ഒരു നാടിനെയാകെ ഒന്നിപ്പിച്ച് സുരക്ഷാ സേനാംഗങ്ങളിലൂടെ യാഥാർഥ്യമാക്കിയ സ്നേഹ വീടിൻ്റെ താക്കോൽദാനം മനസ്സിനെ ആഴത്തിൽ സ്പർശിച്ചു; മുഖ്യമന്ത്രി

pinarayi vijayan

ഒരു നാടിനെയാകെ ഒന്നിപ്പിച്ച് തൻ്റെ സുരക്ഷാ സേനാംഗങ്ങളിലൂടെ യാഥാർഥ്യമാക്കിയ സ്നേഹ വീടിൻ്റെ താക്കോൽദാനം മനസ്സിനെ ആഴത്തിൽ സ്പർശിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗങ്ങൾ ചേർന്ന് നിർമിച്ച വീടിൻ്റെ താക്കോൽദാനം നിർവഹിച്ചതിൻ്റെ അനുഭവം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച് എഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ:

അടച്ചുറപ്പുള്ള വീടിൻ്റെ സുരക്ഷിതത്വമെന്നത് പലർക്കും മനുഷ്യായുസ്സ് മുഴുവൻ നീണ്ട കഠിന പ്രയത്നങ്ങളുടെ സാക്ഷാത്കാരമാണ്. വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സാധിക്കാതെ പോകുന്നവരും നമുക്ക് ചുറ്റുമുണ്ട്. പലരുടെയും ഈ നിസ്സഹായത തിരിച്ചറിഞ്ഞു വീട് നിർമിക്കാൻ നാടിന് സുരക്ഷയൊരുക്കുന്ന പൊലീസ് സേനാംഗങ്ങൾ മുന്നോട്ടുവരുന്ന അനുഭവം നമ്മുടെ സാഹോദര്യത്തിന്റെയും പരസ്പര സ്നേഹത്തിൻ്റെയും പ്രതിഫലനമാണ്.

ALSO READ: വിട്ടൊഴിയാത്ത അസഹിഷ്ണുത, പാലക്കാട് ക്രിസ്മസ് ആഘോഷത്തിനായി ഒരുക്കിയ പുൽക്കൂട് തകർത്തു

കൊല്ലം ജില്ലയിലെ കടയ്ക്കൽ ഗവ. വിഎച്ച്എസ്എസിലെ മിടുക്കരായ വിദ്യാർഥികൾക്കും അമ്മയ്ക്കും മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗങ്ങൾ വീടൊരുക്കിയത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. 64 പേരടങ്ങുന്ന സുരക്ഷാ സേനാംഗങ്ങളും പേഴ്സണൽ അസിസ്റ്റൻ്റും ചേർന്ന കൂട്ടായ്മയാണ് തങ്ങളുടെ വരുമാനത്തിൽ നിന്നുള്ള ഒരു ഭാഗം വീട് നിർമാണത്തിനായി മാറ്റി വെച്ചത്. അസുഖബാധിതയായ അമ്മ മാത്രമുള്ള ഈ കുഞ്ഞുങ്ങളുടെ സാഹചര്യങ്ങൾ മനസ്സിലാക്കി സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വീട് നിർമാണത്തിനായുള്ള സ്ഥലം കണ്ടെത്തുകയായിരുന്നു.

ഒരു നാടാകെ ഒന്നിച്ചു നിന്നുകൊണ്ട് യാഥാർഥ്യമാക്കിയ ഈ സ്‌നേഹ വീടിൻ്റെ താക്കോൽദാനത്തിന് പങ്കുചേർന്നത് മനസ്സിനെ ആഴത്തിൽ സ്പർശിച്ച അനുഭവമായിരുന്നു. വീട് നിർമിക്കാൻ മുന്നോട്ടുവന്ന സുരക്ഷാ ജീവനക്കാർക്ക് അഭിനന്ദനങ്ങൾ. രണ്ട് പെൺകുട്ടികളും മാതാവും അടങ്ങുന്ന കുടുംബത്തെ ചേർത്തുനിർത്തിയ നാട്ടുകാർക്കും ആശംസകൾ.

പ്രതിസന്ധികളിലും വെല്ലുവിളികളിലും ഒറ്റപ്പെട്ട് പോകുന്നവരെ ചേർത്തുപിടിക്കുന്നതാണ് ഈ നാടിൻ്റെ പാരമ്പര്യം. ഇവിടെയാരും ഒറ്റപ്പെട്ടു പോകില്ലെന്നത് വെറും വാക്കല്ല, ഒരു ജനതയെന്ന നിലയ്ക്ക് നാം അടിയുറച്ചു വിശ്വസിക്കുന്ന ഉറപ്പാണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News