ജനാധിപത്യത്തിൽ വിശ്വസിക്കാത്ത ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുമായാണ് പ്രിയങ്കാഗാന്ധി വയനാട്ടിൽ മൽസരിക്കുന്നത്; മുഖ്യമന്ത്രി

ജനാധിപത്യത്തിൽ വിശ്വസിക്കാത്ത ജമാഅത്തെ  ഇസ്ലാമിയുടെ പിന്തുണയുമായാണ് പ്രിയങ്കാഗാന്ധി വയനാട്ടിൽ മൽസരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്ലാമിൻ്റെ സാമ്രാജ്യം സ്ഥാപിക്കാൻ ലക്ഷ്യം വെക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിക്കാർ. ജമാഅത്തെ ഇസ്ലാമിയെ രാജ്യത്തിന് പരിചയമില്ലാത്തതല്ല. എന്നാൽ കോൺഗ്രസ് നിലപാട് എന്താണ്? ജമാഅത്തെ ഇസ്ലാമി വെൽഫെയർ പാർട്ടിയെ ഒരു മറയാക്കി ഉപയോഗിക്കുകയാണ്. കശ്മീരിൽ തരിഗാമിക്കെതിരെ ബിജെപിയോടൊപ്പം ചേർന്ന് അവർ മത്സരിച്ചു. പക്ഷേ ജനങ്ങൾ തരിഗാമിയെ തെരഞ്ഞെടുക്കുകയാണ് ഉണ്ടായതെന്നും അവർക്ക് ഇപ്പോൾ യുഡിഎഫിനെ സഹായിക്കണമെന്ന് തോന്നിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗിൻ്റെ ദൗർബല്യം ജമാഅത്തെ ഇസ്ലാമി ഉപയോഗിക്കുകയാണ്. വർഗീയതക്ക് ന്യൂനപക്ഷവും ഭൂരിപക്ഷവും ഇല്ലെന്നും എല്ലാവരെയും എതിർക്കാനാവണമെന്നും നാലുവോട്ടല്ല, രാജ്യത്തിൻ്റെ ഐക്യം കാണാനാകണമെന്നും നാലു വോട്ടും രണ്ടു സീറ്റും കിട്ടാൻ ഇത്തരം ശക്തികളെ കൂട്ടുന്നത് ആത്മഹത്യാപരമാണെന്നും മുഖ്യമന്ത്രി തുടർന്ന് പറഞ്ഞു. ദീർഘകാലം അധികാരത്തിലിരുന്ന പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ, രാജ്യം അതിൻ്റെ തനതായ നിലപാട് ഉപേക്ഷിച്ച് പോകുമ്പോൾ കൃത്യമായ നിലപാട് സ്വീകരിയ്ക്കാൻ കോൺഗ്രസിന് കഴിയുന്നില്ല.

ALSO READ: ഭൂരിപക്ഷ- ന്യൂനപക്ഷ വർഗീയതകളിലൂടെ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്; ആർഎസ്എസ് വോട്ട് വേണ്ടെന്ന് പറയാൻ അവർക്ക് ആകുമോയെന്നും എംവി ഗോവിന്ദൻ മാസ്റ്റർ

വയനാട് തെരഞ്ഞെടുപ്പ് കോൺഗ്രസ് അടിച്ചേൽപ്പിച്ചതാണെന്നും രാഹുൽ ഗാന്ധി അമേരിക്കൻ പ്രീണനത്തിൽ നരേന്ദ്ര മോദിയോട് മത്സരിക്കുന്ന പോലെയാണ് ഇപ്പോൾ സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പോടെ കേവല ഭൂരിപക്ഷമില്ലാത്ത പാർട്ടിയായി മാറിയിരിക്കുകയാണ് ബിജെപി. അവർക്കിപ്പോൾ ഇസ്രയേലിനോടു നല്ല മമതയാണെന്നും സാമ്രാജ്യത്വ വിരുദ്ധനയം ഇപ്പോൾ ഇന്ത്യയ്ക്കില്ലെന്നും അമേരിക്കയോട് അത്രകണ്ട് വിധേയത്വമാണ് ഇപ്പോൾ ബിജെപി സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഇപ്പോൾ താൻ മലപ്പുറത്തെ ആക്ഷേപിച്ചു എന്നു പ്രചരിപ്പിക്കുകയാണ്. താനൊരു ഒരു ദേശത്തെയും ആക്ഷേപിച്ചിട്ടില്ല. തെളിമയാർന്ന നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. മലപ്പുറം രൂപീകരിച്ചപ്പോൾ കുട്ടി പാക്കിസ്താൻ എന്നു വിളിച്ചത് ആരാണെന്ന് മറക്കുമോ എന്നും  പച്ചക്കള്ളം അവർ ആവർത്തിച്ചു പറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെങ്കിലും വിടുവായത്തം പറയുന്നത് ഏറ്റെടുക്കുന്നതാണോ ഉത്തരവാദ രാഷ്ട്രീയ പ്രവർത്തനം?  ജനങ്ങളെ തെറ്റായ വഴിയ്ക്ക് വർഗീയമായി ചിന്തിപ്പിയ്ക്കാൻ പ്രേരിപ്പിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നതെന്നും ലീഗിന് ലീഗിൻ്റേതായ വിഷമമുണ്ടാവാമെന്നും എന്നാൽ,  ആർഎസ്എസ് വോട്ട് വേണ്ട എന്നു പറയാൻ അവർക്ക് സാധിക്കുമോ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News