അസാധ്യമായിരുന്നത് നിരന്തര ഇടപെടലിലൂടെ സർക്കാർ ഫുട്ബോൾ പ്രേമികൾക്കായി സമ്മാനിച്ചു, അർജൻ്റീനൻ ടീമിൻ്റെ കേരള സന്ദർശനത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

ലോകം അത്ഭുതാദരങ്ങളോടെ നോക്കുന്ന കേരളത്തിൻ്റെ ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമായിരിക്കുകയാണ് ലോക ചാംപ്യൻമാരായ അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ കേരള സന്ദർശനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പിലാണ് സന്ദർശനത്തെ ഇത്തരത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ഫുട്ബോളിനെ ഹൃദയത്തോടു ചേർത്ത നാടാണ് കേരളം. ദേശരാഷ്ട്രങ്ങളുടെ അതിർവരമ്പുകളെല്ലാം ഭേദിച്ച് പടരുന്ന സ്നേഹമാണ് നമുക്ക് ഫുട്ബോളിനോടുള്ളത്. ലോകം അദ്ഭുതാദരങ്ങളോടെ നോക്കുന്ന കേരളത്തിൻ്റെ ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമാവുകയാണ് അടുത്ത വർഷം ലോക ചാമ്പ്യന്മാരായ അർജൻ്റീന ദേശീയ ടീം നടത്തുന്ന കേരള സന്ദർശനം. ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ലയണൽ മെസിയും ടീമിനൊപ്പം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: ആന്‍റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിർവഹിച്ചു

അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ ഈ സമ്മാനം കേരളത്തിലെ സ്പോർട്സ് പ്രേമികൾക്ക് നൽകാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിൻ്റെ നിരന്തരമായ ഇടപെടൽ കൊണ്ടു മാത്രമാണ്. സാമ്പത്തികച്ചെലവുകൾ വഹിക്കാൻ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്. തുടക്കം മുതലേ അനുകൂല നിലപാട് സ്വീകരിച്ച അർജൻ്റീനിയൻ ഫുട്ബോൾ അസോസിയേഷൻ അധികൃതർ ഒന്നര മാസത്തിനകം കേരളത്തിലെത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോക സ്പോർട്സ് ഭൂപടത്തിൽ കേരളത്തിൻ്റെ പേര് ഉറക്കെ മുഴങ്ങിക്കേൾക്കുന്ന ഒരു നിമിഷമായിരിക്കുമത്. കേരളത്തിൻ്റെ കായിക സംസ്കാരത്തിനും കായിക മേഖലയ്ക്കും പുത്തനുണർവ് പകരാൻ അർജൻ്റീന ടീമിൻ്റെ സന്ദർശനത്തിന് സാധിക്കും. മെസ്സിക്കും കൂട്ടർക്കും ഊഷ്മളമായ വരവേൽപ്പു സമ്മാനിക്കാൻ നാടാകെ ആവേശപൂർവം ഒരുമിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here