കേന്ദ്രം കേരളത്തെ ശത്രുക്കളുടെ പട്ടികയിൽ പെടുത്തിയിരിക്കുകയാണെന്നും ബിജെപിയ്ക്കും കേരളത്തിലെ ജനങ്ങളോട് ശത്രുത വർധിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലടക്കം കേന്ദ്രത്തിൻ്റെ അവഗണന തുടരുകയാണെന്നും പ്രധാനമന്ത്രി വന്നു സന്ദർശിച്ചു പോയിട്ടും ഒരു ചില്ലിക്കാശ് പോലും കേരളത്തിന് തന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനസഹായത്തിനായി കേരളം പ്രതീക്ഷയോടെ കാത്തിരുന്നിരുന്നു.
മറ്റു സംസ്ഥാനങ്ങൾക്കൊക്കെ കേന്ദ്രം സഹായം കൊടുത്തെന്നും എന്നാൽ കേരളത്തിന് തന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്താണ് കേരളത്തിൻ്റെ കുറവ്? ഈ രാജ്യത്തിൻ്റെ ഭാഗമല്ലേ കേരളം? കേരളത്തിന് എന്തെങ്കിലും കുറവുണ്ടോ? ഉണ്ടെങ്കിൽ അത് പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മേഖലയിലും തലയുയർത്തി നിൽക്കുകയാണ് കേരളം.
എന്തിനാണ് കേരളത്തിനോട് ഈ അവഗണനയെന്നും മുഖ്യമന്ത്രി ചോദിച്ചു. തുടർന്ന് സംസ്ഥാനത്തെ ബിജെപിയെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ‘ദുരന്തങ്ങൾ നടന്ന മറ്റു സംസ്ഥാനങ്ങളിൽ എല്ലാ പാർട്ടികളും കേന്ദ്രത്തിൻ്റെ സഹായം വേണമെന്ന് ഒന്നിച്ച് ആവശ്യപ്പെടുന്നവരാണ്. എന്നാൽ, നമ്മുടെ സംസ്ഥാനത്തെ സ്ഥിതി ആലോചിച്ചു നോക്കൂ, ഇവിടെ ബിജെപിക്ക് ജനങ്ങൾ പിന്തുണ നൽകുന്നില്ല. അതുകൊണ്ട് തന്നെ ബിജെപിക്ക് കേരളത്തിലെ ജനങ്ങളോട് ശത്രുത വർധിക്കുന്നു. ബിജെപി കേരളത്തിലെ ജനങ്ങളുടെ വികാരത്തിന് ഒപ്പമല്ല.
തെരഞ്ഞെടുപ്പിൽ പിന്തുണ കിട്ടുന്നില്ല എന്ന് കരുതി കേരളത്തിന് അർഹതപ്പെട്ടത് നൽകാതിരിക്കാമോ എന്നും കേരളം അർഹതപ്പെട്ടതാണ് ചോദിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹായം നൽകാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. തലയിൽ കൈവച്ച് സങ്കടപ്പെട്ടിരിക്കില്ല. ഈ നാട് അതിജീവിക്കും. പ്രളയകാലത്ത് അതി ജീവിച്ചില്ലേ, അതുതന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് എന്തൊക്കെ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടോ അതൊക്കെ ഈ സർക്കാർ നടപ്പിലാക്കുമെന്നും ലോകത്തിന് മാതൃകയായ ടൗൺഷിപ്പ്
വയനാട്ടിൽ നിർമിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: സഹോദരന്റെ ബിസിനസ് വമ്പന്‍ വിജയം; അസൂയ മൂത്ത യുവാവ് മോഷ്ടിച്ചത് ഒരു കോടിയിലധികം!
കോടതിയുടെ തീരുമാനം അധികം വൈകാതെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പുനരധിവാസത്തിനുള്ള വിശദമായ മൈക്രോ പ്രൊജക്ട് തയാറായിട്ടുണ്ടെന്നും ദുരന്ത ബാധിതരെ കേരളം കൈയൊഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, കേന്ദ്രത്തിൻ്റെ സഹായം വേണമെന്ന് ഇനിയും പറയുമെന്നും നമ്മൾ ഒരു സംസ്ഥാനമല്ലേ,
സംസ്ഥാനത്തിന് അവകാശപ്പെട്ടത് ചോദിക്കണ്ടേ അത് ഇനിയും ചോദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here