവര്‍, മുഴുവന്‍ സമയവും സഹായം ആവശ്യമുള്ളവര്‍ എന്നിവരെയൊക്കെ പ്രത്യേകമായി കരുതേണ്ടതുണ്ട് എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. അതിനായാണ് പാലിയേറ്റീവ് സേവനങ്ങള്‍ കൃത്യമായി ലഭ്യമാക്കാനും നിലവില്‍ ഉള്ളവയെ ഏകോപിപ്പിക്കാനും ഒക്കെ ശ്രമിക്കുന്നത്. കേരളത്തില്‍ പാലിയേറ്റീവ് കെയര്‍ ആവശ്യമായ എല്ലാവര്ക്കും അത് ലഭ്യമാക്കണം എന്നാണ് കരുതുന്നത്. അക്കാര്യത്തില്‍ പാലിയേറ്റീവ് കെയര്‍ രംഗത്തെ സന്നദ്ധസംഘടനകളുടെ സഹകരണം കൂടി ഉറപ്പുവരുത്താനാണ് ഈ യോഗം ചേര്‍ന്നിരിക്കുന്നത്.
സര്‍ക്കാര്‍ സമഗ്രമായ ഒരു പദ്ധതി ഇക്കാര്യത്തില്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ജനകീയ ക്യാമ്പയിന് ആരംഭിക്കുന്നുമുണ്ട്. അതു വിജയിപ്പിക്കാന്‍ നിങ്ങള്‍ കാര്യമായി സഹകരിക്കണം. ദീര്‍ഘകാല രോഗങ്ങള്‍ മൂലം പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഗൃഹകേന്ദ്രീകൃത പരിചരണം ഉറപ്പാക്കാന്‍ ഉദ്ദേശിച്ചാണ് പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയും ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയുമാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
രോഗികള്‍ക്ക് ഗൃഹകേന്ദ്രീകൃത പരിചരണം ഉറപ്പാക്കാന്‍ ജനസംഖ്യാനുപാതികമായി ആരോഗ്യ വകുപ്പിന്റെ ഹോം കെയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സുമാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നിയമിക്കുന്നത്. 1,142 പ്രൈമറി പാലിയേറ്റീവ് യൂണിറ്റുകള്‍ സര്‍ക്കാര്‍ മേഖലയിലുണ്ട്. ഇവ വഴി 1,14,439 രോഗികള്‍ക്ക് പരിചരണം നല്‍കിവരുന്നുണ്ട്.
കിടപ്പിലായ രോഗികള്‍ക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കാന്‍ 20,000 ജനസംഖ്യയുള്ള പ്രദേശത്ത് ഒരു ഹോം കെയര്‍ യൂണിറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിക്കണമെന്ന് പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാനില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍ 30,000 പേരടങ്ങുന്ന ജനസംഖ്യാ പ്രദേശത്തിന് ഒരു കെയര്‍ യൂണിറ്റാണ് പ്രവര്‍ത്തിക്കുന്നത്.
ആക്ഷന്‍ പ്ലാനില്‍ നിര്‍ദ്ദേശിച്ചതുപ്രകാരം ഹോം കെയര്‍ യൂണിറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയാണ്. ഇക്കാര്യത്തില്‍ സംഘടനകളുടെ സഹകരണം അഭ്യര്‍ത്ഥിക്കുകയാണ്.
മാനദണ്ഡങ്ങള്‍ക്കനുസൃതമായി യൂണിറ്റുകള്‍ക്ക് രജിസ്ട്രേഷന് നല്‍കാനുള്ള സംവിധാനമൊരുക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലാണ് രജിസ്ട്രേഷന് നടത്തുക. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും തങ്ങളുടെ അധികാരപരിധിയിലെ പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വിശദാംശങ്ങള്‍ സമാഹരിച്ച് രജിസ്ട്രേഷന് നടത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഗൃഹപരിചരണം ആവശ്യമായ എല്ലാവര്ക്കും ഗുണമേന്മയുള്ള ഗൃഹപരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഓരോ രോഗിക്കും പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരുടെ പിന്തുണ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തി പരിശീലിപ്പിക്കണം എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പുതിയ വളന്റിയര്‍മാരെ കണ്ടെത്താനുള്ള ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഉള്ളത്. കണ്ടെത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ശാസ്ത്രീയമായ പരിശീലനം അവര്‍ ഉറപ്പാക്കും. പരിശീലന മൊഡ്യൂളും പരിശീലകരെയും ആരോഗ്യ വകുപ്പ് ലഭ്യമാക്കും. ഓരോ രോഗിക്കൊപ്പവും പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരുണ്ടെന്ന് ഉറപ്പുവരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും ബഹുജന സംഘടനകളുടെയും പിന്തുണ ഉപകാരപ്പെടും.
രോഗീപരിചരണമാണ് പാലിയേറ്റീവ് കെയറില്‍ കാര്യമായി ഉള്‍പ്പെട്ടിട്ടുള്ളത്. ഗുരുതര രോഗബാധിതരല്ലാത്തതും എന്നാല്‍ പരിചരണം ആവശ്യമുള്ളതുമായ വയോജനങ്ങളും ഭിന്നശേഷിക്കാരും ധാരാളമുണ്ട്. ഇവരെക്കൂടി ഉള്‍ക്കൊള്ളിച്ച് ബി പി എല്‍, എ പി എല്‍ വ്യത്യാസമില്ലാതെ എല്ലാവര്ക്കും പരിചരണം ഉറപ്പാക്കുംവിധം ഡൊമിസിലിയറി കെയര്‍ പദ്ധതിയായി വിപുലീകരിച്ച് മികച്ച പരിചരണം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
നിരാലംബരായ വയോജനങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന ഹോമുകള്‍, സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും പ്രവര്‍ത്തിക്കുന്ന വൃദ്ധ മന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ക്കൂടി പാലിയേറ്റീവ് കെയര്‍ സേവനം എത്തിക്കാനാണ് ശ്രമിക്കുന്നത്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ പാലിയേറ്റീവ് പരിചരണം ആവശ്യമായ മുഴുവന്‍ ആളുകളെയും കുടുംബങ്ങളെയും കണ്ണി ചേര്‍ത്തുകൊണ്ട് എ പി എല്‍, ബി പി എല്‍ വ്യത്യാസമില്ലാതെ മികച്ച പരിചരണം ഉറപ്പാക്കാനായി ജനകീയ മുന്നേറ്റം നടത്താനാണ് ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായ ക്യാമ്പയിന് പ്രവര്‍ത്തനം 2025 ജനുവരി 1 ന് ആരംഭിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടെയും പൂര്‍ണ്ണ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കട്ടെ.
മാസത്തിലൊരിക്കല്‍ വീടുകളിലെത്തി ഹോം കെയര്‍ ടീം വീട്ടുകാര്‍ക്ക് പരിചരണരീതി പഠിപ്പിച്ചുകൊടുക്കുകയും പരിചരണ സാമഗ്രികള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. മാസത്തിലൊരിക്കല്‍ ആശാ പ്രവര്‍ത്തകര്‍ ഇത്തരം രോഗികളെ സന്ദര്‍ശിച്ച് പിന്തുണ നല്‍കുന്നുണ്ട്.
വീടുകളില്‍ മെഡിക്കല്‍ നഴ്സിംഗ് പരിചരണം നല്കുന്ന അഞ്ഞൂറിലധികം സന്നദ്ധ സംഘടനകളുണ്ട് എന്നാണ് കണ്ടിട്ടുള്ളത്. ഇവയ്ക്ക് രജിസ്ട്രേഷന് നല്‍കണമെന്ന് പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാനില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുമായി ചര്‍ച്ച നടത്തി രജിസ്ട്രേഷന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. രജിസ്ട്രേഷന് ഇല്ലാതെ ആരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അത് പരിചരണം ലഭി ക്കുന്നവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും നിയമപരമായ നൂലാമാലകള്‍ ഇല്ലാതാക്കുന്നതിനും ഉപകരിക്കും.
മെഡിക്കല്‍, നഴ്സിംഗ് പരിചരണം നല്കുന്ന യൂണിറ്റുകള്‍ ആരോഗ്യ വകുപ്പിന്റെ രജിസ്ട്രേഷന് നടപടികള്‍ കൂടി പൂര്‍ത്തീകരിക്കണം എന്നാണ് കണ്ടിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ ഏകോപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ സേവനങ്ങള്‍ ഫലപ്രദമായി ലഭ്യമാക്കാന്‍ കഴിയും.
ദൈനംദിന പരിചരണം ആവശ്യമായ രോഗികളുള്ള വീടുകളില്‍ ബയോമെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍, രാസ മാലിന്യങ്ങളെ മറ്റ് മാലിന്യങ്ങളില്‍ നിന്ന് വേര്‍തിരിച്ച് കൈകാര്യം ചെയ്യാന്‍ ആവശ്യമായ അവബോധവും പരിശീലനവും ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുകയാണ്.
ബയോമെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍, രാസ മാലിന്യങ്ങളെ ഹസാര്‍ഡസ് മാലിന്യങ്ങളായി നിര്ണയിച്ചതിനാല് പാലിയേറ്റീവ് പരിചരണം നടത്തുന്ന വീടുകളില്‍ കളര്‍കോഡഡ് ബിന്നുകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബിന്നുകളില്‍ നിന്നും ഇത്തരം മാലിന്യങ്ങള്‍ ശേഖരിച്ച് സംഭരിക്കാനും സംസ്കരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതാണ്.
വിവിധ തലങ്ങളിലുള്ള പരിചരണം ആവശ്യമുള്ളവരുണ്ട്. ചിലര്‍ക്ക് ആഴ്ചയിലൊരു ദിവസം പരിശീലനം സിദ്ധിച്ചവരുടെ സേവനം ലഭിച്ചാല്‍ മതിയാകും. മറ്റു ചിലര്‍ക്ക് ദൈനംദിന ശ്രദ്ധ വേണ്ടതുണ്ടാവാം. ഇക്കാര്യങ്ങള്‍ പരിഗണിച്ച് വ്യക്തിഗത പരിചരണാസൂത്രണം നടത്തണം എന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആസൂത്രണം ചെയ്ത പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെയും ഇതര വകുപ്പുകളുടെയും പൂര്‍ണ സഹകരണം ഉറപ്പാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആയിരിക്കും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ച് ടെലിമെഡിസിന്‍ സംവിധാനത്തെ ഗ്രിഡിന്റെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനു പുറമെ വയോമിത്രം പദ്ധതിയെ ഡൊമിസിലിയറി കെയര്‍ പദ്ധതിയുമായി കണ്ണിചേര്‍ക്കണം എന്നുകൂടി കണ്ടിട്ടുണ്ട്.
പാലിയേറ്റീവ് കെയര്‍ രംഗത്ത് തദ്ദേശ സ്വയംഭരണം, സാമൂഹ്യനീതി, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ സംവിധാനമൊരുക്കുകയാണ്. വാര്‍ഡ് അടിസ്ഥാനത്തില്‍ വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ ആശ, അംഗന്‍വാടി, കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍ അടങ്ങിയ സമിതിയാണ് രൂപീകരിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും സമാനമായ സമിതികള്‍ രൂപീകരിക്കും.
ഈ സമിതികള്‍ മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം എന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അതുവഴി പാലിയേറ്റീവ് പരിചരണം ആവശ്യമായവര്‍ക്കെല്ലാം മെച്ചപ്പെട്ട രീതിയില്‍ അത് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
പാലിയേറ്റീവ് കെയര്‍ മേഖലയില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തിയാല്‍ മാത്രമേ മാറുന്ന കാലത്തിന് അനുസൃതമായ പുരോഗമന കാഴ്ചപ്പാടുകളും സേവനങ്ങളും ഉള്ള നാടായി കേരളത്തിനു മുന്നേറാന്‍ കഴിയൂ. അങ്ങനെ മാത്രമേ ഒരു നവകേരളം സൃഷ്ടിക്കാന്‍ നമുക്കു കഴിയൂ. ആ നവകേരള നിര്‍മ്മിതിയില്‍ നിങ്ങള്‍ എല്ലാവരും പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
യോഗത്തില്‍ മന്ത്രിമാരായ എം ബി രാജേഷ്, വീണാ ജോര്‍ജ്, ആര് ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരന് തുടങ്ങിയവരും പങ്കെടുത്തു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here