കോടിയേരിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട് ഇനിയും മുന്നോട്ടുപോകാൻ നമുക്ക് സാധിക്കണം; അനുസ്മരിച്ച് മുഖ്യമന്ത്രി

കോടിയേരിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിലാണ് കോടിയേരിയുടെ ആത്മ സുഹൃത്തുകൂടിയായ മുഖ്യമന്ത്രിയുടെ ഫേസ്ബുക് കുറിപ്പ്. ഉറച്ച പ്രത്യയശാസ്ത്രബോധ്യവും വിട്ടുവീഴ്ചയില്ലാത്ത പാർടിക്കൂറും ഉജ്ജ്വലമായ സംഘടനാ ശേഷിയും ഒത്തുചേർന്ന നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ എന്നാണ് പിണറായി വിജയൻ കുറിച്ചത്.പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനം ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിനു നൽകിയ വിലപ്പെട്ട സംഭാവനയാണ് സഖാവ് കോടിയേരി ബാലകൃഷ്ണൻ എന്നും മുഖ്യമന്ത്രി കുറിച്ചു.അടിയന്തരവസ്ഥ കാലത്ത് കോടിയേരി നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ചും മുഖ്യമന്ത്രി ഓർമപ്പെടുത്തി.

ALSO READ:‘എല്ലാ മേഖലയിലും കോടിയേരിയുടെ കയ്യൊപ്പുണ്ട്, സര്‍വതലസ്പര്‍ശിയാണ് അദ്ദേഹം’; എം വി ഗോവിന്ദന്‍മാസ്റ്റര്‍

പ്രതികൂല സാഹചര്യങ്ങളെ ധീരമായി നേരിടാനുള്ള അസാമാന്യമായ മന:ശ്ശക്തിയും പ്രത്യയശാസ്ത്ര ദൃഢതയും കോടിയേരിക്കുണ്ടായിരുന്നു. മികച്ച ഭരണാധികാരിയും പാർലമെന്റേറിയനുമായി വ്യക്തിമുദ്ര പതിപ്പിക്കാനും കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കോടിയേരിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട് ഇനിയും മുന്നോട്ടുപോകാൻ നമുക്ക് സാധിക്കണം എന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്കിലെ അനുസ്മരണ കുറിപ്പ്

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികമാണ് ഇന്ന്. അദ്ദേഹത്തിന്റെ ചിരസ്മരണ ഒരു വഴിവിളക്കുപോലെ നമുക്ക് മുന്നിൽ ജ്വലിക്കുകയാണ്.
ഉറച്ച പ്രത്യയശാസ്ത്രബോധ്യവും വിട്ടുവീഴ്ചയില്ലാത്ത പാർടിക്കൂറും ഉജ്ജ്വലമായ സംഘടനാ ശേഷിയും ഒത്തുചേർന്ന നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. സംഘടനാ കാര്യങ്ങളിൽ കാർക്കശ്യമുള്ളപ്പോഴും ഇടപെടലുകളിലെ സൗമ്യതയായിരുന്നു ബാലകൃഷ്ണന്റെ സവിശേഷത. സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അവസാന കാലത്ത് അദ്ദേഹം പാർടി സംഘടനാകാര്യങ്ങളിൽ മുഴുകിയത്.
പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനം ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിനു നൽകിയ വിലപ്പെട്ട സംഭാവനയാണ് സഖാവ് കോടിയേരി ബാലകൃഷ്ണൻ. തലശ്ശേരി കലാപസമയത്ത് മതനിരപേക്ഷതയുടെ കാവലാളായി സമാധാനം പുനഃസ്‌ഥാപിക്കാൻ രംഗത്തിറങ്ങിയ കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തകരിൽ അന്നത്തെ വിദ്യാർത്ഥി നേതാവായ ബാലകൃഷ്ണനുമുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടും ഭരണകൂട ഭീകരതയിൽ ഒരിഞ്ചു തളരാതെ എസ്‌എഫ്‌ഐയെ മുന്നോട്ടു നയിച്ചു. ജനകീയ സമരങ്ങളുടെയും സംഘാടനങ്ങളുടേയും മൂശയിൽ വാർത്തെടുക്കപ്പെട്ട ബാലകൃഷ്ണൻ വളരെ പെട്ടെന്നു തന്നെ ശ്രദ്ധേയനായ കമ്മ്യൂണിസ്റ്റ് നേതാവായി വളരുകയായിരുന്നു.
പ്രതികൂല സാഹചര്യങ്ങളെ ധീരമായി നേരിടാനുള്ള അസാമാന്യമായ മന:ശ്ശക്തിയും പ്രത്യയശാസ്ത്ര ദൃഢതയും കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നു.
അതോടൊപ്പം മികച്ച ഭരണാധികാരിയും പാർലമെന്റേറിയനുമായി വ്യക്തിമുദ്ര പതിപ്പിക്കാനും കഴിഞ്ഞു. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും അദ്ദേഹത്തിന്റെ നിയമസഭാ പ്രസംഗങ്ങളെ എക്കാലത്തും രാഷ്ട്രീയ കേരളമാകെ ഉറ്റുനോക്കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിലും ടൂറിസം വകുപ്പിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിനു കഴിഞ്ഞു.
സഖാവ് കോടിയേരി നടന്നുതീർത്ത ജീവിതവഴികൾ ത്യാഗത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പാർടി കൂറിന്റെയും വലിയ മാതൃകകൾ നമുക്ക് കാണിച്ചുതരുന്നുണ്ട്. പാർടി നിരന്തരമായ വേട്ടയ്ക്കു വിധേയമായ സന്ദർഭങ്ങളിലെല്ലാം തന്നെ മുന്നിൽ നിന്ന് പ്രതിരോധിച്ചവരിലൊരാളാണ് സഖാവ്. ആ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട് ഇനിയും മുന്നോട്ടുപോകാൻ നമുക്ക് സാധിക്കണം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News